പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തി ഫ്ലാഗ് ഓഫ് ചെയ്തതിനു പിന്നാലെ അമൃത് ഭാരത് എക്സ്പ്രസ് സർവീസുകൾ വെള്ളിയാഴ്ച മുതൽ സംസ്ഥാനത്തു ഓടിത്തുടങ്ങി. കുറഞ്ഞ ചെലവിൽ കൂടുതൽ ദൂരം സുഖയാത്ര ചെയ്യാം എന്നതാണ് അമൃത് ഭാരതിന്റെ സവിശേഷത. ശീതീകരിക്കാത്ത 22 കോച്ചുള്ള വണ്ടിയിൽ കൂടുതലായി ജനറൽ സിറ്റിങ്ങും, ബാക്കി 8 സ്ലീപ്പർ കോച്ചുമാണ് ഉള്ളത്. പുഷ് പുൾ സാങ്കേതികവിദ്യയിലായതിനാൽ പെട്ടന്ന് വേഗമെടുക്കാനാകും. പൂർണമായും തദ്ദേശീയമായി നിർമിച്ച ട്രെയിൻ എന്ന സവിശേഷതയുമുണ്ടിതിന്. എയർ സ്പ്രിങ് സസ്പെന്ഷൻ, മികച്ച കുഷ്യൻ സീറ്റുകൾ, മൊബൈൽ ചാർജിങ് സൗകര്യം, റീഡിങ് ലൈറ്റുകൾ എന്നിവയും ഘടിപ്പിച്ചിട്ടുണ്ട്.

ജനറൽ സിറ്റിങ് നിരക്കിൽ ഏറ്റവും ചുരുങ്ങിയ ദൂരം 50 കിലോമീറ്ററും അതിനു 35 രൂപയുമാണ് നിരക്ക്. സ്ലീപ്പർ ടിക്കറ്റിൽ 200 കിലോമീറ്ററാണ് ചുരുങ്ങിയ ദൂരം. ഇത്ര ദൂരം യാത്ര ചെയ്യാൻ165 രൂപയാണ് നിരക്ക്. എക്സ്പ്രസ് സ്ലീപ്പറിന് 150 രൂപയാണ് (200 കിമീ) കുറഞ്ഞ നിരക്ക്. ഇന്ത്യയിൽ ഓടുന്ന മറ്റു ചില അമൃത് ഭാരത് വണ്ടികൾ സൂപ്പർഫാസ്റ്റുകളാണ്. ഇവയുടെ ടിക്കറ്റ് നിരക്കിൽ സൂപ്പർഫാസ്റ്റ് ചാർജും കൂടും.
നാഗർകോവിൽ-മംഗളൂരു ജങ്ഷൻ അമൃത് ഭാരത് എക്സ്പ്രസ് (16329/16330) 17 മണിക്കൂറാണ് മംഗളുരു വരെ ഓടിയെത്താനെടുക്കുന്ന സമയം. ചൊവ്വാഴ്ചകളിൽ രാവിലെ 11.40-ന് നാഗർകോവിലിൽനിന്ന് പുറപ്പെടുന്ന നാഗർകോവിൽ-മംഗളൂരു 20 സ്റ്റോപ്പുകളിൽ നിർത്തും. ബുധനാഴ്ച പുലർച്ചെ അഞ്ചിന് മംഗളൂരുവിൽ എത്തും. തിരുവനന്തപുരം, കോട്ടയം, ഷൊർണൂർ വഴിയാണ് യാത്ര. മലബാറുകാർക്ക് കണ്ണൂരിനും മംഗളുരൂവിനും ഇടയിൽ ഒരു സ്റ്റോപ്പ് മാത്രം നിലവിൽ അനുവദിച്ചതിൽ പ്രതിഷേധമുയർന്നു കഴിഞ്ഞു. കണ്ണൂർ കഴിഞ്ഞാൽ പിന്നെ 86 കിമീ ദൂരമുള്ള കാസർകോട്ട് മാത്രമാണ് സ്റ്റോപ്പ്. മംഗളൂരുവിൽനിന്ന് ബുധനാഴ്ചകളിൽ രാവിലെ എട്ടിന് പുറപ്പെടും. രാത്രി 10.05-ന് നാഗർകോവിലിൽ എത്തും. ഈ യാത്രക്ക് എടുക്കുന്നത് 14 മണിക്കൂർ മാത്രമാണ്.
താംബരം-തിരുവനന്തപുരം അമൃത് ഭാരത്(16121) ബുധനാഴ്ചകളിൽ വൈകീട്ട് 5.30-ന് പുറപ്പെട്ട് വ്യാഴാഴ്ച രാവിലെ എട്ടിന് തിരുവനന്തപുരത്ത് എത്തും. തിരികെ യാത്ര വ്യാഴാഴ്ച പുറപ്പെടും. രാവിലെ 10.40-ന് പുറപ്പെട്ട് അന്ന് രാത്രി 11.45-ന് താംബരത്ത് എത്തും. മധുര, നാഗർകോവിൽ വഴിയാണ് യാത്ര.
ചർലപ്പള്ളി-തിരുവനന്തപുരം അമൃത് ഭാരത്(17041) ഹൈദരാബാദിലെ ചർലപ്പള്ളിയിൽനിന്ന് ചൊവ്വാഴ്ച രാവിലെ 7.15-ന് പുറപ്പെട്ട് ബുധനാഴ്ച ഉച്ചയ്ക്ക് 2.45-ന് തിരുവനന്തപുരത്ത് എത്തും. അന്നേദിവസം വൈകീട്ട് 5.30-ന് പുറപ്പെട്ട് വ്യാഴാഴ്ച രാത്രി 11.30-ന് ചർലപ്പള്ളിയിലെത്തും. കോട്ടയം, എറണാകുളം, ജോലാർപെട്ട, ഗുണ്ടൂർ, വഴിയാണ് യാത്ര. നാഗർകോവിൽ -മംഗലാപുരം, ചർലപ്പള്ളി- തിരുവനന്തപുരം അമൃത് ഭാരത് 27-നും താംബരം-തിരുവനന്തപുരം 28-നുമാണ് സർവീസ് തുടങ്ങുന്നത്.
Amrit Bharat Express begins services in Kerala! Offering high-speed travel with push-pull technology and budget-friendly non-AC sleeper and general coaches. Check routes and timings here.
