സ്വിഗി, സൊമാറ്റോ, സെപ്റ്റോ, ബ്ലിങ്കിറ്റ്, ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയുൾപ്പെടെയുള്ള പ്രമുഖ ക്വിക്ക് കൊമേഴ്സ്, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലെ ഡെലിവറി–ഗിഗ് തൊഴിലാളികൾ ക്രിസ്മസ് ദിനത്തിലും ഡിസംബർ 31നും രാജ്യവ്യാപകമായി പണിമുടക്കിയിരുന്നു. എന്നാൽ ഇത് സൊമാറ്റോ-ബ്ലിങ്കിറ്റിന്റെ പുതുവത്സര ഡെലിവെറിയെ ബാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് ഇരുകമ്പനികളുടേയും പാരന്റ് ഗ്രൂപ്പായ എറ്റേണൽ (Eternal Ltd.) സിഇഒ ദീപീന്ദർ ഗോയൽ. പുതുവത്സര ദിനത്തിൽ റെക്കോർഡ് ഡെലിവറി വോള്യങ്ങൾ കൈവരിച്ചതായും 75 ലക്ഷത്തിലധികം ഓർഡറുകൾ പ്രോസസ്സ് ചെയ്തതായും അദ്ദേഹം പറഞ്ഞു. ഇത് എക്കാലത്തെയും ഉയർന്ന നിരക്കാണെന്നും ദീപീന്ദർ വ്യക്തമാക്കി. കമ്പനിയുടെ ഭക്ഷണ, ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ 450,000 ഡെലിവറി പങ്കാളികളിലൂടെ 6.3 ദശലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഡെലിവറികൾ സുഗമമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭീഷണികൾക്കിടയിലും മുന്നോട്ടുവന്ന, നിലപാടുകളിൽ ഉറച്ചുനിന്ന, സത്യസന്ധമായ ജോലിയും പുരോഗതിയും തിരഞ്ഞെടുത്ത ഡെലിവറി പങ്കാളികൾക്ക് അദ്ദേഹം നന്ദി പറഞ്ഞു.

അതേസമയം, തൊഴിലാളികളുടെ ജോലി സാഹചര്യങ്ങൾ ദിനംപ്രതി മോശമാകുന്നതായും വേതനം, സുരക്ഷ, സാമൂഹിക സുരക്ഷ എന്നിവ നിഷേധിക്കപ്പെടുന്നതായും ചൂണ്ടിക്കാണിച്ചാണ് ഡെലിവെറി തൊഴിലാളികൾ പണിമുടക്ക് നടത്തിയത്. പീക്ക് സീസണുകളിലും ഉത്സവ ദിവസങ്ങളിലും ലാസ്റ്റ്-മൈൽ ഡെലിവറിയുടെ പ്രധാനഭാഗം ഏറ്റെടുത്തിട്ടുപോലും ഡെലിവെറി തൊഴിലാളികൾ ബുദ്ധിമുട്ടുകയാണെന്ന് ഇന്ത്യൻ ഫെഡറേഷൻ ഓഫ് ആപ്പ്-ബേസ്ഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് (IFAT) വ്യക്തമാക്കി. നീണ്ട ജോലി സമയം, കുറഞ്ഞ വരുമാനം, അപകടകരമായ ഡെലിവെറി ടാർഗെറ്റുകൾ തുടങ്ങിയവയാണ് തൊഴിലാളികൾ ചൂണ്ടിക്കാണിക്കുന്ന പ്രധാന പ്രശ്നങ്ങൾ. യാതൊരു മുന്നറിയിപ്പുമില്ലാത്ത ഐഡി ബ്ലോക്കിംഗ്, ജോലി സുരക്ഷയുടെ അഭാവം, അടിസ്ഥാന ക്ഷേമ പരിരക്ഷകൾ ഇല്ലാത്തത് എന്നിവയ്ക്ക് വിധേയരാക്കുന്നതായി തൊഴിലാളികൾ പരാതിപ്പെടുന്നു
‘10 മിനിറ്റ് ഡെലിവെറി’ പോലുള്ള മോഡലുകൾ പിൻവലിക്കണമെന്നും, വ്യക്തവും നീതിയുള്ള വേതന ഘടന നടപ്പാക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നു. യാതൊരു നടപടിക്രമവുമില്ലാതെ ഐഡികൾ ബ്ലോക്ക് ചെയ്യുന്നതും പിഴ ചുമത്തുന്നതും അവസാനിപ്പിക്കണം. സുരക്ഷാ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ ശക്തമാക്കുക, ആൽഗോരിതം അടിസ്ഥാനമാക്കിയുള്ള വിവേചനം ഒഴിവാക്കി സ്ഥിരമായ ജോലി വിന്യാസം ഉറപ്പാക്കൽ, മാനുഷികമായ പെരുമാറ്റത്തിനൊപ്പം നിർബന്ധിത വിശ്രമവേളകളും ന്യായമായ ജോലി സമയവും തുടങ്ങിയ ആവശ്യങ്ങളും സംഘടന മുന്നോട്ടുവെച്ചു.
Zomato and Blinkit processed a record 7.5 million orders on New Year’s Eve despite a nationwide strike by gig workers. CEO Deepinder Goyal credits delivery partners for the milestone while unions demand better pay and safety.
