ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ പദ്ധതികളിലൂടെ ലഭിക്കുന്ന ഫണ്ടിംഗിനെക്കാൾ 3.8 മടങ്ങ് കൂടുതലാണ് സ്വകാര്യ മേഖലയിലൂടെയുള്ള നിക്ഷേപമെന്ന് വ്യക്തമാക്കി ഡിപ്പാർട്ട്മെന്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇൻറേണൽ ട്രേഡ് (DPIIT). രാജ്യത്തെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയിൽ സ്വകാര്യ നിക്ഷേപകരുടെ വിശ്വാസം ശക്തമാണെന്നതിന്റെ സൂചനയാണിതെന്നും ഡിപിഐഐടി വിലയിരുത്തുന്നു.

സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതിയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് സംസാരിക്കവേ ഡിപിഐഐടി സെക്രട്ടറി അമർദീപ് സിംഗ് ഭാട്ടിയയാണ് ഈ വിവരം പങ്കുവെച്ചത്. 2016ൽ ഏകദേശം 400 സ്റ്റാർട്ടപ്പുകൾ മാത്രമുണ്ടായിരുന്ന ഇന്ത്യയിൽ, ഇന്ന് രണ്ടുലക്ഷത്തിലധികം സർക്കാർ അംഗീകൃത സ്റ്റാർട്ടപ്പുകളാണ് പ്രവർത്തിക്കുന്നത്. ആൾട്ടർനേറ്റ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (AIF) സംവിധാനത്തിന്റെ ശക്തിപ്പെടലും സർക്കാർ നയ പിന്തുണയുമാണ് ഈ വളർച്ചയ്ക്ക് പ്രധാന കാരണമായതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സർക്കാർ നേരിട്ട് വലിയ തോതിൽ നിക്ഷേപം നടത്തുന്നതിനേക്കാൾ, സ്വകാര്യ നിക്ഷേപങ്ങളെ ആകർഷിക്കുന്നതിന് പ്രേരിപ്പിക്കുകയെന്ന ദൗത്യമാണ് ഏറ്റെടുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഫണ്ട് ഓഫ് ഫണ്ട്സ് ഫോർ സ്റ്റാർട്ടപ്പ്സ്, നികുതി ഇളവുകൾ, സീഡ് ഫണ്ട് പദ്ധതികൾ തുടങ്ങിയവ സ്വകാര്യ നിക്ഷേപങ്ങൾക്ക് വഴിയൊരുക്കി. ഭാവിയിൽ ഡീപ് ടെക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നിർമ്മാണ മേഖലകൾ എന്നിവയിലുള്ള സ്റ്റാർട്ടപ്പുകളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിലായിരിക്കും സർക്കാർ ശ്രദ്ധ. ആഭ്യന്തര ഉത്പാദനവും ആഗോള മത്സരക്ഷമതയും ഉറപ്പാക്കുന്നതിനായി കോർപ്പറേറ്റുകളും സ്റ്റാർട്ടപ്പുകളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
DPIIT confirms that private investment in Indian startups is 3.8 times higher than government scheme funding. Discover how the private sector is driving the startup ecosystem.
