യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യാ സന്ദർശനം ആരംഭിച്ചു. നഹ്യാനെ പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ട് വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. ന്യൂഡൽഹിയിൽ രണ്ടുമണിക്കൂർ നീളുന്ന ഹ്രസ്വസന്ദർശനമാണ് യുഎഇ പ്രസിഡന്റിന്റേത്. ഇന്ത്യ–യുഎഇ സമഗ്ര പങ്കാളിത്തത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദർശനം ഏറെ ശ്രദ്ധയാകർഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള കൂടിക്കാഴ്ചയിൽ വ്യാപാരം, നിക്ഷേപം, പ്രതിരോധ സഹകരണം, ഊർജ മേഖല എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് മുഖ്യ അജണ്ട. മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന അനിശ്ചിത രാഷ്ട്രീയ സാഹചര്യങ്ങൾക്കും ചർച്ചകളിൽ പ്രാധാന്യമുണ്ട്.

ഇറാൻ–അമേരിക്ക ബന്ധങ്ങളിലെ പ്രതിസന്ധി, ഗാസയിലെ രാഷ്ട്രീയ അസ്ഥിരത, യെമൻ വിഷയവുമായി ബന്ധപ്പെട്ട പ്രാദേശിക സംഘർഷങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിലാണ് ഇരുരാജ്യങ്ങൾ തമ്മിലുള്ള ഉന്നതതല ചർച്ചകൾ. മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട നിലപാടുകൾക്കും പ്രത്യേക പ്രാധാന്യമുണ്ട്. ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കഴിഞ്ഞ ഏതാനും വർഷങ്ങളിലായി ശക്തമായ വളർച്ചയാണ് രേഖപ്പെടുത്തുന്നത്. 2022ൽ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) വ്യാപാര-നിക്ഷേപ ബന്ധങ്ങൾക്ക് പുതിയ ഊർജം നൽകി. ഊർജ മേഖലയിലും ദീർഘകാല സഹകരണ കരാറുകൾ നിലവിലുണ്ട്. ഈ സന്ദർശനം ഇന്ത്യ–യുഎഇ ബന്ധത്തിന്റെ തുടർവികസനത്തിൽ പ്രധാന്യമുള്ളതായാണ് വിലയിരുത്തൽ.
PM Narendra Modi receives UAE President Sheikh Mohamed bin Zayed Al Nahyan in New Delhi. The high-level talks focus on boosting defense, energy, and trade investments, alongside discussions on Middle East stability and regional peace.
