രാജ്യത്തെ ട്രെയിൻ യാത്രയുടെ ഭാവി മാറ്റാൻ ഇന്ത്യയുടെ ആദ്യ ഹൈസ്പീഡ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയായ മുംബൈ–അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ കൊറിഡോർ (MAHSR). 508 കിലോമീറ്റർ നീളമുള്ള ഈ കോറിഡോർ മുംബൈയിലെ ബാന്ദ്രാ കുർളാ കോംപ്ലക്സ് (BKC) മുതൽ അഹമ്മദാബാദ് സബർമതി വരെ നീളുന്നതാണ്. നിലവിലെ 7–8 മണിക്കൂർ യാത്രാസമയം ബുള്ളറ്റ് ട്രെയിനിന്റെ വരവോടെ ഏകദേശം മൂന്ന് മണിക്കൂറിൽ താഴെയായി ചുരുങ്ങും.

ജപ്പാനുമായി ചേർന്നാണ് ബുള്ളറ്റ് ട്രെയിൻ പദ്ധതി വികസിപ്പിച്ചത്. ഷിങ്കൻസെൻ ഇ5 സീരീസ് (Shinkansen E5) ട്രെയിനുകൾ ഉപയോഗിച്ചാണ് ആദ്യ സർവീസുകൾ നടക്കുക. ഇവയുടെ പരമാവധി സ്പീഡ് 320 km/hr ആണ്. 21 കിലോമീറ്റർ ദൂരത്തിലുള്ള അണ്ടർഗ്രൗണ്ട് ടണലും താനെ ക്രീക്കിൽ ഏഴ് കിലോമീറ്റർ അണ്ടർ സീ സെക്ഷനും ഉൾപ്പെടുന്നതാണ് റൂട്ട്. ഓരോ 15–20 മിനിറ്റിലും ട്രെയിൻ സർവീസുകൾ നടത്താനാണ് പദ്ധതിയിടുന്നത്.
ആദ്യ ബുള്ളറ്റ് ട്രെയിൻ സർവീസ് ഔദ്യോഗികമായി 2027 ഓഗസ്റ്റ് 15ന് ആരംഭിക്കും. ആദ്യ ഘട്ടത്തിൽ സൂറത്ത്-വാപി 100-കിലോമീറ്റർ ഭാഗത്താണ് സർവീസ് തുടങ്ങുക. മഹാരാഷ്ട്രയിൽ BKC, താനെ, വിരാർ, ബോയ്സർ എന്നിങ്ങനെയാണ് മുംബൈ-അഹമ്മദാബാദ് കോറിഡോറിലെ സ്റ്റേഷനുകൾ. അതേസമയം, ഗുജറാത്തിൽ വാപി, ബിലിമോറ, സൂറത്ത്, ഭാരുച്, വഡോദര, ആനന്ദ്, അഹമ്മദാബാദ്, സബർമതി എന്നീ സ്റ്റേഷനുകളാണ് ഉള്ളത്. പദ്ധതിയുടെ പൂർത്തീകരണത്തോടെ രാജ്യത്തിന്റെ ഇന്റർസിറ്റി യാത്രയും സാമ്പത്തിക വളർച്ചയും വലിയ തോതിൽ മെച്ചപ്പെടുമെന്നാണ് വിലയിരുത്തൽ.
India’s first Bullet Train (MAHSR) is set to launch on August 15, 2027. Discover the route from Mumbai to Ahmedabad, the 320 km/hr speed, and the list of stations.
