സാങ്കേതികവിദ്യ, കഴിവുകൾ, ദേശീയ ലക്ഷ്യം എന്നിവ ഒരുമിച്ച് നീങ്ങേണ്ട നിർണായക ഘട്ടത്തിലേക്ക് ഇന്ത്യ കടക്കുകയാണ് എന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. അടുത്ത തലമുറ നിർമിതബുദ്ധിയുടെ യുഗത്തിലേക്ക് ഉയർന്നുവന്ന് നയിക്കണമെന്നും മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിദ്യാ പ്രതിഷ്ഠാന്റെ ശരദ് പവാർ സെന്റർ ഓഫ് എക്സലൻസ് ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (CoE-AI) ഉദ്ഘാടന വേളയിൽ അദ്ദേഹം ആഹ്വാനം ചെയ്തു.

ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് മേഖലയിൽ യുവാക്കളുടെ കഴിവുകൾ വികസിപ്പിക്കാനുള്ള ഇന്ത്യയുടെ നീക്കം പ്രശംസനീയമാണ്. സാമ്പത്തിക വളർച്ച, ദേശീയ ശേഷി, തൊഴിൽ മേഖല എന്നിവയെ കൃത്രിമ ബുദ്ധി അടിമുടി മാറ്റുന്ന ഒരു നിർണായക ഘട്ടത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. കേവലം സാങ്കേതിക വിദ്യയുടെ ഉപയോക്താക്കൾ എന്നതിലുപരി, ഇന്ത്യയുടെ ദേശീയ മുൻഗണനകൾക്കനുസരിച്ചുള്ള ഇന്റലിജൻസ് സംവിധാനങ്ങളുടെ നിർമ്മാതാക്കളായി മാറാൻ ഇന്ത്യൻ യുവാക്കൾ തയ്യാറാകണം. വ്യാവസായിക-ഡിജിറ്റൽ വിപ്ലവങ്ങൾക്ക് ശേഷമുള്ള മനുഷ്യ പുരോഗതിയിലെ ഏറ്റവും വലിയ കുതിച്ചുചാട്ടമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. രാജ്യത്തിന്റെ മുൻഗണനകൾ മനസിൽ വെച്ചുകൊണ്ട് വേണം യുവാക്കൾ കൃത്രിമ ബുദ്ധിയെ നയിക്കാനും നവീകരിക്കാനും- അദ്ദേഹം പറഞ്ഞു.
ചരിത്രം പരിശോധിച്ചാൽ പുതിയ സാങ്കേതിക വിദ്യകൾ എപ്പോഴും തുടക്കത്തിൽ ആശങ്കകൾ ഉണ്ടാക്കാറുണ്ടെങ്കിലും, അവ ആത്യന്തികമായി കൂടുതൽ അവസരങ്ങളാണ് സൃഷ്ടിക്കാറുള്ളതെന്ന് ഗൗതം അദാനി ചൂണ്ടിക്കാട്ടി. യന്ത്രവൽക്കരണം, വൈദ്യുതീകരണം, കമ്പ്യൂട്ടറുകൾ എന്നിവ പോലെ എഐയും സാധാരണ പൗരന്മാരുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കും. ആധാർ, ജൻ ധൻ, യുപിഐ എന്നിവ ഇന്ത്യയുടെ ഡിജിറ്റൽ മുഖച്ഛായ മാറ്റിയതുപോലെ, എഐ എന്നത് പൗരന്മാരുടെ തീരുമാനങ്ങൾ വേഗത്തിലാക്കാനും പുതിയ സംരംഭകത്വം വളർത്താനും സഹായിക്കുന്ന അടിസ്ഥാന ഘടകമായി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയെ പുകഴ്ത്തി എൻസിപി (എസ്പി) നേതാവ് ശരദ് പവാർ. ഇന്ത്യയിലെ ചെറുപ്പക്കാർക്ക് മാതൃകയാക്കാവുന്ന വ്യക്തിയാണ് അദാനിയെന്നും പവാർ പറഞ്ഞു. ഗുജറാത്തിൽ നിന്നും മുംബൈയിലെത്തിയ അദ്ദേഹം എളിയ തുടക്കത്തിൽ നിന്നാണ് തന്റെ യാത്ര ആരംഭിച്ചത്. ഇന്ന് അദ്ദേഹത്തിന്റെ ബിസിനസ് 23 സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. ഇത് കഠിനാധ്വാനം കൊണ്ടുള്ള നേട്ടമാണ്, അത് ഏവർക്കും മാതൃകയാണ്-അദ്ദേഹം പറഞ്ഞു. ശരദ് പവാറിനെ തന്റെ ഗുരുവായി വിശേഷിപ്പിച്ച അദാനി, നിലത്തുനിന്നുള്ള യാഥാർത്ഥ്യങ്ങളെ ദേശീയ അജണ്ടയുമായി ചേർത്തുനടത്താൻ കഴിവുള്ള മുതിർന്ന രാഷ്ട്രീയനേതാവാണ് അദ്ദേഹമെന്നും അദാനി കൂട്ടിച്ചേർത്തു.
Adani Group Chairman Gautam Adani calls on Indian youth to lead the Artificial Intelligence revolution. Speaking at the CoE-AI inauguration in Baramati, he emphasized AI’s role in India’s economic growth and productivity.
