അതിവേഗം മുന്നേറി ഇന്ത്യയുടെ ആഴക്കടൽ ഗവേഷണ ദൗത്യമായ സമുദ്രയാൻ (Samudrayaan). ഇതിന്റെ ഭാഗമായി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി (NIOT), ചെന്നൈയിൽ വികസിപ്പിച്ച മത്സ്യ–6000 (Matsya-6000) അന്തർവാഹിനി മെയ് മാസത്തിൽ ആദ്യ ഡൈവിംഗിന് തയ്യാറെടുക്കുകയാണ്. 500 മീറ്റർ ആഴത്തിൽ നടത്തുന്ന പരീക്ഷണ ഡൈവ്, ഭാവിയിൽ 6000 മീറ്റർ ആഴത്തിലേക്ക് എത്തുന്ന മനുഷ്യസഞ്ചാര ദൗത്യത്തിലേക്കുള്ള നിർണായക ഘട്ടമാണ്. 25 ടൺ ഭാരമുള്ള സബ്മേഴ്സിബിളിന്റെ ഇന്റഗ്രേഷൻ ജോലികൾ എൻഐഓടിയുടെ ചെന്നൈ കേന്ദ്രത്തിൽ പുരോഗമിക്കുകയാണ്.

ആദ്യഘട്ടത്തിലെ ചെറിയ ആഴത്തിലുള്ള പരീക്ഷണം ഒഴിവാക്കി നേരിട്ട് 500 മീറ്റർ ഡൈവിലേക്ക് കടക്കുകയാണ് ലക്ഷ്യമെന്ന് എൻഐഓടി ഡയറക്ടർ പ്രൊഫ. ബാലാജി രാമകൃഷ്ണൻ അറിയിച്ചു. പ്രഷർ ഹൾ സുരക്ഷ, ലൈഫ് സപ്പോർട്ട് സംവിധാനം, നാവിഗേഷൻ സെൻസറുകൾ എന്നിവ യഥാർത്ഥ സാഹചര്യത്തിൽ പരിശോധിച്ച് മെച്ചപ്പെടുത്താൻ ഇതിലൂടെ സാധിക്കും. ഭൂശാസ്ത്ര മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള സമുദ്രയാൻ പദ്ധതി, മനുഷ്യസഞ്ചാര അന്തർവാഹിനി സാങ്കേതികവിദ്യയിൽ അമേരിക്ക, റഷ്യ, ചൈന, ഫ്രാൻസ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളുടെ കൂട്ടത്തിലേക്ക് ഇന്ത്യയെ ഉയർത്തുന്നു. ടൈറ്റാനിയം ഹൾ ഘടിപ്പിച്ച മത്സ്യ–6000 മൂന്ന് അക്വാനോട്ടുകൾക്ക് 12 മണിക്കൂർ ദൗത്യം (അത്യാഹിതങ്ങളിൽ 96 മണിക്കൂർ) നടത്താൻ കഴിയും.
ഗവേഷണ കപ്പൽ സാഗർ നിധിയിൽ നിന്ന് വിന്യസിക്കുന്ന മത്സ്യ–6000, സമുദ്രജീവജാല പഠനം, ഭൂഗർഭ ഘടന മാപ്പിംഗ്, പോളിമെറ്റാലിക് നോഡ്യൂളുകൾ ഉൾപ്പെടെയുള്ള വിഭവാന്വേഷണങ്ങൾക്ക് സഹായകരമാകും. മെയ് മാസത്തിലെ ഡൈവ് വിജയകരമായാൽ 2026 അവസാനം അല്ലെങ്കിൽ 2027ൽ 6000 മീറ്റർ ദൗത്യങ്ങൾക്ക് വഴിയൊരുക്കും. ഇതോടെ ബ്ലൂ ഇക്കോണമി, കാലാവസ്ഥാ ഗവേഷണം, ആഴക്കടൽ സാങ്കേതികവിദ്യകൾ എന്നിവയിൽ ഇന്ത്യയുടെ സാധ്യതകൾ വർധിക്കുമെന്നും എൻഐഓടി അറിയിച്ചു.
India accelerates its deep-sea exploration as the Samudrayaan mission’s Matsya-6000 submersible prepares for its first 500-meter dive in May. Read more about NIOT’s ambitious project.
