മലബാർ മേഖലയിലെ വികസനത്തിന് ആക്കം കൂട്ടാൻ പൊന്നാനി തുറമുഖത്ത് വമ്പൻ കപ്പൽ നിർമാണ ശാല ഉടൻ സ്ഥാപിക്കും. കൊച്ചി കപ്പൽശാലയ്ക്കു ശേഷം കേരളത്തിലെ ഏറ്റവും വലിയ കപ്പൽ നിർമാണ കേന്ദ്രമായി പൊന്നാനിയെ മാറ്റാനാണ് പദ്ധതി. കേരള മാരിടൈം ബോർഡിന്റെ നേതൃത്വത്തിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി. രണ്ട് ഘട്ടങ്ങളിലായാണ് കപ്പൽശാലയുടെ നിർമാണം. ഒന്നാം ഘട്ടത്തിൽ 200 കോടി രൂപയുടെ നിക്ഷേപത്തിൽ ചെറുകിട കപ്പലുകളുടെ നിർമാണ കേന്ദ്രം വരും. ഇതിനായി അഴിമുഖത്ത് വാർഫും നിർമിക്കും. രണ്ടാം ഘട്ടമായി 7 മുതൽ 10 വർഷത്തിനുള്ളിൽ 1000 കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കി വൻകിട കപ്പലുകൾ നിർമിക്കാനുള്ള സജ്ജീകരണങ്ങളാണ് വരിക.

പൊന്നാനി ഫിഷിംഗ് ഹാർബറിന് സമീപമായി മാരിടൈം ബോർഡിന്റെ കൈവശമുള്ള 29 ഏക്കറോളം ഭൂമിയിലാണ് നിർദിഷ്ട പദ്ധതി. പുലിമുട്ടിനോട് ചേർന്ന് പഴയ ജങ്കാർ ജെട്ടിക്ക് സമീപം വാർഫ് നിർമാണം നടക്കും. ടെൻഡർ നടപടികൾ പൂർത്തിയായ പദ്ധതിയുടെ കരാർ ഒപ്പിടൽ രണ്ടാഴ്ചയ്ക്കുള്ളിൽ നടക്കുമെന്നാണ് റിപ്പോർട്ട്. കപ്പൽശാല എന്നതിലുപരി പൊന്നാനിയുടെ മുഖച്ഛായ തന്നെ മാറ്റുന്ന വ്യവസായ സമുച്ചയമാണ് സാധ്യമാകുകകയെന്ന് അധികൃതർ അറിയിച്ചു. പദ്ധതി പൂർണതോതിലാകുന്നതോടെ നേരിട്ടും അല്ലാതെയും ആയിരത്തിലധികം പേർക്ക് തൊഴിൽ ലഭിക്കും. പദ്ധതിയുടെ ഭാഗമായി കപ്പൽ നിർമാണ മേഖലയിൽ വിദഗ്ധരായ തൊഴിലാളികളെ വാർത്തെടുക്കാൻ അത്യാധുനിക പരിശീലന കേന്ദ്രവും ആരംഭിക്കും. കപ്പൽ യാർഡ് സജീവമാകുന്നതോടെ പൊന്നാനി തുറമുഖം വഴിയുള്ള ചരക്ക് നീക്കവും വർദ്ധിക്കും.
Kerala is set to get its second-largest shipbuilding yard at Ponnani Port. Under the Kerala Maritime Board, this ₹1000 crore PPP project will boost Malabar’s development and create thousands of jobs. Read more about the two-phase construction and its impact on the region.
