രാജ്യത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് കേന്ദ്രമായി തിരുവനന്തപുരത്തെ മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്നൊവേഷൻ, ടെക്നോളജി ആൻഡ് ഒൺട്രൊപ്രൊണർഷിപ് ഹബ്ബിന്റെ തറക്കല്ലിടൽ തിരുവനന്തപുരത്തെ രാജ്യത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ഹബ്ബാക്കാനുള്ള ആദ്യ ചുവടുവെയ്പ്പാണെന്നും പ്രധാനമന്ത്രി പറഞ്ഞു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടന്ന ഔദ്യോഗിക ചടങ്ങിൽ ഹബ്ബിന്റെ തറക്കല്ലിടൽ നടത്തിയ അദ്ദേഹം അമൃത് ഭാരത് അടക്കം ദക്ഷിണേന്ത്യയിൽ നിന്നും കേരളത്തിലേക്ക് സർവീസ് നടത്തുന്ന ട്രെയിനുകളുടെ ഫ്ലാഗ് ഓഫും നിർവഹിച്ചു. തിരുവനന്തപുരം–താംബരം, തിരുവനന്തപുരം–ഹൈദരാബാദ്, നാഗർകോവിൽ–മംഗളൂരു അമൃത് ഭാരത് ട്രെയിനുകൾ, ഗുരുവായൂർ–തൃശൂർ പാസഞ്ചർ, തമിഴ്നാടിനായുള്ള അമൃത് ട്രെയിനുകൾ എന്നിവയാണ് ഫ്ലാഗ് ഓഫ് ചെയ്തത്.

വികസിത ഭാരതത്തിലൂടെ മാത്രമേ വികസിത കേരളം യാഥാർഥ്യമാകാനാകൂ എന്നും അതിനായുള്ള എല്ലാ പിന്തുണയും കേന്ദ്രം ഉറപ്പു നൽകുകയാണെന്നും നരേന്ദ്ര മോഡി പറഞ്ഞു. എല്ലാ കേന്ദ്ര പദ്ധതികളിലും കേരളത്തിന് പ്രാധാന്യം നൽകും. കേരളത്തിന്റെ റെയിൽവേ യാത്രാ സൗകര്യം ഇനി കൂടുതൽ ശക്തമാകുമെന്ന് അദ്ദേഹം പറഞ്ഞു. വികസിത ഭാരത് നിർമാണത്തിന്റെ ചുവടു പിടിച്ചു കഴിഞ്ഞ പതിനൊന്നു വർഷമായി രാജ്യത്തെ നഗരങ്ങളുടെ വികസനത്തിന് കേന്ദ്ര സർക്കാർ വലിയ നിക്ഷേപമാണ് നടത്തി വരുന്നത്. കേരളത്തിലെ മധ്യവർഗക്കാരായ ജനങ്ങൾക്ക് വിവിധ കേന്ദ്ര പദ്ധതികളുടെ പ്രയോജനം പൂർണ തോതിൽ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ട്. രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നഗരത്തിലൂടെ റോഡ് ഷോ നടത്തി.
ലൈഫ് സയൻസസ്, ഡീപ് ടെക്, ആയുർവേദ ഗവേഷണം, സുഗന്ധവ്യഞ്ജന ഇൻകുബേഷൻ, ഗ്രീൻ ഹൈഡ്രജൻ സാങ്കേതികവിദ്യ എന്നിവയെ കേന്ദ്രമാക്കി രൂപകൽപന ചെയ്ത ഇന്നൊവേഷൻ ഹബ്ബിനായി പാപ്പനംകോട് സിഎസ്‌ഐആറിൽ 10 ഏക്കർ ഭൂമിയാണ് അനുവദിച്ചിരിക്കുന്നത്.
ശ്രീചിത്ര തിരുനാൾ ഇന്സ്റ്റിറ്റ്യൂട്ടിൽ റേഡിയോ സർജറി സെന്ററിന്റെ തറക്കലിടൽ, പിഎം സ്വനിധി സ്‌കീമിൽ നിന്നും ഒരു ലക്ഷം പേർക്കുള്ള ക്രെഡിറ്റ് കാർഡ് ലോഞ്ച്, ധനസഹായ വിതരണം എന്നിവയും പ്രധാനമന്ത്രി നിർവഹിച്ചു. സംസ്ഥാന ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, തദ്ദേശ മന്ത്രി എം.ബി. രാജേഷ്, കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, ശശി തരൂർ എംപി, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മേയർ വി.വി. രാജേഷ് തുടങ്ങിയവർ സന്നിഹിതരായി.
PM Narendra Modi lays the foundation for India’s largest Startup Hub in Thiruvananthapuram and flags off new Amrit Bharat trains for Kerala.