ജപ്പാനെ പിന്തള്ളി ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായതായി കേന്ദ്രസർക്കാർ അറിയിച്ചു. വർഷാന്ത്യ സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം 4.18 ലക്ഷം കോടി ഡോളർ (4.18 ട്രില്യൻ ഡോളർ) ജിഡിപി മൂല്യത്തോടെയാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. ഇതോടെ 2022ൽ യുകെയെ മറികടന്ന് അഞ്ചാം സ്ഥാനത്തെത്തിയതിന് ശേഷം ഇന്ത്യയുടെ മുന്നേറ്റം മറ്റൊരു നിർണായക ഘട്ടത്തിലെത്തി.

അടുത്ത രണ്ടര മുതൽ മൂന്ന് വർഷത്തിനകം ജർമനിയെയും മറികടക്കുക എന്നതാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. 2030ഓടെ ഇന്ത്യയുടെ ജിഡിപി മൂല്യം 7.3 ലക്ഷം കോടി ഡോളറായി ഉയരുമെന്നാണ് വിലയിരുത്തൽ. യുഎസും ചൈനയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ തുടരുമ്പോൾ, ജപ്പാനെ മറികടന്ന് ഇന്ത്യ നാലാം സ്ഥാനത്തെത്തിയതോടെ ആഗോള സാമ്പത്തിക ഭൂപടത്തിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ ശക്തമായി. അതേസമയം, ഐഎംഎഫിന്റെ ഔദ്യോഗിക കണക്കുകൾ പുറത്തുവന്നാൽ മാത്രമേ ഇന്ത്യ നാലാം സ്ഥാനത്തെത്തിയെന്ന അവകാശവാദം അന്തിമമായി സ്ഥിരീകരിക്കപ്പെടുകയുള്ളൂ. ഐഎംഎഫിന്റെ മുൻ റിപ്പോർട്ടുകൾ പ്രകാരം 2026ൽ ഇന്ത്യയുടെ ജിഡിപി 4.51 ലക്ഷം കോടി ഡോളറിലേക്കും, ജപ്പാന്റേത് 4.46 ലക്ഷം കോടി ഡോളറിലേക്കും എത്തുമെന്നാണ് കണക്കാക്കിയിരുന്നത്.
ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ വളർച്ചാ യാത്രയും ശ്രദ്ധേയമാണ്. 2015ൽ 2.1 ലക്ഷം കോടി ഡോളർ മാത്രമായിരുന്ന ജിഡിപി, 2019ൽ 2.8 ലക്ഷം കോടി ഡോളറായി ഉയർന്നു. കോവിഡിനെത്തുടർന്ന് 2020ൽ 2.6 ലക്ഷം കോടി ഡോളറായി ഇടിഞ്ഞെങ്കിലും, പിന്നീട് അതിവേഗം തിരിച്ചുകയറി 2021ൽ 3.1 ലക്ഷം കോടി, 2024ൽ 3.9 ലക്ഷം കോടി ഡോളർ എന്ന നിലയിലേക്കെത്തി. 2025ൽ 4 ലക്ഷം കോടി ഡോളർ എന്ന നിർണായക പരിധിയും ഇന്ത്യ മറികടന്നു. 2028ൽ 5 ലക്ഷം കോടി ഡോളർ സമ്പദ്വ്യവസ്ഥ എന്ന ലക്ഷ്യത്തിലേക്കാണ് അടുത്ത കുതിപ്പ്. ഈ സാമ്പത്തികവർഷത്തിലും ഇന്ത്യ ശക്തമായ വളർച്ച തുടരുകയാണ്. ജൂലൈ–സെപ്റ്റംബർ കാലയളവിലെ രണ്ടാം പാദത്തിൽ 8.2 ശതമാനം ജിഡിപി വളർച്ച രേഖപ്പെടുത്തി ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്വ്യവസ്ഥ എന്ന സ്ഥാനം നിലനിർത്തി. ആദ്യ പാദത്തിലെ വളർച്ച 7.8 ശതമാനമായിരുന്നു, നടപ്പുവർഷം മുഴുവൻ ഇന്ത്യയുടെ പ്രതീക്ഷിക്കുന്ന ശരാശരി വളർച്ച 7.3 ശതമാനം ആണ്.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ 50 ശതമാനം തീരുവ പോലുള്ള ആഗോള വെല്ലുവിളികൾ നിലനിൽക്കുമ്പോഴാണ് ഇന്ത്യ ഈ മുന്നേറ്റം നടത്തിയത് എന്നതും ശ്രദ്ധേയമാണ്. ഉപഭോഗ വർധന, ജിഎസ്ടി 2.0 ഇളവുകൾ, ഭേദപ്പെട്ട ക്രൂഡ് ഓയിൽ വില, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മൂലധനച്ചെലവിലെ വർധന, കുറഞ്ഞ പണപ്പെരുപ്പം, പലിശനിരക്കിലെ കുറവ് എന്നിവയാണ് വളർച്ചയ്ക്ക് കരുത്തായത്. അടുത്ത രണ്ട് വർഷങ്ങളിലും ജി20 രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന സാമ്പത്തിക വളർച്ച ഇന്ത്യക്കായിരിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. 2047ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുക എന്ന ദീർഘകാല ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ, ആഗോള വ്യാപാര രംഗത്തെ അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ത്യ കൈവരിച്ച ഈ നേട്ടം വലിയ ആത്മവിശ്വാസം നൽകുന്നതായാണ് വിലയിരുത്തപ്പെടുന്നത്.
India officially surpasses Japan to become the world’s 4th largest economy in 2025. With a GDP of $4.18 trillion, discover the growth story, future targets, and economic factors driving this historic milestone.
