ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (BNP) നേതാവും രാജ്യത്തിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയുമായ ഖാലിദ സിയയുടെ നിര്യാണത്തോടെ, ദക്ഷിണേഷ്യൻ രാഷ്ട്രീയത്തിലെ ശക്തമായ സ്ത്രീ സാന്നിധ്യമാണ് നഷ്ടമാകുന്നത്. ബംഗ്ലാദേശിന്റെ ജനാധിപത്യ ചരിത്രത്തിലെ നിർണായക ഘട്ടങ്ങളിൽ നേതൃത്വം നൽകിയ ഖാലിദ സിയ, പതിറ്റാണ്ടുകളോളം രാജ്യത്തിന്റെ രാഷ്ട്രീയധാരയെ സ്വാധീനിച്ച വ്യക്തിയായിരുന്നു. 1945 ഓഗസ്റ്റ് 15ന് ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാൾ പ്രവിശ്യയിലെ (ഇപ്പോൾ പശ്ചിമ ബംഗാൾ) ജൽപൈഗുരിയിലാണ് ഖാലിദ സിയ ജനിച്ചത്. ഇന്ത്യയുമായി സാംസ്കാരികവും ചരിത്രപരവുമായ ബന്ധങ്ങൾ സ്വാഭാവികമായി ഉൾക്കൊണ്ട പശ്ചാത്തലത്തിൽ വളർന്ന അവർ, പിന്നീട് ബംഗ്ലാദേശ് രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി മാറുകയായിരുന്നു.

ഖാലിദ സിയയുടെ ഭരണകാലങ്ങളിൽ (1991–96, 2001–06) ഇന്ത്യ–ബംഗ്ലാദേശ് ബന്ധം പ്രവർത്തനപരമായി നിലനിന്നിരുന്നുവെങ്കിലും, ആഴത്തിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർന്നില്ല. അതിർത്തി സുരക്ഷ, വടക്കുകിഴക്കൻ ഇന്ത്യയിലെ ഇൻസർജന്റ് സംഘങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ, ചൈന–പാകിസ്ഥാൻ സമീപനം എന്നിവ കാരണം ഉഭയകക്ഷി ബന്ധം പല ഘട്ടങ്ങളിലും ഉരസലുകളിലൂടെ കടന്നുപോയി. എന്നിരുന്നാലും, ദക്ഷിണേഷ്യൻ രാഷ്ട്രീയത്തിലെ പ്രധാന അച്ചുതണ്ടായി ഇന്ത്യ–ബംഗ്ലാദേശ് ബന്ധം തുടരുകയായിരുന്നു.
1977ൽ ഭർത്താവും ബിഎൻപി സ്ഥാപകനുമായ സിയാവുർ റഹ്മാൻ പ്രസിഡന്റായതോടെയാണ് ഖാലിദ സിയ ദേശീയ ശ്രദ്ധയിൽവരുന്നത്. 1981ൽ സൈനിക അട്ടിമറിയിലൂടെ സിയാവുർ റഹ്മാൻ കൊല്ലപ്പെട്ടതോടെ, രാഷ്ട്രീയത്തിലേക്ക് സജീവമായി ഇറങ്ങിയ ഖാലിദ സിയ, സൈനിക ഭരണത്തിനെതിരെ ശക്തമായ ജനകീയ പ്രസ്ഥാനം കെട്ടിപ്പടുത്തു. ഈ പ്രക്ഷോഭമാണ് 1990ൽ സ്വേച്ഛാധിപത്യ ഭരണത്തിന് അന്ത്യം കുറിക്കുകയും, ബംഗ്ലാദേശിൽ വീണ്ടും ജനാധിപത്യ തിരഞ്ഞെടുപ്പുകൾക്ക് വഴിയൊരുക്കുകയും ചെയ്തത്.
1991ലെ പൊതുതിരഞ്ഞെടുപ്പിൽ വിജയിച്ച് ഖാലിദ സിയ ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി അധികാരത്തിലെത്തി. 1996 വരെ അവർ ഈ പദവി വഹിച്ചു. തുടർന്ന് 2001ൽ വീണ്ടും അധികാരത്തിലേറി 2006 വരെ രാജ്യത്തെ നയിച്ചു. ഖാലിദ സിയയും ഷെയ്ഖ് ഹസീനയും തമ്മിലുള്ള ദീർഘകാല രാഷ്ട്രീയ വൈരമാണ് കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ബംഗ്ലാദേശ് രാഷ്ട്രീയത്തെ നിർവചിച്ച പ്രധാന ഘടകങ്ങളിലൊന്ന്.
2018ൽ ഷെയ്ഖ് ഹസീന സർക്കാറിന്റെ കാലത്ത് അഴിമതി കേസുകളിൽ ഖാലിദ സിയയെ ജയിലിലടച്ചു. കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു ബിഎൻപിയുടെ ആരോപണം. ആരോഗ്യനില മോശമായതിനെ തുടർന്ന് 2019ൽ അവരെ ആശുപത്രിയിലേക്ക് മാറ്റി, പിന്നീട് മാനുഷിക പരിഗണനയുടെ പേരിൽ വീട്ടുതടങ്കലിലാക്കി. 2024 നവംബറിൽ സുപ്രീം കോടതി ഖാലിദ സിയയെ കുറ്റവിമുക്തയാക്കി. ഇതോടെ അവരുടെ രാഷ്ട്രീയ തിരിച്ചുവരവിനെക്കുറിച്ചുള്ള ചർച്ചകൾ ശക്തമായി. ഈ വർഷം ആദ്യം യുകെയിൽ ചികിത്സ പൂർത്തിയാക്കി അവർ ബംഗ്ലാദേശിലേക്ക് മടങ്ങിയിരുന്നു. സിയാവുർ റഹ്മാന്റേയും ഖാലിദയുടേയും മൂത്ത മകൻ താരിഖ് റഹ്മാൻ നിലവിൽ ബിഎൻപിയുടെ ആക്ടിംഗ് ചെയർമാനാണ്. സഹോദരി ഖുർഷിദ് ജഹാൻ, സഹോദരൻ സയീദ് ഇസ്കന്ദർ എന്നിവരുൾപ്പെടെ കുടുംബത്തിലെ നിരവധി അംഗങ്ങൾ രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു.
ജനാധിപത്യത്തിനായുള്ള പോരാട്ടത്തിന്റെയും സ്ത്രീ നേതൃത്തിന്റെ ശക്തമായ പ്രതീകവുമായാണ് ഖാലിദ സിയ ബംഗ്ലാദേശ് ചരിത്രത്തിൽ നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെ അവരുടെ വിടവാങ്ങലോടെ, ദക്ഷിണേഷ്യൻ രാഷ്ട്രീയത്തിലെ നിർണായക അധ്യായം കൂടിയാണ് അവസാനിക്കുന്നത്.
Khaleda Zia, the first female Prime Minister of Bangladesh and leader of the BNP, has passed away. Born in Jalpaiguri, India, her life journey defined Bangladeshi democracy and its complex ties with India. Read more about her political legacy.
