കേരളത്തിലെ അടിസ്ഥാന സൗകര്യ വികസന ചരിത്രത്തിലെ പുതിയൊരു അധ്യായത്തിന് ഇന്ന് തുടക്കമാവുകയാണ്. പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനകം ലോക സമുദ്ര വ്യാപാര മേഖലയിൽ വിസ്മയമായി മാറിയ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനപ്രവർത്തങ്ങൾക്ക് ഇന്ന് ഔദ്യോഗികമായി തുടക്കമാവുകയാണ്. രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി പ്രഖ്യാപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ.

2024 ജൂലായിൽ ഇവിടെ ആദ്യ മദർഷിപ്പ് വന്നു. 2025 മെയ് 2 ന് ഈ തുറമുഖം നാടിനു സമർപ്പിക്കുകയും ചെയ്തു.
നമ്മുടെ ഈ നാട്, ഈ കേരളം, വികസനത്തിന്റെ കാര്യത്തിൽ കേട്ട പ്രധാന ആക്ഷേപം ‘ഒന്നും നടക്കാത്ത നാട്’ എന്നതാണല്ലോ. ‘ഇതൊന്നും കേരളത്തിന് പറ്റിയ കാര്യമല്ല’ എന്ന് പറഞ്ഞ് നമ്മെ ആക്ഷേപിച്ചവരും പരിഹസിച്ചവരുമുണ്ട്. ആ പരിഹാസങ്ങൾക്കും ആക്ഷേപങ്ങൾക്കും മറുപടിയായാണ് വിഴിഞ്ഞം പദ്ധതി നമ്മൾ യാഥാർഥ്യമാക്കി കാണിച്ചത്. ഇന്ന് നാം വിഴിഞ്ഞം പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്കു കടക്കുകയാണ്.
ചരക്കു നീക്കത്തിനായി നാം മറ്റുള്ളവരെ ആശ്രയിച്ചിരുന്ന കാലം അവസാനിച്ചിരിക്കുന്നു. ഇന്ത്യയുടെ ലോജിസ്റ്റിക് മേഖലയിൽ കേരളം ഇന്ന് ഒരു പ്രധാന ശക്തിയായി മാറുകയാണ്. ഇത് വെറും പറച്ചിലല്ല. നാം കണ്മുന്നിൽ കാണുന്ന യാഥാർത്ഥ്യമാണ്. ചുരുക്കത്തിൽ വിഴിഞ്ഞം പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയായതോടെ ആഗോള കപ്പൽ ചാലിൽ കേരളത്തിന്റെ പേര് സുവർണ്ണ ലിപികളിൽ രേഖപ്പെടുത്തിക്കഴിഞ്ഞു.
പ്രതിവർഷം 10 ലക്ഷം ടി യു ഇ ആയിരുന്നു ആദ്യഘട്ടത്തിൽ വിഴിഞ്ഞത്തിന്റെ ശേഷി. എന്നാൽ വെറും 10 മാസം കൊണ്ട് നമ്മൾ ഈ ലക്ഷ്യം മറികടന്നു. ലോകത്തൊരു പോർട്ടിനും അവകാശപ്പെടാനാവാത്ത നേട്ടമാണിത്. ലോകോത്തര നിലവാരത്തിലുള്ള ഓട്ടോമേഷൻ സാങ്കേതികവിദ്യയും ജീവനക്കാരുടെ ആത്മാർത്ഥമായ പരിശ്രമവുമാണ് ഈ നേട്ടത്തിനു പിന്നിൽ.
ആദ്യ വർഷം തന്നെ 615 കപ്പലുകളും 1.32 ദശലക്ഷം കണ്ടെയ്നറുകളും വിഴിഞ്ഞം കൈകാര്യം ചെയ്തു. 2025 ഡിസംബറിൽ മാത്രം 1.21 ലക്ഷം ടി ഇ യു കൈകാര്യം ചെയ്തു. ലോകത്തിലെ ഏറ്റവും വലുതും ഏറ്റവും ഡ്രാഫ്റ്റ് കൂടിയതുമായ കപ്പലുകൾ വിഴിഞ്ഞത്ത് നങ്കൂരമിട്ടു. അതുവഴി ഈ തുറമുഖത്തിന്റെ കരുത്ത് ലോകം തിരിച്ചറിഞ്ഞു.
പ്രതിമാസം 50 ലേറെ കപ്പലുകൾ ഈ തുറമുഖത്ത് വന്നുപോകുന്നു. ചുരുങ്ങിയ സമയംകൊണ്ട് 1,000 കപ്പലുകൾ എന്ന നേട്ടം നമ്മുടെ കയ്യെത്തും ദൂരത്തുണ്ട്. വിഴിഞ്ഞത്തിന് മുൻപു പ്രവർത്തനം തുടങ്ങിയ പല തുറമുഖങ്ങളെയും പിന്നിലാക്കിയാണ് വിഴിഞ്ഞത്തിന്റെ ഈ കുതിപ്പ്. നമ്മുടെ നാടിനാകെ അഭിമാനകരമായ കാര്യമാണിത്.
ഇന്ത്യയിൽ ആദ്യമായി വനിതകളെ ഓട്ടോമേറ്റഡ് ക്രെയിൻ ഓപ്പറേറ്റർമാരായി നിയമിച്ചതിന്റെ ഖ്യാതിയും വിഴിഞ്ഞത്തിനാണ്. വിഴിഞ്ഞം സ്വദേശികളായ സ്ത്രീകളെ കണ്ടെത്തി പരിശീലിപ്പിച്ചാണ് മാതൃകാപരമായ ഈ നേട്ടം കൈവരിച്ചത്. സ്ത്രീസൗഹൃദ കേരളത്തിന്റെ മറ്റൊരു ഉദാഹരണം കൂടിയാണിത്.
വിഴിഞ്ഞം തുറമുഖത്തെ ഇമിഗ്രേഷൻ ചെക്ക്പോസ്റ്റായി കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടുണ്ട്. ഇതിലൂടെ അന്താരാഷ്ട്ര കപ്പൽ പാതയിലെ പ്രധാന കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ഹബ്ബാകുന്നതോടൊപ്പം ഒരു പ്രധാന ക്രൂ ചേഞ്ച് ഹബ്ബായും വിഴിഞ്ഞം ശക്തിപ്പെടും. ആഡംബര ക്രൂയിസ് കപ്പലുകൾക്കും ഇനിമുതൽ വിഴിഞ്ഞത്ത് എത്തിച്ചേരുവാൻ സാധിക്കും. ഇത് സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് നൽകുന്ന ഉത്തേജനം ചെറുതല്ല.
രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ ഇവിടെ നടക്കുകയാണ്. നിലവിലെ 800 മീറ്റർ കണ്ടെയ്നർ ബെർത്ത് 2,000 മീറ്റർ ആയി വികസിപ്പിക്കുകയാണ്. ഇത് പൂർത്തിയാകുന്നതോടു കൂടി രാജ്യത്തെ ഏറ്റവും നീളം കൂടിയ കണ്ടെയ്നർ ബെർത്ത് എന്ന നേട്ടവും വിഴിഞ്ഞം തുറമുഖം സ്വന്തമാക്കും.
അതേപോലെ, നിലവിലുള്ള 2.96 കിലോമീറ്റർ പുലിമുട്ട് 3.88 കിലോമീറ്റർ ആയും വർദ്ധിപ്പിക്കും. നിലവിൽ തുറമുഖത്തിനായി നിർമ്മിച്ചിട്ടുള്ള പുലിമുട്ട് രാജ്യത്തെ ഏറ്റവും ആഴം കൂടിയ പുലിമുട്ടാണ്. രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾക്കായി ഭൂമിയൊന്നും ഏറ്റെടുക്കേണ്ടി വരുന്നില്ല. പകരം കടൽ നികത്തിയാണ് ആവശ്യമായ ഭൂമി കണ്ടെത്തുന്നത്. നിലവിലുള്ളവയ്ക്കു പുറമെ 12 പുതിയ ഷിപ്പ് ടു ഷോർ ക്രെയിനുകൾ, 27 പുതിയ യാർഡ് ക്രെയിനുകൾ എന്നിവ സ്ഥാപിക്കും.
തുറമുഖത്തിന്റെ ഒന്നാം ഘട്ടം 24,000 ടി ഇ യു കണ്ടെയ്നർ ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകൾ കൈകാര്യം ചെയ്യാൻ കഴിയുന്ന രീതിയിലുള്ളതാണ്. എന്നാൽ തുടർഘട്ടങ്ങൾ കൂടി പൂർത്തിയാകുന്നതോടെ, 28,840 ടി ഇ യുവരെ ശേഷിയുള്ള നെക്സ്റ്റ് ജെൻ കണ്ടെയ്നർ കപ്പലുകളെയും കൈകാര്യം ചെയ്യാൻ ഈ തുറമുഖം സജ്ജമാകും. മറ്റൊരു പ്രധാന കാര്യം, ഒരേസമയം 5 മദർഷിപ്പുകൾ വരെ കൈകാര്യം ചെയ്യാൻ പാകത്തിൽ തുറമുഖം വികസിക്കും എന്നതാണ്.
ഇന്ത്യൻ തുറമുഖങ്ങളെ സേവിക്കുന്ന ഒരു ദേശീയ ട്രാൻസ്ഷിപ്മെന്റ് ടെർമിനലായി പ്രവർത്തനമാരംഭിച്ച വിഴിഞ്ഞം തുറമുഖം, പൂർണ്ണ വികസനം കൈവരിക്കുന്നതോടെ രാജ്യാന്തര ട്രാൻസ്ഷിപ്മെന്റ് ഹബ്ബായി ഉയരും. അതായത്, ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലുള്ള തുറമുഖങ്ങളിലടക്കം, സേവനം എത്തിക്കുന്ന ഒരു അന്താരാഷ്ട്ര ട്രാൻസ്ഷിപ്മെന്റ് ഹബ്ബായി വിഴിഞ്ഞം മാറും. അതോടെ ആഗോള കടൽവാണിജ്യ ഭൂപടത്തിൽ അതിപ്രധാന കേന്ദ്രമായി നമ്മുടെ വിഴിഞ്ഞം തുറമുഖം മാറിത്തീരും. ഇന്ന് ആരംഭിക്കുന്ന രണ്ടാംഘട്ട വികസനം സമയബന്ധിതമായി തന്നെ പൂർത്തീകരിക്കും.
ഈ തുറമുഖത്തിന്റെ രണ്ട്, മൂന്ന്, നാല് ഘട്ടങ്ങൾ നിശ്ചയിച്ചതിലും 17 വർഷം മുന്നേ, അതായത് 2028 ൽ തന്നെ ഈ മൂന്ന് ഘട്ടങ്ങളും സംയോജിപ്പിച്ച് വിഴിഞ്ഞത്തിന്റെ തുടർവികസനം പൂർത്തിയാക്കും. 2035 മുതൽ സംസ്ഥാന സർക്കാരിന് വരുമാന വിഹിതം ലഭിച്ചു തുടങ്ങും. പൂർണ്ണതോതിലുള്ള വികസന പ്രവർത്തനങ്ങൾ നേരത്തെ പൂർത്തിയാകുന്നതിനാൽ സർക്കാരിന്റെ വരുമാനവിഹിതം നേരത്തെ കണക്കാക്കിയതിനേക്കാൾ വർദ്ധിക്കുമെന്ന കാര്യത്തിലും സംശയമില്ല.
വിഴിഞ്ഞത്ത് ഇതുവരെ ട്രാൻഷിപ്മെന്റ് മാത്രമാണ് നടത്തിവന്നിരുന്നത്. ഇപ്പോൾ റോഡു വഴിയുള്ള ചരക്കുനീക്കത്തിന് നമ്മൾ തയാറായിക്കഴിഞ്ഞു. തുറമുഖത്തെയും ദേശീയപാതയെയും ബന്ധിപ്പിക്കുന്ന റോഡ് പൂർത്തിയായിരിക്കുന്നു. അതിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കുന്നുണ്ട്. ഏറ്റവും അടുത്ത ദിവസങ്ങളിൽ തന്നെ റോഡുവഴിയുള്ള ചരക്കു നീക്കവും ആരംഭിക്കും. ഈ തുറമുഖത്തിന്റെ ഒന്നാം ഘട്ടത്തിനായി 5,500 കോടിയോളം രൂപയാണ് സംസ്ഥാന സർക്കാർ മുടക്കിയത്. രാജ്യത്ത് മറ്റൊരു സർക്കാരും തുറമുഖ നിർമ്മാണത്തിനായി ഇത്രയും വലിയൊരു നിക്ഷേപം നടത്തിയിട്ടില്ല. രാജ്യത്തിനാകെ പ്രയോജനം ലഭിക്കുന്ന പദ്ധതിയായാണ് നാം ഇതിനെ കാണേണ്ടത്.
വിഴിഞ്ഞത്തിന്റെ തീരത്ത് നിന്ന് ലോകത്തിനു നാം നൽകുന്ന വലിയ സന്ദേശം ഇതാണ് ‘കേരളം മാറുകയാണ്, കേരളം മുന്നേറുകയാണ്’. ഇനിയും ഒരുപാട് കാര്യങ്ങൾ ഇവിടെ ചെയ്യാനുണ്ട്. ജനങ്ങളുടെയാകെ പിന്തുണയോടെ അവയും പൂർത്തീകരിക്കുക തന്നെ ചെയ്യും.
നാടിന്റെ വികസനവും ക്ഷേമവും ഉറപ്പാക്കുന്ന ഒരു നവകേരളത്തിനായി നമുക്ക് ഒരുമിച്ച് മുന്നേറാം എന്ന് അറിയിച്ചുകൊണ്ട് വിഴിഞ്ഞം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെയും പോർട്ട് ദേശീയപാതാ റോഡിന്റെയും ഉദ്ഘാടനം നിർവ്വഹിച്ചതായി അറിയിക്കുന്നു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഒന്നാം ഘട്ടം യാഥാർത്ഥ്യമായതും തുടർപ്രവർത്തനങ്ങൾക്ക് ഇന്ന് നിർമ്മാണ ഉദ്ഘാടനം സാധ്യമാക്കിയതും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ വികസന കാഴ്ചപ്പാടും ഇച്ഛാശക്തിയും ഒന്നുകൊണ്ട് മാത്രമാണന്ന് തുറമുഖ വകുപ്പ് മന്ത്രി വി എൻ . വാസവൻ പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം തുടർഘട്ട വികസനപ്രവർത്തനങളുടെ നിർമ്മാണ ഉദ്ഘാടന വേദിയിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
നിർമ്മാണം ആരംഭിച്ച സമയത്ത് നിർമ്മാണ സാമഗ്രികളുടെ ക്ഷാമം പ്രശ്നമായിരുന്നു. അതിനുശേഷം ഓഖി പിന്നിട് പ്രളയം അതിനുശേഷം കോവിഡ് മഹാമാരി എന്നിങ്ങനെ നേരിട്ട പ്രതിസന്ധികളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇച്ഛാശക്തിയോടെ എടുത്ത തീരുമാനങ്ങളാണ് നാം ഇന്ന് കാണുന്ന നേട്ടം സാധ്യമാക്കിയത്.
2045-ല്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്ന സമ്പൂര്‍ണ്ണ വികസനം 2028 ഓടെ യാഥാര്‍ത്ഥ്യമാക്കുന്നത് കണ്‍സഷണയറുമായി 2023 ല്‍ ഏര്‍പ്പെട്ട സപ്ലിമെന്ററി കണസഷന്‍ കരാര്‍ പ്രകാരമാണ് തുറമുഖത്തിന്റെ 2, 3, 4 ഘട്ടങ്ങള്‍ 17 വര്‍ഷങ്ങള്‍ക്കു മുമ്പേ സംയോജിതമായി വികസിപ്പിക്കുവാന്‍ കഴിഞ്ഞത്.
തുടർഘട്ട നിർമ്മാണ ഉദ്ഘാടനം മാത്രമല്ല ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റോഡും തുറന്നു നൽകി ഇനി കരമാർഗ്ഗമുള്ള ചരക്ക് നീക്കവും സാധ്യമാവുകയാണ് . ഫെബ്രുവരി ആദ്യ ആഴ്ച്ചയിൽ തന്നെ റോഡ് മാർഗ്ഗമുള്ള ചരക്ക് നീക്കം ആരംഭിക്കും. കേരളത്തിന്റെ വികസന ചരിത്രത്തിലെ മറ്റൊരു ചരിത്ര നിമിഷമാണ് ഈ സായാഹ്നം.
തുറമുഖം പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ 710 കപ്പലുകളില്‍ നിന്നും 15.13 ലക്ഷം റ്റി.ഇ.യു കൈകാര്യം ചെയ്തുകൊണ്ട് മികച്ച പ്രവര്‍ത്തന മികവ് തുറമുഖം കാഴ്ച വെയ്ക്കുകയും, യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക, ഏഷ്യ തുടങ്ങിയ വന്‍കരകളിലെ പ്രമുഖ തുറമുഖങ്ങളിലേക്ക് നേരിട്ടുള്ള സര്‍വ്വീസുകള്‍ ആരംഭിക്കുവാനും സാധിച്ചിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിലെ വാണിജ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇതുവരെ ഏതാണ്ട് 106 കോടി രൂപ നികുതി ഇനത്തില്‍ സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്.
തുടർവികസനം പൂർത്തീകരിക്കുമ്പോൾ ആഗോള സമുദ്രാധിഷ്ഠിത ചരക്കു നീക്കത്തില്‍ ഒരു സുപ്രധാന കണ്ണിയായും, ദക്ഷിണേഷ്യയുടെ ഒരു തന്ത്രപ്രധാന വാണിജ്യ കവാടമായും വിഴിഞ്ഞം തുറമുഖം മാറും.
Chief Minister Pinarayi Vijayan inaugurates Vizhinjam Port Phase 2 expansion. Discover how Kerala is becoming a global logistics powerhouse, achieving 17 years of development goals by 2028 with world-class automation.
