പ്രതിരോധ രംഗത്തെ സ്വാധീനം കൂട്ടാൻ ഭാരത് ഫോർജ് ലിമിറ്റഡ് (Bharat Forge Ltd). കോംപണന്റ് നിർമാതാക്കളായ കമ്പനി, ഇന്ത്യൻ സൈന്യത്തിന് 255,128 സിക്യുബി കാർബൈനുകൾ വിതരണം ചെയ്യുന്നതിനായി പ്രതിരോധ മന്ത്രാലയവുമായി 1,661.9 കോടി രൂപയുടെ കരാറിലാണ് ഒപ്പിട്ടിരിക്കുന്നത്. അഞ്ച് വർഷത്തിനുള്ളിലാണ് ഓർഡർ നടപ്പിലാക്കുക. ആർമമെന്റ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് (ARDE), ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (DRDO), ഭാരത് ഫോർജ് ലിമിറ്റഡ് എന്നിവ സംയുക്തമായി വികസിപ്പിച്ചെടുത്ത തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചതും നിർമ്മിച്ചതുമായ (IDDM) കോംപാക്റ്റ് ഗണ്ണാണ് 5.56 x 45 mm ക്ലോസ് ക്വാർട്ടർ ബാറ്റിൽ (CQB) കാർബൈൻ.

മെറ്റൽ ഫോർജിംഗ് ബിസിനസിന് പേരുകേട്ട ഇന്ത്യൻ കമ്പനിയായ ഭാരത് ഫോർജ് ഏകദേശം ഒരു ദശാബ്ദം മുമ്പാണ് ഡിഫൻസ് ഉപകരണ നിർമാണത്തിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനമെടുത്തത്. ആർട്ടില്ലറി ഗൺ നിർമാണത്തിനായിരുന്നു കമ്പനി മുൻഗണന നൽകിയത്. 2012ൽ ഡൽഹിയിൽ നടന്ന ഡിഫൻസ് എക്സിബിഷനിലാണ് ഭാരത് ഫോർജ് തങ്ങളുടെ ആദ്യ ആർട്ടില്ലെറി ഗൺ പുറത്തിറക്കിയത്. 2014നു ശേഷം ഡിഫൻസ് എക്വിപ്മെന്റുകൾ നിർമിക്കാൻ സ്വകാര്യ കമ്പനികൾക്കും അവസരം ലഭിച്ചതോടെ, ഭാരത് ഫോർജ് പ്രതിരോധ രംഗത്ത് സജീവമായി.
ഇന്ന്, ഇറക്കുമതിയുടെ പകുതി വിലയ്ക്ക് നൂതന ആയുധങ്ങൾ ഉത്പാദിപ്പിക്കുന്നതിലേക്ക് ഭാരത് ഫോർജ് വളർന്നിരിക്കുന്നു. ഭാരത് 52 ഹൊവിറ്റ്സർസ്, അഡ്വാൻസ്ഡ് ടോവ്ഡ് ആർടില്ലറി ഗൺ സിസ്റ്റം (ATAGS), മൾട്ടി ടെറൈൻ ആർട്ടില്ലറി ഗണ്ണായ MArG എന്നിവയിലൂടെ ഭാരത് ഫോർജ് ജൈത്രയാത്ര തുടരുന്നു. ഇതിനുപുറമേ കല്യാണി എം4 പോലുള്ള പ്രൊട്ടക്റ്റഡ് വെഹിക്കിൾസ്, കോമ്പാക്റ്റ് വെഹിക്കിൾസ്, നേവൽ ഗൺസ്, സ്മോൾ ആർമ്സ്, എയർ ഡിഫൻസ് സൊല്യൂഷൻസ് തുടങ്ങിയവയിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
Bharat Forge signs a massive ₹1,661.9 crore contract with the Defence Ministry to supply 255,128 indigenous CQB carbines. A major boost for ‘Make in India’ in defense.
