ലോകത്തിലെ ഏറ്റവും ശക്തമായ ഹൈഡ്രജൻ ലോക്കോമോട്ടീവ് പ്രൊപ്പൽഷൻ സിസ്റ്റം വികസിപ്പിക്കുന്നതിനുള്ള വമ്പൻ കരാറിൽ ഒപ്പിട്ട് കേന്ദ്ര സർക്കാറിനു കീഴിലുള്ള നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ലിമിറ്റഡ് (NTPC). 3,100 ഹോർസ്പവർ ശേഷിയുള്ള ലോക്കോമോട്ടീവ് രൂപകൽപനയ്ക്കും നിർമ്മാണത്തിനുമായാണ് എൻടിപിസിയും റെയിൽ ടെക്നോളജി കമ്പനിയായ കോൺകോർഡ് കൺട്രോൾ സിസ്റ്റംസ് ലിമിറ്റഡും (CNCRD) കരാറിൽ ഒപ്പിട്ടിരിക്കുന്നത്. അഞ്ചു മില്യൺ ഡോളറിന്റെ കരാറിലൂടെ നിലവിലെ ഡീസൽ ലോക്കോമോട്ടീവിനെ ഹൈഡ്രജൻ അടിസ്ഥാനമാക്കിയ ലോക്കോമോട്ടീവാക്കി മാറ്റുന്ന പദ്ധതിയാണ് പ്രധാനമായും നടപ്പിലാക്കുക.

പദ്ധതി പൂർത്തിയായാൽ ആഗോളതലത്തിൽ നിലവിലുള്ള ഏകദേശം 1,600 ഹോർസ്പവർ ശേഷിയുള്ള ഹൈഡ്രജൻ റെയിൽ സിസ്റ്റങ്ങളുടെ മാനദണ്ഡം ഇരട്ടിയിലധികം എന്ന നിലയ്ക്ക് മറികടക്കാൻ ഇന്ത്യയ്ക്ക് സാധിക്കും. കോൺകോർഡിന്റെ സഹസ്ഥാപനമായ അഡ്വാൻസ് റെയിൽ കൺട്രോൾസ് പ്രൈവറ്റ് ലിമിറ്റഡ് (ARCPL), റെയിൽവേ എൻജിനീയറിംഗ് വർക്സുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഭാരവാഹന ഗതാഗതത്തിൽ ഹൈഡ്രജന്റെ പ്രായോഗിക ഉപയോഗം തെളിയിക്കുന്ന മാതൃകാ പദ്ധതിയായാണ് NTPC പദ്ധതിയെ വിലയിരുത്തുന്നത്.
2030ഓടെ നെറ്റ് സീറോ-എമിഷൻ എന്ന ഇന്ത്യൻ റെയിൽവേയുടെ ലക്ഷ്യത്തോടും പദ്ധതി യോജിച്ചുനിൽക്കുന്നു. ആഭ്യന്തര എൻജിനീയറിംഗിന്റെയും വിവിധ മേഖലകളുടെയും സഹകരണശേഷി തെളിയിക്കുന്ന ഈ നീക്കം, ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ഇന്ത്യയെ നെക്സ്റ്റ് ജെൻ റെയിൽ സാങ്കേതികവിദ്യകളുടെ ആഗോള കേന്ദ്രമായി ഉയർത്തും. ഭാവിയിൽ യൂറോപ്പ്, ജപ്പാൻ, ഓസ്ട്രേലിയ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലേക്ക് ഹൈഡ്രജൻ ലോക്കോമോട്ടീവുകളുടെ കയറ്റുമതി സാധ്യതയും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
NTPC and Concord Control Systems partner to develop a 3,100 HP hydrogen locomotive, the world’s most powerful, supporting India’s 2030 Net-Zero goal.
