ദേശീയപാതാ ഭൂമിയേറ്റെടുക്കലിനായി കേരളം ചിലവഴിച്ച തുക കേന്ദ്രം തിരിച്ചുനൽകുന്നതിലെ കാലതാമസം മറ്റ് സംസ്ഥാനങ്ങളിലേക്കും സമാനമായി പണമടയ്ക്കേണ്ട സാഹചര്യം കാരണമാണെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. ഡൽഹി കർതവ്യഭവനിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്. കേന്ദ്ര ബജറ്റിന് മുന്നോടിയായി നടന്ന കൂടിക്കാഴ്ചയിൽ, പ്രീ-ബജറ്റ് ചർച്ചകളിൽ സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉന്നയിച്ച ആവശ്യങ്ങളാണ് കെ.വി. തോമസ് വീണ്ടും മുന്നോട്ടുവെച്ചത്.

ദേശീയപാതാ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന് കേരളം ചിലവഴിച്ച ഏകദേശം ₹10,000 കോടി രൂപ തിരിച്ചുനൽകണമെന്നതായിരുന്നു പ്രധാന ആവശ്യം. ഇതോടൊപ്പം ജിഎസ്ടി നഷ്ടപരിഹാരമായി ലഭിക്കാനുള്ള ഏകദേശം ₹8,000 കോടി രൂപയും ഉടൻ വിട്ടുനൽകണമെന്ന് കെ.വി. തോമസ് ആവശ്യപ്പെട്ടു. കേരളത്തിൽ എയിംസ് സ്ഥാപിക്കണമെന്ന ആവശ്യവും ചെറുകിട വ്യവസായങ്ങൾക്ക് കൂടുതൽ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികളും ചർച്ചയായി.
Finance Minister Nirmala Sitharaman cites payouts to other states as the reason for the delay in refunding ₹10,000 crore spent by Kerala for NH land acquisition. Key highlights from the meeting with K.V. Thomas.
