മാധ്യമരംഗത്ത് ഇന്ന് പ്രവർത്തിക്കുന്നവരും പുതുതായി പ്രവേശിക്കാൻ ആഗ്രഹിക്കുന്നവരുമായ യുവതലമുറ, പ്രത്യേകിച്ച് പെൺകുട്ടികൾ, തൊഴിൽസ്വഭാവവും ഉത്തരവാദിത്തവും വ്യക്തമായി മനസ്സിലാക്കി വേണം ഈ മേഖലയിലേക്ക് കടക്കേണ്ടതെന്ന് മാധ്യമ പ്രവർത്തക ലക്ഷ്മി പത്മ പറഞ്ഞു. ചാനൽഅയാം ഷീ പവറിനോട് അനുബന്ധിച്ചു നടത്തിയ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അവർ.

വാർത്തകൾ പുറത്തുകൊണ്ടുവരുമ്പോൾ മാധ്യമങ്ങൾക്ക് വലിയ സാമൂഹിക ഉത്തരവാദിത്തമുണ്ട്. അതിനൊപ്പം മാധ്യമപ്രവർത്തകർക്ക് നേരെ സോഷ്യൽ മീഡിയയിലൂടെയും നേരിട്ടും ഭീഷണികളും അധിക്ഷേപങ്ങളും ഉണ്ടാകാറുണ്ട്. എന്നാൽ ഇത്തരം പ്രതികരണങ്ങളെ ഭയന്ന് മൗനം പാലിക്കാനാകില്ല. യഥാർത്ഥ വിഷയങ്ങളിൽ പ്രതികരിക്കാതെ പോയാൽ നാളെ അത് ആരെയും ബാധിക്കാമെന്നും അവർ മുന്നറിയിപ്പ് നൽകി. ഇത് ഏതൊരു വ്യക്തിക്കും സംഭവിക്കാവുന്ന കാര്യമാണ്. സമൂഹം അത്രത്തോളം വൾണറബിളാണ്. അതുകൊണ്ടുതന്നെ, ഇരകളെ എംപതിയോടെ സമീപിക്കുകയും, ഉത്തരവാദിത്തപരമായ ജേർണലിസം തുടരുകയും ചെയ്യേണ്ടത് അനിവാര്യമാണ്- അവർ പറഞ്ഞു.
സമീപകാലത്ത് ഏറെ ചർച്ചയായ ലൈംഗികാതിക്രമ കേസുകളെക്കുറിച്ചും ലക്ഷ്മി പ്രതികരിച്ചു. ഇത്തരം കേസുകളിൽ ഇരകളെ കുറ്റപ്പെടുത്തുന്ന രീതിയിലുള്ള സോഷ്യൽ മീഡിയ പ്രതികരണങ്ങൾ അംഗീകരിക്കാനാവില്ലെന്നും, അങ്ങനെ ചിന്തിക്കുന്നത് സ്ത്രീപക്ഷമല്ല, മനുഷ്യപക്ഷമാണെന്നും അവർ വ്യക്തമാക്കി. ബന്ധമുണ്ടായിരുന്നുവെന്നോ വിവാഹബന്ധത്തിലായിരുന്നുവെന്നോ ഉള്ള വാദങ്ങൾ ലൈംഗിക പീഡനത്തെ ന്യായീകരിക്കുന്നതല്ലെന്നും, ഇരകൾ പരാതി നൽകാൻ വൈകുന്നത് അവരുടെ മാനസികാവസ്ഥയും സാമൂഹിക സമ്മർദങ്ങളും കൊണ്ടാണെന്നും ലക്ഷ്മി പറഞ്ഞു. ഇത്തരം ഗുരുതര ആരോപണങ്ങൾ ഉയരുമ്പോൾ, രാഷ്ട്രീയ നേതാക്കളും ഉത്തരവാദിത്തപരമായി പ്രതികരിക്കേണ്ടതുണ്ടെന്നും, പരാതികളുടെ വിശ്വാസ്യത അന്വേഷിക്കാതെ ഇരകളെ അപമാനിക്കുന്ന പരാമർശങ്ങൾ നടത്തുന്നത് ഏറ്റവും നിരുത്തരവാദപരമായ സമീപനമാണെന്നും ലക്ഷ്മി വിമർശിച്ചു. പ്രത്യേകിച്ച് പൊതുപ്രതിനിധികൾ നടത്തുന്ന ഇത്തരം പരാമർശങ്ങൾ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.
മുൻകാലങ്ങളിൽ മാധ്യമരംഗത്ത് സ്ത്രീകളുടെ സാന്നിധ്യം കുറവായിരുന്നെങ്കിലും, ഇന്ന് ജേർണലിസം പഠിക്കാൻ എത്തുന്ന പെൺകുട്ടികളുടെ എണ്ണം ഏറെ വർധിച്ചിട്ടുണ്ടെന്ന് ലക്ഷ്മി ചൂണ്ടിക്കാട്ടി. എന്നാൽ മാധ്യമപ്രവർത്തനം ഒരു സാധാരണ നയൻ ടു ഫൈവ് ജോലിയല്ലെന്നും, കടുത്ത മത്സരവും സമയസമ്മർദവും നിറഞ്ഞ മേഖലയാണെന്നും അവർ പറഞ്ഞു. തുടക്കത്തിൽ സാമ്പത്തിക നേട്ടം കുറവായിരിക്കാമെങ്കിലും, കഠിനാധ്വാനത്തിലൂടെ മുന്നേറാൻ സാധിക്കുമെന്നും ലക്ഷ്മി പത്മ വ്യക്തമാക്കി. ന്യൂസ് ചാനലുകളിലെ മത്സരം കാരണം പലപ്പോഴും എട്ട് മണിക്കൂറിലധികം ജോലി ചെയ്യേണ്ടിവരുന്ന സാഹചര്യമുണ്ടാകുമെന്നും, ഏത് സമയത്തും ഫീൽഡിലേക്കിറങ്ങേണ്ടി വരാമെന്നും ലക്ഷ്മി പറഞ്ഞു. അതുകൊണ്ടുതന്നെ മാധ്യമപ്രവർത്തനത്തോട് അതിയായ പാഷൻ ഉള്ളവർക്ക് മാത്രമേ ഈ രംഗത്ത് ദീർഘകാലം തുടരാൻ കഴിയൂവെന്നും അവർ കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയുടെ കാലത്ത് “എല്ലാവരും ജേർണലിസ്റ്റുകളാണ്” എന്ന തോന്നൽ വ്യാപകമായ സാഹചര്യത്തിൽ, ഒതന്റിക്കായും ഉത്തരവാദിത്തപരവുമായ മാധ്യമങ്ങളുടെ പ്രസക്തി കൂടുകയാണെന്ന് ലക്ഷ്മി അഭിപ്രായപ്പെട്ടു. മൊബൈൽ ഫോണിലൂടെ ആരും ലൈവിൽ പോകുകയും വാർത്ത റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തിൽ, ശരിയായ വിവരങ്ങൾ കണ്ടെത്താനും വിശ്വസിക്കാനും ജനങ്ങൾ അംഗീകൃത മാധ്യമങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. ഇൻഫർമേഷൻ ‘സുനാമി’ നിലനിൽക്കുന്ന ഇന്നത്തെ കാലത്ത്, കൃത്യവും ക്രെഡിബിളുമായ റിപ്പോർട്ടിംഗാണ് മാധ്യമങ്ങളുടെ യഥാർത്ഥ ശക്തിയെന്നും അവർ പറഞ്ഞു.
Journalist Lakshmi Padma emphasizes the need for empathy and social responsibility in media. She discusses the challenges of reporting sexual assault cases and why credible journalism is vital in the age of social media
