നിർമിതബുദ്ധിയെ ഭയക്കേണ്ടതില്ലെന്നും എഐ എന്ത് ചെയ്യണമെന്നതിനേക്കാൾ ആരെ സേവിക്കണമെന്ന് ചിന്തിക്കേണ്ട കാലമാണിതെന്നും സ്പീക്കർ എ.എൻ. ഷംസീർ. വിവിധ മേഖലകളിലെ പ്രായോഗിക സാധ്യതകളും, സാമൂഹികവും സാമ്പത്തികവുമായ സ്വാധീനവും വിലയിരുത്തുക എന്ന ലക്ഷ്യത്തോടെ കോവളം ലീലാ റാവിസ് ഹോട്ടലിൽ സംഘടിപ്പിച്ച കേരള റീജിയണൽ എഐ ഇംപാക്ട് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഐ നിരന്തരമായി ഉപയോഗിക്കണം, അതിനെ ചോദ്യം ചെയ്യണം, എന്നാൽ ഭയക്കരുതെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യജീവിതം മെച്ചപ്പെടുത്തുമ്പോൾ മാത്രമേ അതിന് മൂല്യമുളളൂവെന്നും സ്പീക്കർ കൂട്ടിച്ചേർത്തു. എഐയുടെ നൈതിക ഉപയോഗവും സാങ്കേതികവിദ്യയെക്കുറിച്ചുള്ള അവബോധം പൊതുജനങ്ങളിലേക്ക് കൃത്യമായി എത്തിക്കുന്നതും പ്രധാനമാണ്. എഐ ഉപയോഗത്തിൽ ഉയർന്നുവരാൻ സാധ്യതയുള്ള പ്രശ്നങ്ങൾ ഗൗരവത്തോടെ പരിഗണിക്കണമെന്നും എഐയ്ക്ക് വ്യക്തമായ നിയന്ത്രണങ്ങൾ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള സമ്മേളനങ്ങളിലൂടെ പൊതുജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ മാതൃക സൃഷ്ടിക്കാനാകുമെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു.

ഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിക്ക് മുന്നോടിയായാണ് സംസ്ഥാന സർക്കാർ ‘കേരള എഐ ഫ്യൂച്ചർ കോൺ’ എന്ന ഏകദിന മേഖലാ ഉച്ചകോടി സംഘടിപ്പിച്ചത്. ഈ വർഷം ഫെബ്രുവരിയിൽ ഡൽഹിയിൽ നടക്കുന്ന ഇന്ത്യ എഐ സമ്മിറ്റ് 2026 ചരിത്രമാകുമെന്ന് ചടങ്ങിൽ സംസാരിക്കവേ കേന്ദ്ര ഐടി ആൻഡ് ഇലക്ട്രോണിക്സ് മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യ എഐ മിഷൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ കവിത ഭാട്ടിയ പറഞ്ഞു. ഇന്ത്യ ആദ്യമായാണ് എഐ സമ്മിറ്റിന് ആതിഥേയത്വം വഹിക്കുന്നത്. ലോകത്തെമ്പാടുമുള്ള നിക്ഷേപർ, വ്യവസായികൾ, സ്റ്റാർട്ടപ്പുകൾ, സാങ്കേതിക വിദഗ്ദർ, വിദ്യാർഥികൾ എന്നിവരുടെ ആശയങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിലൂടെ ഗ്ലോബൽ സൗത്തിലെ മറ്റ് രാജ്യങ്ങൾക്കും ഇന്ത്യ മാതൃകയാകുന്നതായും അവർ അഭിപ്രായപ്പെട്ടു. ന്യൂഡൽഹിയിൽ നടക്കുന്ന പരിപാടിയിലേക്ക് 25,000 റജിസ്ട്രേഷനുകൾ ഇതിനോടകം പൂർത്തിയായതായും സമ്മിറ്റിൽ ഒരു ലക്ഷത്തിലധികം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കവിത ഭാട്ടിയ കൂട്ടിച്ചേർത്തു.

ദേശീയതലത്തിലുള്ള ഇന്ത്യ എഐ ഇംപാക്ട് സമിറ്റ് നടക്കുന്നതിനുള്ള മുന്നോടിയായി സംഘടിപ്പിച്ച എഐ ഫ്യൂച്ചർ കോൺ കേരളത്തിൽ അതീവ ഗൗരവത്തോടെയും മികച്ച രീതിയിലുമാണ് ഒരുക്കിയതെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഐടി സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു ഐഎഎസ് പറഞ്ഞു. രാജ്യത്ത് ആറ് കേന്ദ്രങ്ങളിലായി നടക്കുന്ന ഇത്തരം പരിപാടികളിലൊന്നായതിനാൽ തന്നെ വലിയ പ്രാധാന്യമാണ് കേരളം ഇതിന് നൽകിയതെന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ഏറ്റവും പ്രാധാന്യമേറിയ സാങ്കേതികവിദ്യയാണ് എഐ. അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും പിന്തുണയ്ക്കുന്ന സംവിധാനങ്ങളും ഇപ്പോൾ പൂർണമായി സജ്ജമായ സാഹചര്യത്തിൽ, എഐയുടെ പ്രയോജനം എല്ലാ മേഖലയിലും ദൃശ്യമായിത്തുടങ്ങിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ എഐ കഴിവുകൾ ശക്തിപ്പെടുത്തുക, കൂടുതൽ പരിഹാരങ്ങൾ വികസിപ്പിക്കുക, എഐ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുക എന്നിവയ്ക്കാണ് ഇപ്പോൾ പ്രധാന ശ്രദ്ധ. അതേസമയം, ഭരണനിർവഹണ രംഗത്തും എഐ വ്യാപകമായി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. എഐ ഉപയോഗത്തിൽ അതീവ ജാഗ്രത ആവശ്യമാണ് എന്ന കാര്യത്തിൽ പൊതുവായ ധാരണ നിലനിലക്കുന്നുണ്ടെന്നും, പൊതുനന്മയ്ക്കായാണ് എഐ വിനിയോഗിക്കേണ്ടതെന്നതിൽ നേതാക്കളടക്കം എല്ലാവരും ഏകകണ്ഠമായ അഭിപ്രായത്തിലാണ് എന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹ്യനന്മ ഉറപ്പാക്കുന്ന തരത്തിൽ ശക്തമായ നിയമങ്ങളും ചട്ടങ്ങളും രൂപപ്പെടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം, ഇത് ആഗോളതലത്തിലും ദേശീയതലത്തിലും സംസ്ഥാനങ്ങളുടെയും സംയുക്ത പരിശ്രമത്തിലൂടെയാകുമെന്നും ചൂണ്ടിക്കാട്ടി. ഇതിനകം പല രാജ്യങ്ങൾക്കും നയങ്ങൾ നിലവിലുണ്ടെന്നും, ഇന്ത്യയ്ക്ക് ഒരു ഫ്രെയിംവർക്ക് ഉണ്ടെന്നും, കേരളവും എഐയുടെ നൈതികവും ഉത്തരവാദിത്തപരവുമായ ഉപയോഗം ഉറപ്പാക്കുന്ന പ്രത്യേക നയം തയ്യാറാക്കി നടപ്പിലാക്കാനൊരുങ്ങുകയാണെന്നും സീറാം സാംബശിവ റാവു വ്യക്തമാക്കി.
എഐ മേഖലയിലെ വളർച്ചയിൽ കേരളം രാജ്യത്തിനു മുന്നിൽ ജനകേന്ദ്രിതമായ മാതൃക അവതരിപ്പിക്കുമെന്ന് കേരള സ്റ്റേറ്റ് ഐടി മിഷൻ (KSITM) ഡയറക്ടർ സന്ദീപ് കുമാർ ഐഎഎസ് ചൂണ്ടിക്കാട്ടി. ഭാവിയിൽ ഡാറ്റയും അധികാരവും സമ്പത്തും കുറച്ചുപേരിൽ മാത്രം കേന്ദ്രീകരിക്കപ്പെടുന്ന അവസ്ഥ ഉയരാൻ സാധ്യതയുണ്ടെന്നും, ജനാധിപത്യ മൂല്യങ്ങൾ എഐ സംവിധാനങ്ങളിലേക്കും പകർന്നു നൽകുക എന്നതാണ് സംസ്ഥാനത്തിന്റെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. എഐ വികസനത്തോടെ സാമൂഹിക അസമത്വങ്ങൾ വർധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധ വേണമെന്നും, സാങ്കേതികവിദ്യ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും എത്തുന്നുവെന്ന് ഉറപ്പാക്കണമെന്നും സന്ദീപ് കുമാർ പറഞ്ഞു. നയരൂപീകരണത്തിലും പ്രവർത്തനതലത്തിലും എഐ രംഗത്ത് കേരളം ശക്തമായ ഇടപെടലുകൾ നടത്തുമെന്നും, രാജ്യത്തിനുതന്നെ മാതൃകയാകുന്ന പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ-സ്മാർട്ട് പദ്ധതിയിലൂടെ എഐ രംഗത്ത് കേരളം മികച്ച മാതൃകയാണ് സൃഷ്ടിച്ചതെന്ന് കെ-ഫോൺ എംഡിയും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ ഡോ. സന്തോഷ് ബാബു പറഞ്ഞു. 14 മൊഡ്യൂളുകളുള്ള കെ-സ്മാർട്ട് ഇതിനോടകം ഒരു കോടിയിലധികം ഫയലുകൾ തീർപ്പാക്കിയിട്ടുണ്ടെന്നും, ചില സേവനങ്ങളിൽ ഒരു മണിക്കൂറിനുള്ളിൽ തന്നെ 10 ശതമാനം അപേക്ഷകൾ പരിഹരിക്കാൻ കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. മുമ്പ് ബിൽഡിംഗ് പെർമിറ്റുകൾക്കായി മൂന്ന് വ്യത്യസ്ത സോഫ്റ്റ്വെയറുകൾ ഉപയോഗിച്ചിരുന്നതിനാൽ വലിയ സമയനഷ്ടം സംഭവിച്ചിരുന്നു. എന്നാൽ ഇപ്പോൾ ബിൽഡിംഗ് പെർമിറ്റ് മൊഡ്യൂളിൽ മനുഷ്യ ഇടപെടൽ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. 2024 ജനുവരി ഒന്നിന് കെ-സ്മാർട്ട് ആരംഭിച്ചതിനുശേഷം 91,000ത്തിലധികം ബിൽഡിംഗ് പെർമിറ്റുകൾ സംസ്ഥാനത്ത് വിതരണം ചെയ്തതായും ഇത് വൻ മുന്നേറ്റത്തിന്റെ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവാഹ സർട്ടിഫിക്കറ്റുകൾ പോലുള്ളവയ്ക്കായി ആളുകൾ നേരിട്ട് ഓഫീസുകളിൽ എത്തേണ്ട സാഹചര്യം ഒഴിവായതായും, 25 മിനിറ്റിനുള്ളിൽ ഇത്തരത്തിൽ സർട്ടിഫിക്കറ്റുകൾ നൽകാൻ കഴിയുന്ന സംവിധാനമാണ് കെ-സ്മാർട്ട് ഒരുക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിലൂടെ ഇതിനകം 98,000 വിവാഹ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തതായും സന്തോഷ് ബാബു വ്യക്തമാക്കി.
സാങ്കേതികവിദ്യ അതീവ ശക്തമാണെങ്കിലും, വിശ്വാസത്തോടെയും ഉത്തരവാദിത്തത്തോടെയും മാത്രമേ അതിനെ ഉപയോഗിക്കാവൂ എന്ന ആശയമാണ് ഈ എഐ സമ്മിറ്റിൽ പ്രധാന ചർച്ചയായതെന്ന് കേരള സ്റ്റാർട്ടപ് മിഷൻ (KSUM) സിഇഒ അനൂപ് അംബിക അഭിപ്രായപ്പെട്ടു. എഐയുടെ നൈതികവും ഉത്തരവാദിത്തപരവുമായ ഉപയോഗം ഉറപ്പാക്കുന്നതിനുള്ള നയരൂപീകരണം ദേശീയതലത്തിലും സംസ്ഥാനതലത്തിലും പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. എഐയുടെ ഉപയോഗ സാധ്യതകളും പ്രയോഗങ്ങളും നേരിൽ കണ്ടാലേ അതിന്റെ ശക്തിയും അതോടൊപ്പം ഉണ്ടാകാവുന്ന അപകടസാധ്യതകളും നമുക്ക് മനസ്സിലാകൂ. ഡോക്ടർമാർ, അധ്യാപകർ, വിദ്യാർത്ഥികൾ, സിനിമാ പ്രവർത്തകർ തുടങ്ങി യഥാർത്ഥ എഐ ഉപയോക്താക്കളുമായി കൂടുതൽ ആഴത്തിലുള്ള ചർച്ചകൾ അനിവാര്യമാണ്. എഐ ഉപയോഗത്തിനിടെ ഉയർന്നു വരാവുന്ന നിരവധി നൈതിക പ്രശ്നങ്ങൾ ഇത്തരത്തിൽ ആളുകളെ ഒരുമിച്ച് കൊണ്ടുവന്ന് എല്ലാ സാധ്യതകളും പരിശോധിച്ചാലേ കണ്ടെത്താൻ കഴിയൂവെന്നും, അതിന് വ്യക്തമായ ഉത്തരങ്ങൾ ഇപ്പോൾ ആരുടെയും കൈവശമില്ലെന്നും അനൂപ് അംബിക പറഞ്ഞു. ലോകം എങ്ങനെ മാറുമെന്ന്, എഐ ഉപയോഗം മൂലം ഏത് തരത്തിലുള്ള വെല്ലുവിളികൾ ഉയരുമെന്ന് സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാട് നിലവിൽ ആർക്കുമില്ലാത്ത സാഹചര്യത്തിൽ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നോ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നോ ആളുകൾ ഒത്തുചേരുന്ന ഇത്തരം സമ്മേളനങ്ങൾ അതീവ പ്രാധാന്യമുള്ളവയാകുമെന്ന് അദ്ദേഹം വിലയിരുത്തി. അനുഭവങ്ങൾ പങ്കുവെച്ച് അവയിൽ നിന്ന് ലഭിക്കുന്ന നിർണായക വിവരങ്ങൾ നയരൂപീകരണത്തിന് ഉപയോഗപ്പെടുത്താൻ ഇത്തരം വേദികൾ സർക്കാർ സംവിധാനങ്ങൾക്കും നയനിർണയകർക്കും സഹായകരമാകുമെന്നും, എഐയെ എങ്ങനെ നൈതികവും ഉത്തരവാദിത്തപരവുമായ രീതിയിൽ ഉപയോഗിക്കണം എന്ന അതിരുകൾ വ്യക്തമാക്കുന്ന നയങ്ങൾ രൂപപ്പെടുത്തുന്നതിൽ ഈ സമ്മിറ്റ് മികച്ച വേദിയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തരവാദിത്തമുള്ള എഐ (Responsible AI) ഉപയോഗത്തിൽ കേരളത്തിന് നിർണായക പങ്ക് വഹിക്കാനാകുമെന്ന് ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ പറഞ്ഞു. സാങ്കേതികവിദ്യ സമൂഹത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായിരിക്കണം എന്ന ആശയത്തെ മുൻനിർത്തിയാണ് കേരളത്തിൽ നടന്ന പ്രാദേശിക എഐ സമിറ്റ് ശ്രദ്ധേയമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തരവാദിത്തമുള്ള എഐ ഇന്ന് ലോകമെമ്പാടും ചർച്ചാവിഷയമാണ്. രാജ്യങ്ങളും യൂറോപ്യൻ യൂണിയൻ ഉൾപ്പെടെയുള്ള രാജ്യസംഘങ്ങളും എഐയെ എങ്ങനെ നിയന്ത്രിക്കണം എന്നതിനെപ്പറ്റി ആലോചനയിലാണ്. എഐയുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട ആവശ്യകതകൾ വിവിധ വേദികളിൽ ശക്തമായി ഉയർന്നു വരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്നത്തെ സാഹചര്യത്തിൽ എഐ ഒരു ‘ബസ്വേഡ്’ ആയി മാറിയിരിക്കുകയാണെന്നും എല്ലാവരും അതിലേക്ക് ആകർഷിക്കപ്പെടുകയാണെന്നും സുശാന്ത് കുറുന്തിൽ പറഞ്ഞു. എഐയുടെ അമിത ഉപയോഗം ഉണ്ടാക്കാവുന്ന ദോഷഫലങ്ങളെക്കുറിച്ച് പലർക്കും വ്യക്തമായ ധാരണയില്ല. ഏത് സാങ്കേതികവിദ്യ ഉപയോഗിച്ചാലും അതിന് മനുഷ്യസ്പർശം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. മനുഷ്യനാണ് സാങ്കേതിക വികസനത്തിന്റെ കേന്ദ്രബിന്ദുവാകേണ്ടത്. സാങ്കേതികവിദ്യ മനുഷ്യനെ ചുറ്റിപ്പറ്റിയാണ് പ്രവർത്തിക്കേണ്ടത്; മറിച്ച് മനുഷ്യൻ സാങ്കേതികവിദ്യയുടെ അടിമയാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ എഐ സമിറ്റും കേരളത്തിലടക്കം നടക്കുന്ന പ്രാദേശിക എഐ പരിപാടികളും മനുഷ്യകേന്ദ്രിതമായ, ഉത്തരവാദിത്തമുള്ള എഐ ഉപയോഗത്തെക്കുറിച്ച് കൂടുതൽ ശ്രദ്ധ ചെലുത്തുന്നത് ഏറെ ഗുണകരമാകുമെന്നും ഇൻഫോപാർക്ക് സിഇഒ പറഞ്ഞു.
കൃത്രിമബുദ്ധിയിൽ കേരളത്തിന്റെ കാഴ്ചപ്പാടും പ്രവർത്തനങ്ങളും കേരള എഐ ഫ്യൂച്ചർ കോൺ വേദിയിൽ ചർച്ച ചെയ്തു. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പിന്റെ നേതൃത്വത്തിൽ കേരള സർക്കാർ ഐടി വകുപ്പ്, കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യ എഐ മിഷൻ, കേരള ഐടി മിഷൻ എന്നിവയുടെ ഏകോപനത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാന ഐടി വകുപ്പ്, കേരള ഐടി മിഷൻ, കേരള സ്റ്റാർട്ടപ്പ് മിഷൻ, ഡിജിറ്റൽ യൂണിവേഴ്സിറ്റി, സി-ഡിറ്റ്, ഐസിഫോസ് എന്നീ സ്ഥാപനങ്ങൾ ഉച്ചകോടിയുടെ ഔദ്യോഗിക പങ്കാളികളായി. ഇന്ത്യ എഐ മിഷനിലെ മുതിർന്ന ഉദ്യോഗസ്ഥർ, കേന്ദ്ര-സംസ്ഥാന സർക്കാർ പ്രതിനിധികൾ, നയരൂപകർത്താക്കൾ, സാങ്കേതിക വിദഗ്ധർ, സ്റ്റാർട്ടപ്പുകൾ, അക്കാഡമിക് സ്ഥാപനങ്ങൾ, വ്യവസായ പ്രമുഖർ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. കേരളത്തിന്റെ എഐ റോഡ്മാപ്പിനെക്കുറിച്ചുള്ള പ്രധാന ചർച്ചകകൾക്കൊപ്പം എഐ പ്രദർശനവും നടന്നു. ഉത്തരവാദിത്തമുള്ള AI, പൊതുനന്മയ്ക്കുള്ള AI, ഭരണത്തിൽ ജനറേറ്റീവ് AI, കാലാവസ്ഥാ പ്രതിരോധശേഷി, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ AI എന്നീ വിഷയങ്ങളെ ആസ്പദമാക്കി ചർച്ച നടത്തി. നയരൂപകർ, കേന്ദ്ര-സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ, എഐ ഗവേഷകർ, അക്കാഡമിക് വിദഗ്ധർ, വ്യവസായ നേതാക്കൾ, സ്റ്റാർട്ടപ്പ് പ്രതിനിധികൾ, നിക്ഷേപകർ, അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികൾ എന്നിവരടക്കം സമ്മിറ്റിൽ പങ്കെടുത്തു. എഐ എക്സ്പോ, നിക്ഷേപകരുമായുള്ള റൗണ്ട്ടേബിൾ ചർച്ചകൾ, സ്റ്റാർട്ടപ്പ് പിച്ച് സെഷനുകൾ എന്നിവയും ശ്രദ്ധനേടി.
The Kerala AI Futurecon summit concludes with a strong focus on Responsible AI and human-centric governance. Discover how Kerala is leading the way for the India AI Summit 2026
