കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടേയും വ്യവസായി റോബർട്ട് വാദ്രയുടേയും മകനായ റൈഹാൻ വാദ്രയുടെ വിവാഹം നിശ്ചയിച്ചു. ഏഴുവർഷത്തോളം നീണ്ട ബന്ധത്തിന് ശേഷമാണ് ഡൽഹി സ്വദേശിനി അവീവ ബെയ്ഗുമായി വിവാഹനിശ്ചയം നടന്നിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ ഇരുവരുടേയും കരിയറും പ്രൊഫഷനുമെല്ലാം വാർത്തകളിൽ നിറയുകയാണ്.
25കാരനായ റൈഹാൻ, കുടുംബത്തിന്റെ രാഷ്ട്രീയ പാരമ്പര്യത്തിൽ നിന്ന് മാറി ആർട്ട്, ഫോട്ടോഗ്രഫി തുടങ്ങിയവയിൽ ശ്രദ്ധപുലർത്തുന്നു. വിഷ്വൽ ആർട്ടിസ്റ്റും ക്യൂറേറ്ററുമായ അദ്ദേഹം raihanrvadra.com എന്ന വെബ്സൈറ്റിലൂടെ തന്റെ വർക്കുകൾ പ്രദർശിപ്പിക്കുന്നു. 2021ലാണ്, റൈഹാൻ തന്റെ ആദ്യ സോളോ എക്സിബിഷൻ ‘ഡാർക്ക് പെർസെപ്ഷൻ’ നടത്തിയത്. കൊൽക്കത്തയിലെ “ദി ഇന്ത്യ സ്റ്റോറി”, 2022ലെ ‘അനുമാന’ എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് പ്രധാന എക്സിബിഷനുകൾ. സ്വതന്ത്ര കലാകാരന്മാരുടെ കൂട്ടായ്മയായ, മൾട്ടിമീഡിയ വർക്കുകൾ ഉൾക്കൊള്ളുന്ന ‘യു കാന്റ് മിസ്സ് ദിസ്’ എന്ന കൂട്ടായ്മയുടെ സ്ഥാപകൻ കൂടിയാണ് അദ്ദേഹം. ഡെറാഡൂണിലെ ദി ഡൂൺ സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ റൈഹാൻ, ലണ്ടനിലെ സ്കൂൾ ഓഫ് ഓറിയന്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസിൽ (SOAS) നിന്ന് ഉന്നത വിദ്യാഭ്യാസവും നേടി.

ഡൽഹി ആസ്ഥാനമായുള്ള ഫോട്ടോഗ്രാഫറാണ് അവീവ ബെയ്ഗ്. അവരുടെ വെബ്സൈറ്റായ avivabaig.com, തന്റെ കലാ ജീവിതത്തിന്റെ വൈവിധ്യത്തെ പകർത്തുന്നതാണ്. ദൈനംദിന ജീവിതത്തിന്റെ ലാളിത്യവും സങ്കീർണ്ണതയും തമ്മിലുള്ള സംഗമത്തെയാണ് അവരുടെ വർക്കുകൾ പ്രതിഫലിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തോളമായി, റൈഹാന്റെ കലാ കൂട്ടായ്മയായ ‘യു കാന്റ് മിസ്സ് ദിസ്’-ൽ അവീവ തന്റെ ചിത്രങ്ങൾ എക്സിബിറ്റ് ചെയ്യുന്നു. ഇന്ത്യയിലുടനീളമുള്ള ഏജൻസികൾ, ബ്രാൻഡുകൾ, ക്ലയന്റുകൾ എന്നിവരുമായി പ്രവർത്തിക്കുന്ന ഫോട്ടോഗ്രാഫിക് സ്റ്റുഡിയോയും നിർമ്മാണ കമ്പനിയുമായ അറ്റ്ലിയർ 11ന്റെ സഹസ്ഥാപക കൂടിയാണ് അവീവ. ഡൽഹിയിലെ എലൈറ്റ് സ്കൂളായ ബരാഖംബ റോഡിലുള്ള മോഡേൺ സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അവീവ പിന്നീട് സോനിപത്തിലെ ഒപി ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ജേർണലിസം ആൻഡ് കമ്മ്യൂണിക്കേഷൻ ബിരുദം പൂർത്തിയാക്കി.
വിവാഹനിശ്ചയത്തോടെ അവീവയുടെ പിതാവ് ഇമ്രാൻ ബെയ്ഗും വാർത്തകളിൽ ഇടംപിടിക്കുകയാണ്. ഇന്റർനാഷണൽ ട്രേഡ് ബിസിനസ്സ് കമ്പനി നടത്തുന്ന അദ്ദേഹം ഇമാജിനിംഗ് സൊല്യൂഷൻസ് എന്ന കമ്പനിയുടെ ഡയറക്ടറാണ്. ഡൽഹിയിലെ ഉന്നതവൃത്തങ്ങളിൽ ബെയ്ഗ് കുടുംബത്തിന് ശക്തമായ സാമൂഹികവും തൊഴിൽപരവുമായ ബന്ധങ്ങളുണ്ട്. വർഷങ്ങളായി, ബെയ്ഗ്, ഗാന്ധി-വാദ്ര കുടുംബങ്ങൾ തമ്മിൽ അടുത്ത ബന്ധമുണ്ട്, ഈ ദീർഘകാല ബന്ധം റൈഹാൻ വാദ്രയും അവീവ ബെയ്ഗും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഒരു പങ്കു വഹിച്ചു. സ്കൂൾ കാലം മുതൽ ഇരുവരും പരസ്പരം അറിയാമെന്ന് പറയപ്പെടുന്നു. അവീവ ബെയ്ഗിന്റെ അമ്മ നന്ദിത ബെയ്ഗ് അറിയപ്പെടുന്ന ഇന്റീരിയർ ഡിസൈനറാണ്. നിരവധി മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, അവർ പ്രിയങ്ക ഗാന്ധിയുടെ അടുത്ത സുഹൃത്ത് കൂടിയാണ്.
Priyanka Gandhi’s son Raihan Vadra is engaged to media entrepreneur Aviva Baig. Discover details about their 7-year relationship
