അദാനി ഗ്രൂപ്പിന്റെ ഫ്ലാഗ്ഷിപ്പ് കമ്പനിയായ അദാനി എൻറപ്രൈസസ് ലിമിറ്റഡിന്റെ (AEL) നോൺ കൺവേർട്ടബിൾ ഡിബഞ്ചറുകൾ (NCD) മിനിറ്റുകൾക്കകം വിറ്റഴിക്കപ്പെട്ടു. ₹1,000 കോടിയുടെ പബ്ലിക് ഇഷ്യൂ ആയ എൻസിഡികൾ ഇഷ്യൂ തുറന്ന് 45 മിനിറ്റിനുള്ളിൽ തന്നെ പൂർണമായി സബ്സ്ക്രൈബ് ചെയ്യപ്പെട്ടതായി സ്റ്റോക്ക് എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു.
₹500 കോടി രൂപയുടെ അടിസ്ഥാന ഇഷ്യൂ വെറും 10 മിനിറ്റിനുള്ളിൽ തന്നെ ഏറ്റെടുക്കപ്പെട്ടു. ഗ്രീൻഷൂ ഓപ്ഷൻ ഉൾപ്പെടുത്തി ഒരു മണിക്കൂറിനുള്ളിൽ സബ്സ്ക്രിപ്ഷൻ ₹1,000 കോടി കടന്നു. ചൊവ്വാഴ്ച ആരംഭിച്ച ഇഷ്യൂ 2026 ജനുവരി 19ന് വരെയാണ്. ‘ഫസ്റ്റ് കം, ഫസ്റ്റ് സർവ്ഡ്’ അടിസ്ഥാനത്തിലാണ് അലോട്ട്മെന്റ്. നിക്ഷേപകർക്ക് വാർഷികമായി പരമാവധി 8.90 ശതമാനം വരെ ഫലപ്രദമായ യീൽഡ് ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.

ഇഷ്യൂവിന്റെ അടിസ്ഥാന വലുപ്പം ₹500 കോടി രൂപയാണ്. ഇതിന് പുറമെ ₹500 കോടി രൂപയുടെ ഗ്രീൻഷൂ ഓപ്ഷനും ഉണ്ട്. എൻസിഡികൾ BSE, NSE സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യാനാണ് നിർദേശം. ICRA, CARE റേറ്റിംഗ്സ് എന്നിവ ‘AA-’ (സ്റ്റേബിൾ ഔട്ട്ലുക്ക്) റേറ്റിംഗ് നൽകിയ ഈ എൻസിഡികൾ, സമാന റേറ്റിംഗ് ഉള്ള കടപ്പത്രങ്ങളെയും സ്ഥിരനിക്ഷേപങ്ങളെയും അപേക്ഷിച്ച് ആകർഷകമായ വരുമാനം നൽകുന്നതായാണ് വിലയിരുത്തൽ. ഇന്ത്യയിലെ ഇൻഫ്രാസ്ട്രക്ചർ വളർച്ചയിൽ റീട്ടെയിൽ നിക്ഷേപകർക്ക് പങ്കാളികളാകാനുള്ള അവസരമാണിതെന്ന് കമ്പനി വ്യക്തമാക്കി.
2025 ജൂലൈയിൽ പുറത്തിറക്കിയ അദാനി എൻറപ്രൈസസിന്റെ രണ്ടാം എൻസിഡി ഇഷ്യൂവും ആദ്യ ദിനം തന്നെ മൂന്ന് മണിക്കൂറിനുള്ളിൽ പൂർണമായി സബ്സ്ക്രൈബ് ചെയ്യപ്പെട്ടിരുന്നു. ഇത് നിക്ഷേപകരുടെ ശക്തമായ ആത്മവിശ്വാസം പ്രതിഫലിപ്പിക്കുന്നതാണെന്ന് കമ്പനി അറിയിച്ചു. നിലവിലെ ഇഷ്യൂവിൽ നിന്നുള്ള വരുമാനത്തിന്റെ കുറഞ്ഞത് 75 ശതമാനം നിലവിലുള്ള കടം തിരിച്ചടയ്ക്കുന്നതിനും ശേഷിക്കുന്ന തുക പൊതുവായ കോർപ്പറേറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കും. 24, 36, 60 മാസ കാലാവധിയിലുള്ള എൻസിഡികളാണ് പുറത്തിറക്കിയിരിക്കുന്നത്. ത്രൈമാസ, വാർഷിക, ക്യൂമുലേറ്റീവ് പലിശ പേയ്മെന്റ് ഓപ്ഷനുകളോടുകൂടി എട്ട് സീരീസുകളിലായാണ് ഇഷ്യൂ. നുവാമ വെൽത്ത് മാനേജ്മെന്റ്, ട്രസ്റ്റ് ഇൻവെസ്റ്റ്മെന്റ് അഡ്വൈസേഴ്സ്, ടിപ്സൺസ് കൺസൾട്ടൻസി സർവീസസ് എന്നിവയാണ് ഇഷ്യൂവിന്റെ ലീഡ് മാനേജർമാർ.
അതേസമയം, നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം, വിശാഖപട്ടണത്തെ ഗൂഗിൾ–അദാനി എഐ ഡാറ്റ സെന്റർ ക്യാമ്പസ്, രാജ്യത്തുടനീളമുള്ള വിവിധ റോഡ് പദ്ധതികൾ എന്നിവ ഉൾപ്പെടെ അദാനി എൻറപ്രൈസസ് ഇൻഫ്രാസ്ട്രക്ചർ രംഗത്ത് സാന്നിധ്യം ശക്തമാക്കി വരികയാണ്. കഴിഞ്ഞ ആറുമാസത്തിനിടെ വലിയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കാനുള്ള കഴിവ് കമ്പനി തെളിയിച്ചിട്ടുണ്ടെന്നും പ്രസ്താവനയിൽ പറഞ്ഞു. 2025 ഒക്ടോബർ 8ന് നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്യപ്പെടുകയും ഡിസംബർ 25ന് പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
ഒക്ടോബറിൽ, ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഇന്ത്യയിലെ ഏറ്റവും വലിയ എഐ ഡാറ്റ സെന്റർ ക്യാമ്പസ് വികസിപ്പിക്കുന്നതിനായി ഗൂഗിളും അദാനി കോണെക്സും പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു. 2025 സെപ്റ്റംബറിൽ നാനാസ–പിഡ്ഗാവ് HAM റോഡ് പദ്ധതി പ്രവർത്തനം ആരംഭിച്ചു. ഇത് അദാനി എൻറപ്രൈസസിന്റെ ഏഴാമത്തെ സജീവ റോഡ് പദ്ധതിയാണ്. ഇതിന് പുറമെ ഉത്തരാഖണ്ഡിലെ സോൻപ്രയാഗിനേയും കേദാർനാഥിനേയും ബന്ധിപ്പിക്കുന്ന റോപ്വേ പദ്ധതി ഉൾപ്പെടെ മൂന്ന് പുതിയ പദ്ധതികൾക്കുള്ള അവാർഡ് ലെറ്ററുകളും, ബിഹാറിലെ മംഗർ (സഫിയാബാദ്)–സുൽത്താൻഗഞ്ച് റോഡ്, സുൽത്താൻഗഞ്ച്–സബൂർ റോഡ് എന്നീ രണ്ട് റോഡ് പദ്ധതികൾക്കുള്ള അംഗീകാരവും കമ്പനിക്ക് ലഭിച്ചിട്ടുണ്ട്.
Adani Enterprises Limited (AEL) successfully raised ₹1,000 crore via its NCD public issue, which was fully subscribed within 45 minutes, reflecting strong investor confidence.
