സ്കൂളുകളിലെ ടോപ്പർമാരെ നോക്കിയാൽ പത്ത് പേരിൽ ഒമ്പതും പെൺകുട്ടികളാണ്. പന്ത്രണ്ടാം ക്ലാസ്സിൽ ആ എണ്ണം പത്തിൽ എട്ടായി കുറയുന്നു. കോളേജിലെത്തുമ്പോൾ അത് ഏഴായി മാറുന്നു. എന്നാൽ അതിന് ശേഷമുണ്ടാകുന്ന അവസ്ഥയാണ് ഏറ്റവും ആശങ്കാജനകം—ഈ പെൺകുട്ടികളിൽ വളരെ ചുരുക്കം ചിലർ മാത്രമാണ് ജോലി രംഗത്തേക്ക് കടക്കുന്നത്. പിന്നെ വിവാഹം, രണ്ട് കുട്ടികൾ, അതോടെ സമൂഹത്തിൽ നിന്ന് സ്ത്രീകൾ അപ്രത്യക്ഷമാകുന്ന ‘സ്ത്രീകളെ കാണാതാകുന്നതിന്റെ സിദ്ധാന്തം’. അമ്പതാം വയസ്സാകുമ്പോഴേക്കും അവർ വീണ്ടും പ്രത്യക്ഷപ്പെടുന്നു. ഇതാണ് നമ്മുടെ തലമുറയിലെ ഭൂരിഭാഗം സ്ത്രീകളുടെയും യാഥാർഥ്യമെന്ന് നാച്ചുറൽസ് സലൂൺ സഹസ്ഥാപകൻ സി.കെ. കുമരവേൽ പറയുന്നു. എന്നാൽ പുതിയ തലമുറ ഇത് അനുവദിക്കില്ലെന്ന ഉറച്ച വിശ്വാസവും അദ്ദേഹം പങ്കുവെയ്ക്കുന്നു. പ്രത്യേകിച്ച് കേരളത്തിലെ സ്ത്രീകൾ ഇതിനകം തന്നെ മുന്നേറ്റത്തിലാണ്. സ്വന്തം ജീവിതം കൈയ്യിൽ എടുത്ത്, സ്വന്തം ശൈലിയിൽ അതിനെ പകർത്തുന്ന സ്ത്രീകളോട് വലിയ ബഹുമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമൂഹത്തിന്റെ യാഥാർഥ്യം വിശദീകരിക്കാൻ അദ്ദേഹം ഉപയോഗിക്കുന്ന ഉപമ ശ്രദ്ധേയമാണ്. “സമൂഹം ഒരു പക്ഷിയാണ്. സ്ത്രീയും പുരുഷനും അതിന്റെ രണ്ട് ചിറകുകൾ. ഒരു ചിറകുകൊണ്ട് പക്ഷിക്ക് പറക്കാൻ കഴിയില്ല. എന്നാൽ നമ്മുടെ സമൂഹം വളരെ നാൾ ഒരൊറ്റ ചിറകുകൊണ്ട് പറക്കാൻ ശ്രമിച്ചു. അതാണ് യഥാർത്ഥ വെല്ലുവിളി,” അദ്ദേഹം പറഞ്ഞു. ലോകം പുരുഷന്മാർ പുരുഷന്മാർക്കായി നിർമ്മിച്ചതാണെന്ന് അദ്ദേഹം തുറന്നുപറയുന്നു. എന്നാൽ അത് ഒരു ഗൂഢാലോചനയല്ല; മറിച്ച് ‘ഡാറ്റാ പക്ഷപാതം’ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ചരിത്രത്തിലെ പല കണ്ടുപിടിത്തങ്ങളും രൂപകൽപ്പന ചെയ്തപ്പോൾ സ്ത്രീകളെ കണക്കിലെടുക്കാതിരുന്നതാണ് ഇതിന് കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഉദാഹരണമായി അദ്ദേഹം പിയാനോയുടെ ചരിത്രം ചൂണ്ടിക്കാട്ടുന്നു. ആദ്യകാല പിയാനോകൾ രൂപകൽപ്പന ചെയ്തപ്പോൾ അവ പുരുഷന്മാർക്ക് കൂടുതൽ അനുയോജ്യമായിരുന്നു. അതിനാലാണ് ആദ്യകാല മികച്ച പിയാനിസ്റ്റുകളിൽ ഭൂരിഭാഗവും പുരുഷന്മാരായത്. സ്ത്രീകൾ പരീക്ഷണ ഘട്ടങ്ങളിൽ കൂടുതലായി പങ്കെടുത്തിരുന്നില്ല. സീറ്റ് ബെൽറ്റുകളുടെ കഥയും അതുപോലെയാണ്. ആദ്യമായി സീറ്റ് ബെൽറ്റുകൾ പരീക്ഷിച്ചത് പുരുഷ മാൻക്വിനുകളിലും പുരുഷ മോഡലുകളിലുമായിരുന്നു. അതിന്റെ ഫലമായി സ്ത്രീകൾക്കും പ്രത്യേകിച്ച് ഗർഭിണികൾക്കും അപകടങ്ങളിൽ പരിക്കുകൾ സംഭവിച്ചു. പിന്നീട് വോൾവോ പോലുള്ള കമ്പനികൾ സ്ത്രീകളെ ഉൾപ്പെടുത്തി ഡാറ്റ ശേഖരിച്ചു, സ്ത്രീകൾക്ക് കൂടുതൽ സുരക്ഷിതമായ സീറ്റ് ബെൽറ്റ് ഡിസൈൻ അവതരിപ്പിച്ചു.
സംരംഭകരെയോ കായികതാരങ്ങളെയോ കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം വരുന്നത് പുരുഷന്മാരാണെന്നും അദ്ദേഹം പറയുന്നു. ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കുമ്പോൾ വിരാട് കോഹ്‌ലി, എം.എസ്. ധോണി, രോഹിത് ശർമ്മ തുടങ്ങിയ പേരുകളാണ് നമ്മൾ ഓർക്കുന്നത്. എന്നാൽ ഇന്ന് സ്ത്രീ ക്രിക്കറ്റിൽ ഹർമൻപ്രീത് കൗർ, സ്മൃതി മന്ദാന തുടങ്ങിയവർ മുന്നിൽ വരുന്നത് ഡാറ്റാ പക്ഷപാതത്തിന് ഡാറ്റയിലൂടെ തന്നെ മറുപടി നൽകിയതിന്റെ ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. “ഡാറ്റാ ബയസിന് ഉത്തരം നൽകാൻ കഴിയുന്നത് ഡാറ്റ ഉപയോഗിച്ചുകൊണ്ടു മാത്രമാണ്,” കുമരവേൽ പറഞ്ഞു. അതുകൊണ്ട് സ്ത്രീകൾക്ക് വലിയ ഉത്തരവാദിത്തമുണ്ട്. അധികാരങ്ങളും ഉത്തരവാദിത്തങ്ങളും ഒരിക്കലും നൽകപ്പെടുന്നതല്ല; അത് സ്വന്തമായി നേടേണ്ടതാണെന്ന ശക്തമായ സന്ദേശമാണ് അദ്ദേഹം പങ്കുവെയ്ക്കുന്നത്.
Naturals Salon co-founder CK Kumaravel speaks on why women must claim authority through ability. He discusses overcoming “Data Bias” and the need for women to re-enter the workforce for a balanced society.
