നാഗ്പൂരിൽ വമ്പൻ ഉത്പാദന കേന്ദ്രം സ്ഥാപിക്കാൻ ഫ്രഞ്ച് വിമാന നിർമാതാക്കളായ ദസ്സോൾട്ട് ഏവിയേഷൻ (Dassault Aviation). വർഷത്തിൽ 24 റാഫേൽ യുദ്ധവിമാനങ്ങൾവരെ നിർമിക്കാൻ കഴിയുന്ന ഉയർന്ന ശേഷിയുള്ള കേന്ദ്രമാണ് സ്ഥാപിക്കാൻ ഒരുങ്ങുന്നത്. ഒരു വിദേശ യുദ്ധവിമാന നിർമാതാക്കൾ ഇന്ത്യയിൽ ഇതുവരെ ആരംഭിക്കുന്നതിൽ ഏറ്റവും വലുതും മഹത്തായതുമായ നിർമാണ പദ്ധതിയായിരിക്കും ഇതെന്ന് അധികൃതർ അറിയിച്ചു.

ഫൈനൽ അസംബ്ലി യൂണിറ്റ് എന്നതിനൊപ്പം പൂർണമായും വ്യവസായവൽക്കരിച്ച ഉത്പാദന ഹബ്ബായി നാഗ്പൂർ കേന്ദ്രം രൂപപ്പെടുത്താനാണ് പദ്ധതി. ഇന്ത്യയ്ക്കായുള്ളതും കയറ്റുമതിക്കായുള്ളതുമായ റാഫേൽ ഓർഡറുകൾ ഒരുപോലെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള കേന്ദ്രമാകുമെന്ന് വ്യവസായ വൃത്തങ്ങൾ പറയുന്നു. നിലവിൽ ഫ്രാൻസിൽ പ്രവർത്തിക്കുന്ന ദസ്സോൾട്ടിന്റെ പ്രധാന റാഫേൽ നിർമാണ കേന്ദ്രത്തിന് പുറമേ, നാഗ്പൂർ രണ്ടാമത്തെ ആഗോള നിർമാണ ഹബ്ബായി മാറും.
റാഫേൽ നിർമാണ പദ്ധതിക്ക് ഇന്ത്യയിലെ വിശാലമായ വ്യോമയാന വ്യവസായ ശൃംഖലയുടെ പിന്തുണ ഉണ്ടാകും. ടാറ്റ, മഹീന്ദ്ര, ഡൈനാമാറ്റിക്സ്, എൽ ആൻഡ് ടി തുടങ്ങിയ പ്രമുഖ ഇന്ത്യൻ കമ്പനികൾക്കൊപ്പം നിരവധി ടയർ–2, ടയർ–3 വിതരണക്കാരും ദസ്സോൾട്ടിന്റെ ആഗോള സപ്ലൈ ചെയിനിൽ ഉൾപ്പെടും. ഇതിനകം തന്നെ ടാറ്റ റാഫേൽ ഫ്യൂസലേജ് ഭാഗങ്ങൾ നിർമിച്ച് നൽകുന്ന പ്രധാന പങ്കാളിയായി മാറിയിട്ടുണ്ട്; ഫ്രാൻസിന് പുറത്തു നിർണായക റാഫേൽ എയർ സ്ട്രക്ചറുകൾ നിർമിക്കുന്നതിന്റെ ആദ്യ ഉദാഹരണമാണിത്. ഈ ദീർഘകാല വ്യവസായ പങ്കാളിത്തം ഇന്ത്യൻ വ്യോമയാന മേഖലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുമെന്നും, ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
French aerospace giant Dassault Aviation is set to establish its second global Rafale production hub in Nagpur. With a capacity to build 24 fighter jets a year, this ‘Make in India’ project will boost the defense sector and create thousands of jobs.
