ബഹിരാകാശത്തിൽ നിന്നുള്ള തന്റെ ഓർമയിൽ പതിഞ്ഞതും വിചിത്രവുമായ അനുഭവങ്ങൾ പങ്കുവെച്ച് ഇന്ത്യൻ വംശജയും നാസാ മുൻ ബഹിരാകാശയാത്രികയുമായ സുനിത വില്യംസ്. പ്രമുഖ പോഡ്കാസ്റ്റർ രാജ് ഷമാനിയുടെ പോഡ്കാസ്റ്റിൽ പങ്കെടുത്ത് സംസാരിക്കവേയാണ് 608 ദിവസം ബഹിരാകാശത്ത് ചിലവഴിച്ച അനുഭവങ്ങൾ അവർ പങ്കുവെച്ചത്. അപൂർവമായ ട്രാൻസിയന്റ് ലൂമിനസ് ഇവന്റ്സ് (TLEs) എന്ന അന്തരീക്ഷ പ്രതിഭാസങ്ങൾ തനിക്ക് അത്ഭുതവും ആകർഷണവും ഉണ്ടാക്കിയതായി സുനിത വില്യംസ് പറഞ്ഞു.

തണ്ടർക്ലൗഡുകളിൽനിന്ന് ഉയർന്നു വരുന്ന ‘ബ്ലൂ ജെറ്റ്സ്’, ‘റെഡ് സ്പ്രൈറ്റ്സ്’ തുടങ്ങിയ അപൂർവ വൈദ്യുത പ്രതിഭാസങ്ങൾ നേരിട്ട് കാണാനും അതിന്റെ ചിത്രങ്ങൾ പകർത്താനും കഴിഞ്ഞതും അവിസ്മരണീയമായ അനുഭവമായിരുന്നുവെന്ന് സുനിത വില്യംസ് വ്യക്തമാക്കി. നഗ്നനേത്രങ്ങൾക്ക് കാണാൻ ബുദ്ധിമുട്ടുള്ള ഈ പ്രതിഭാസങ്ങൾ ആധുനിക ക്യാമറകളുടെ സഹായത്തോടെയാണ് രേഖപ്പെടുത്താൻ സാധിച്ചതെന്നും, ഡോൺ പെറ്റിറ്റ്, മാറ്റ് ഡൊമിനിക് തുടങ്ങിയ സഹയാത്രികർ പകർത്തിയ ചിത്രങ്ങൾ അതിശയിപ്പിക്കുന്നതാണെന്നും അവർ പറഞ്ഞു. ബഹിരാകാശത്ത് കണ്ടതെല്ലാം ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത അനുഭവങ്ങളാണെന്നും, ഇത്രയും പുരോഗതി കൈവരിച്ച സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രകൃതിയുടെ അത്ഭുതങ്ങൾ രേഖപ്പെടുത്താൻ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നും സുനിത വില്യംസ് വ്യക്തമാക്കി. എന്നാൽ ഇതോടൊപ്പം ഭൂമിയെ ചുറ്റി ഭ്രമണം ചെയ്യുന്ന ഉപഗ്രഹങ്ങളുടെ എണ്ണം ഗണ്യമായി വർധിച്ചുവെന്ന യാഥാർത്ഥ്യം തന്നെ ഏറെ അമ്പരപ്പിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.
Renowned NASA astronaut Sunita Williams discusses the wonder of Blue Jets and Red Sprites, the growth of satellite constellations, and her 608 days in space on Raj Shamani’s podcast.
