കാനഡയിൽ നിയമപരമായ താമസ പദവി നഷ്ടപ്പെടുന്ന കുടിയേറ്റക്കാരുടെ എണ്ണത്തിൽ വൻ വർധനയെന്ന് റിപ്പോർട്ട്. ഏകദേശം ഇരുപത് ലക്ഷത്തോളം വർക്ക് പെർമിറ്റുകൾ കാലഹരണപ്പെടുകയോ കാലഹരണപ്പെടാനിരിക്കുകയോ ചെയ്യുന്നു. ഇതിൽ പകുതിയും ഇന്ത്യക്കാരുടേതാണെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയിൽ (IRCC) നിന്നുള്ള ഡാറ്റ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 2025 അവസാനത്തോടെ ഏകദേശം 10.5 ലക്ഷം വർക്ക് പെർമിറ്റുകൾ കാലഹരണപ്പെട്ടതായും, 2026ൽ 9.27 ലക്ഷം പെർമിറ്റുകൾ കാലഹരണപ്പെടുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

വർക്ക് പെർമിറ്റ് കാലഹരണപ്പെടുന്നതോടെ, മറ്റൊരു വിസ നേടുകയോ സ്ഥിര താമസ വിസയിലേക്ക് മാറുകയോ ചെയ്തില്ലെങ്കിൽ ലീഗൽ സ്റ്റാറ്റസ് നഷ്ടപ്പെടും. താൽക്കാലിക തൊഴിലാളികൾക്കും അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുമുള്ള കുടിയേറ്റ നിയമങ്ങൾ കനേഡിയൻ സർക്കാർ കർശനമാക്കുന്നത് തുടരുന്നതിനാൽ മറ്റൊരു വിസ നേടാനോ സ്ഥിര താമസ വിസയിലേക്ക് മാറാനോയുള്ള സാധ്യത പരിമിതപ്പെടുത്തും. അസൈലം ക്ലെയിം കൈകാര്യം ചെയ്യുന്നതിനുള്ള പുതിയ നടപടികൾ അവതരിപ്പിക്കുന്നതും വിനയാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
കാനഡയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത തോതിലാണ് താമസ പദവി (legal status) നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായിരിക്കുന്നത്. 2026ന്റെ ആദ്യ പാദത്തിൽ മാത്രം ഏകദേശം 315,000 പേർക്ക് നിയമപരമായ താമസ പദവി നഷ്ടപ്പെടും. ഇത് കുടിയേറ്റ സംവിധാനത്തിൽ കനത്ത വെല്ലുവിളി സൃഷ്ടിക്കുന്നു. 2025ന്റെ അവസാന പാദത്തിൽ 291,000ൽ അധികം പേർക്ക് നിയമപരമായ താമസ പദവി നഷ്ടപ്പെട്ടിരുന്നു. 2026 മധ്യത്തോടെ കാനഡയിൽ കുറഞ്ഞത് 10 ലക്ഷം ഇന്ത്യക്കാരെങ്കിലും ലീഗൽ സ്റ്റാറ്റസ് ഇല്ലാത്തവരാകും-റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
A massive surge in expired work permits puts nearly 1 million Indians in Canada at risk of losing their legal status by mid-2026. Stricter IRCC rules make visa transitions harder.
