സർക്കാർ പ്രോത്സാഹന പദ്ധതികളിലൂടെയും ബിസിനസ് എളുപ്പമാക്കുന്നതിനുള്ള സാമ്പത്തിക പരിഷ്കാരങ്ങളിലൂടെയും 2025ൽ ഇന്ത്യയുടെ ടെക്സ്റ്റൈൽസ് മേഖല നിക്ഷേപത്തിലും കയറ്റുമതിയിലും കുതിച്ചുചാട്ടം രേഖപ്പെടുത്തി. 2027-28 വരെയുള്ള ഏഴ് വർഷത്തേക്ക് 4,445 കോടി രൂപ വകയിരുത്തി, പ്ലഗ് ആൻഡ് പ്ലേ സൗകര്യം ഉൾപ്പെടെ ലോകോത്തര അടിസ്ഥാന സൗകര്യങ്ങളോടെ ഏഴ് പിഎം മെഗാ ഇന്റഗ്രേറ്റഡ് ടെക്സ്റ്റൈൽ റീജിയൺ ആൻഡ് അപ്പാരൽ (PM MITRA) പാർക്കുകൾ സ്ഥാപിക്കാനാണ് സർക്കാർ അംഗീകാരം നൽകിയിരിക്കുന്നത്.

തമിഴ്നാട്ടിലെ വിരുധ്നഗർ, തെലങ്കാനയിലെ വാറങ്കൽ, ഗുജറാത്തിലെ നവ്സാരി, കർണാടകയിലെ കൽബുർഗി, മധ്യപ്രദേശിലെ ധാർ, ഉത്തർപ്രദേശിലെ ലഖ്നൗ, മഹാരാഷ്ട്രയിലെ അമരാവതി എന്നിവിടങ്ങളിലാണ് പിഎം മിത്ര പാർക്കുകൾ വരികയെന്ന് ടെക്സ്റ്റൈൽസ് മന്ത്രാലയം അറിയിച്ചു. ഇതിനായി ഇതുവരെ, 27434 കോടി രൂപയിലധികം നിക്ഷേപ സാധ്യതയുള്ള ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. 100 ശതമാനം ഭൂമിയും ഏറ്റെടുത്ത് കൈമാറി. കേന്ദ്രം സ്ഥലങ്ങൾ അംഗീകരിച്ചതിനുശേഷം, ഏഴ് സംസ്ഥാന സർക്കാരുകളും പാർക്ക് ഗേറ്റുകൾ ആരംഭിക്കുന്നതുവരെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി 2,590.99 കോടി രൂപയുടെ അടിസ്ഥാന സൗകര്യ പ്രവർത്തനങ്ങൾ നടത്തി.
ഇതിനുപുറമേ ഗവേഷണം, വിപണി വികസനം, വിദ്യാഭ്യാസം, കയറ്റുമതി പ്രോത്സാഹനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് 1,480 കോടി രൂപ ചിലവിൽ നാഷണൽ ടെക്നിക്കൽ ടെക്സ്റ്റൈൽസ് മിഷൻ (NTTM) സർക്കാർ ആരംഭിച്ചിട്ടുണ്ട്. വിവിധ ദേശീയ പരിപാടികളിലും തന്ത്രപരമായ രംഗങ്ങളിലും ടെക്നിക്കൽ ടെക്സ്റ്റൈൽസ് ഉപയോഗം വർദ്ധിപ്പിക്കുക എന്നതാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. 2024-25ൽ കരകൗശല വസ്തുക്കൾ ഉൾപ്പെടെയുള്ള തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും കയറ്റുമതി 37.8 ബില്യൺ ഡോളറിലെത്തി. മുൻ വർഷത്തെ അപേക്ഷിച്ച് 5 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയതിനൊപ്പം 28.2 ബില്യൺ ഡോളറിന്റെ ശക്തമായ ട്രേഡ് സർപ്ലസും കൈവരിച്ചു.
യുഎസ്, യൂറോപ്യൻ യൂണിയൻ, യുകെ തുടങ്ങിയ പരമ്പരാഗത വിപണികളിലേക്കായിരുന്നു 2025ലെ ടെക്സ്റ്റൈൽ കയറ്റുമതിയുടെ 55 ശതമാനവും. ബംഗ്ലാദേശ്, യുഎഇ, ശ്രീലങ്ക, ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് 20 ശതമാനം കയറ്റുമതി നടന്നു. 33 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 500ലധികം ജില്ലകൾ സജീവമായി നിർമാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ, 100 ബില്യൺ ഡോളർ കയറ്റുമതിയാണ് വിഷൻ 2030ലൂടെ ടെക്സ്റ്റൈൽസ് മന്ത്രാലയം ലക്ഷ്യമിടുന്നത്. മെച്ചപ്പെട്ട വ്യാപാര പങ്കാളിത്തം, വിപണി വൈവിധ്യവൽക്കരണം, നവീകരണത്തിലും സുസ്ഥിരതയിലും ശക്തമായ ശ്രദ്ധ കേന്ദ്രീകരിക്കൽ എന്നിവയിലൂടെയാകും ഇന്ത്യൻ ടെക്സ്റ്റൈൽസ് വിപണിയുടെ മുന്നോട്ടുള്ള യാത്ര.
India’s textile sector sees a massive boost in 2025 with ₹27,434 crore investment via PM MITRA parks and exports reaching $37.8 billion. Learn about the growth in technical textiles and the vision for 2030
