കാർഷിക മാലിന്യങ്ങളെ അമൂല്യമായ ദേശീയ വിഭവമായി മാറ്റാൻ ബയോ-ബിറ്റുമെൻ സഹായിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. കാർഷിക മാലിന്യങ്ങളിൽ നിന്ന് നിർമ്മിക്കുന്നതും പെട്രോളിയം അടിസ്ഥാനത്തിലുള്ള ബിറ്റുമെന് പകരമായതുമായ റോഡ് നിർമാണ ബൈൻഡറാണ് ബയോ-ബിറ്റുമെൻ. 2047ഓടെ ‘വികസിത ഭാരത്’ എന്ന ലക്ഷ്യത്തിലേക്കുള്ള നിർണായക ചുവടുവെയ്പ്പാണ് ഈ സാങ്കേതികവിദ്യയെന്നും, CSIR സാങ്കേതിക കൈമാറ്റ ചടങ്ങിൽ സംസാരിക്കവേ അദ്ദേഹം ചൂണ്ടിക്കാട്ടി. കാർഷിക അവശിഷ്ടങ്ങൾ ഉപയോഗപ്പെടുത്തുന്നതിലൂടെ വൈക്കോൽ ഉൾപ്പെടെയുള്ളവ കത്തിക്കുന്നത് കാരണുണ്ടാകുന്ന മലിനീകരണം കുറയ്ക്കാനും സർക്കുലാർ ഇക്കണോമി ശക്തിപ്പെടുത്താനും സാധിക്കും.

റോഡ് നിർമാണത്തിൽ 15 ശതമാനം ബയോ-ബിറ്റുമിൻ മിശ്രിതം ഉപയോഗിക്കുന്നതിലൂടെ ഇന്ത്യയ്ക്ക് ഏകദേശം 4,500 കോടി രൂപയുടെ വിദേശനാണ്യം ലാഭിക്കാനും ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിനെ ആശ്രയിക്കുന്നത് ഗണ്യമായി കുറയ്ക്കാനും കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ബയോ-ബിറ്റുമിൻ വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഇന്ത്യ മാറുന്നത് റോഡ് അടിസ്ഥാന സൗകര്യ വികസനത്തിൽ ചരിത്ര നാഴികക്കല്ലാകും. ഈ സുപ്രധാന നേട്ടം കൈവരിച്ചതിന് സിഎസ്ഐആർ ശാസ്ത്രജ്ഞരെ മന്ത്രി അഭിനന്ദിച്ചു. ഈ കണ്ടുപിടുത്തം കർഷകരെ ശാക്തീകരിക്കുമെന്നും ഗ്രാമീണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഗ്രാമീണ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നും ഗഡ്കരി കൂട്ടിച്ചേർത്തു. സുസ്ഥിര വികസനം, സ്വയംപര്യാപ്തത, പരിസ്ഥിതി സൗഹൃദ വളർച്ച എന്നിവയോടുള്ള മോഡി സർക്കാരിൻ്റെ പ്രതിബദ്ധതയുടെ പ്രതിഫലനമാണ് ബയോ-ബിറ്റുമിൻ എന്നും അദ്ദേഹം പറഞ്ഞു.
