ഡിജിറ്റൽ കാലഘട്ടത്തിൽ സൈബർ സുരക്ഷ ബിസിനസിന്റെ അനിവാര്യ ഘടകമാണെന്ന് എഫ്9 ഇൻഫോടെക് സിഇഒ ജയകുമാർ മോഹനചന്ദ്രൻ. എഐ, ഡിജിറ്റൽ ട്രസ്റ്റ്, സൈബർ സുരക്ഷ തുടങ്ങിയവ വനിതാ സംരംഭകരെയും ഓൺലൈൻ ബിസിനസ് നടത്തുന്നവരെയും എങ്ങനെ ബാധിക്കുന്നുവെന്ന് ചാനൽഅയാം ഷീ പവറുമായി ബന്ധപ്പെട്ടു നടന്ന പോഡ്കാസ്റ്റിൽ സംസാരിക്കവേ അദ്ദേഹം വിശദീകരിച്ചു.
ഇന്നത്തെ ബിസിനസുകൾ മുഴുവൻ ഡിജിറ്റലായി മാറിക്കൊണ്ടിരിക്കുകയാണ്. പേയ്‌മെന്റുകൾ മുതൽ മാർക്കറ്റിംഗ് വരെ എല്ലാം ഓൺലൈൻ ആയ സാഹചര്യത്തിൽ സൈബർ സുരക്ഷയെ അവസാന പരിഗണനയായി കാണുന്നത് വലിയ അപകടമാണെന്ന് ജയകുമാർ കൂട്ടിച്ചേർത്തു. കാർ ഓടിക്കാൻ ബ്രേക്ക് എത്രത്തോളം ആവശ്യമാണ് എന്നതുപോലെ ബിസിനസിന് സൈബർ സുരക്ഷയും ആവശ്യമാണ്. സുരക്ഷയുണ്ടെങ്കിൽ മാത്രമേ ബിസിനസ് ആത്മവിശ്വാസത്തോടെ വേഗത്തിൽ മുന്നോട്ടു പോകാൻ കഴിയൂ. ചെറിയ സൈബർ ആക്രമണം പോലും വർഷങ്ങളെടുത്ത് നിർമ്മിച്ച ബ്രാൻഡിനെ തകർത്തുകളയാമെന്നും അദ്ദോഹം മുന്നറിയിപ്പ് നൽകി.

ഓൺലൈൻ ബിസിനസ് ആരംഭിക്കുന്ന വനിതാ സംരംഭകർ ‘സെക്യൂരിറ്റി ബൈ ഡിസൈൻ’ എന്ന ആശയം തുടക്കത്തിൽ തന്നെ സ്വീകരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വെബ്‌സൈറ്റ്, പേയ്‌മെന്റ് ഗേറ്റ് വേ, കസ്റ്റമർ ഡാറ്റ എന്നിവയുടെ സുരക്ഷയെക്കുറിച്ച് വ്യക്തമായ ആർക്കിടെക്ചർ തയ്യാറാക്കി, സൈബർ സെക്യൂരിറ്റി വിദഗ്ധരുമായി ആലോചിച്ച ശേഷം മാത്രമേ ബിസിനസ് ആരംഭിക്കാവൂ. ഡാറ്റ സ്റ്റോറേജ് ശരിയായ രീതിയിൽ കൈകാര്യം ചെയ്യാത്തതും, സൈബർ അപകടങ്ങളെക്കുറിച്ചുള്ള അവബോധക്കുറവും സംരംഭകർക്ക് സാധാരണയായി സംഭവിക്കുന്ന വലിയ പിഴവുകളാണെന്നും ജയകുമാർ ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ ഡാറ്റ പ്രൈവസി നിയമങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ, കംപ്ലയൻസും സൈബർ സുരക്ഷയും ഉറപ്പാക്കിയാൽ മാത്രമേ ബിസിനസുകൾക്ക് ആവശ്യമായ രീതിയിൽ സ്കെയിൽ ചെയ്യാൻ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി
F9 Infotech CEO Jayakumar Mohanachandran highlights why cyber security is essential for digital business growth. Learn about ‘Security by Design’ and protecting your brand from cyber threats.
