വേദനസംഹാരിയായ നിമെസുലൈഡിന്റെ (Nimesulide) 100 മില്ലിഗ്രാമിന് മുകളിലുള്ള ഡോസിലുള്ള ഗുളികകളും സിറപ്പുകളും നിരോധിച്ചു കേന്ദ്ര സർക്കാർ. നിമെസുലൈഡിന്റെ 100 മില്ലിഗ്രാമിന് മുകളിലുള്ള ഡോസിലുള്ള ഗുളികകളും സിറപ്പുകളുമാണ് നിരോധിച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പൊതുജനാരോഗ്യ താൽപ്പര്യം കണക്കിലെടുത്താണ് നടപടി സ്വീകരിച്ചതെന്ന് മന്ത്രാലയം അറിയിച്ചു. 1940ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട്, സെക്ഷൻ 26A പ്രകാരമാണ് നടപടി. ഡ്രഗ്സ് ടെക്നിക്കൽ അഡ്വൈസറി ബോർഡുമായി (DTAB) നടത്തിയ ആലോചനകൾക്കുശേഷം, 100 മില്ലിഗ്രാമിന് മുകളിലുള്ള നിമെസുലൈഡിന്റെ എല്ലാ ഓറൽ ഫോർമുലേഷനുകളുടെയും നിർമ്മാണം, വിൽപ്പന, വിതരണം എന്നിവ ഉടൻ പ്രാബല്യത്തിൽ വരുന്ന തരത്തിൽ നിരോധിച്ചതായി വിജ്ഞാപനത്തിൽ പറയുന്നു.

കരൾ സംബന്ധമായ ഗുരുതര പാർശ്വഫലങ്ങൾ ഉൾപ്പെടെ നിമെസുലൈഡിന്റെ സുരക്ഷയെക്കുറിച്ച് നേരത്തെ തന്നെ ആശങ്കകൾ ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ, കഴിഞ്ഞ വർഷം നിമെസുലൈഡിന്റെ സുരക്ഷ പരിശോധിക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചിനോട് (ICMR) കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു. തുടർന്ന് ഡ്രഗ്സ് ടെക്നിക്കൽ അഡ്വൈസറി ബോർഡുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ, 100 mgക്ക് മുകളിലുള്ള എല്ലാ ഫോർമുലേഷനുകളും നിരോധിക്കണമെന്ന് ഐസിഎംആർ ശുപാർശ ചെയ്തു. ഇതോടൊപ്പം, നിമെസുലൈഡ് അടങ്ങിയ മരുന്നുകളിൽ ‘ബ്ലാക്ക് ബോക്സ് വാർണിങ്’ നിർബന്ധമാക്കാനും ശുപാർശ ചെയ്തിരുന്നു. ഗുരുതര പാർശ്വഫല സാധ്യതയുണ്ടെന്ന് വ്യക്തമാക്കുന്ന ഏറ്റവും കർശനമായ മരുന്ന് മുന്നറിയിപ്പാണ് ബ്ലാക്ക് ബോക്സ് വാർണിങ്.
ഫാർമാറാക് എന്ന ഹെൽത്ത്കെയർ ഗവേഷണ സ്ഥാപനത്തിന്റെ കണക്കുകൾ പ്രകാരം, കഴിഞ്ഞ നവംബർ വരെ നിമെസുലൈഡ് അടങ്ങിയ മരുന്നുകളുടെ വാർഷിക വിൽപ്പന ഏകദേശം 489 കോടി രൂപയായിരുന്നു. 50 mg, 100 mg, 200 mg ഡോസുകളിൽ വിവിധ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ ഈ പെയിൻകില്ലർ വിപണിയിൽ വിൽപ്പന നടത്തിയിരുന്നു. 2011ൽ 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കുള്ള നിമെസുലൈഡ് ഉപയോഗവും സർക്കാർ നിരോധിച്ചിരുന്നു
The Indian government has banned Nimesulide formulations above 100mg, citing risks of liver damage. Learn about the Health Ministry’s notification and the immediate impact on production and sales.
