ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ‘മദർ ഓഫ് ഓൾ ഡീൽസ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കരാർ രണ്ട് സാമ്പത്തിക ശക്തികൾ തമ്മിലുള്ള ഏറ്റവും വലിയ കരാറാണ്. ആഗോള ജിഡിപിയുടെ 25 ശതമാനവും ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്നുമാണ് ഈ കരാർ പ്രതിനിധാനം ചെയ്യുന്നത്. ഇന്ത്യയിലേക്കുള്ള യൂറോപ്യൻ യൂണിയൻ ഉത്പന്നങ്ങളുടെ 96.6% തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നതാണ് കരാർ. ഇരു കക്ഷികളും തമ്മിലുള്ള കരാർ വലിയ അവസരങ്ങൾ നൽകുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിർമാണ മേഖലക്ക് വലിയ ഉത്തേജനം നൽകുന്ന കരാർ എണ്ണപര്യവേഷണത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.

കരാറിലൂടെ പ്രതിരോധരംഗത്ത് തന്ത്രപരമായ സഹകരണമാണ് ഇന്ത്യയും യൂറോപ്യൻ യൂണിയനും ലക്ഷ്യമിടുന്നത്. 27 രാജ്യങ്ങൾ അടങ്ങുന്നതാണ് യൂറോപ്യൻ യൂണിയൻ. കരാർ ഇന്ത്യയുടെ 1.4 ബില്യൺ ജനങ്ങൾക്കും യൂറോപ്യൻ രാജ്യങ്ങളിലെ കോടിക്കണക്കിന് ആളുകൾക്കും വലിയ അവസരങ്ങൾ നൽകുമെന്നും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് വസ്ത്രം, രത്നങ്ങൾ, ആഭരണങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ തുടങ്ങിയ മേഖലകളെ ശക്തിപ്പെടുത്തുമെന്നും മോഡി പറഞ്ഞു. ടെക്സ്റ്റൈൽസ്, ലെതർ തുടങ്ങിയ മേഖകളിൽ വലിയ തോതിൽ നികുതി കുറയും. വിദേശ കാറുകളുടെ അടക്കം ഇറക്കുമതി തീരുവയും കുറയും. ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്നാണ് കരാർ പ്രതിനിധാനം ചെയ്യുന്നത്. അതുകൊണ്ടാണ് ഇതിനെ ലോകത്തെ ഏറ്റവും വലിയ വ്യാപാരക്കരാറെന്ന് വിശേഷിപ്പിക്കപ്പെടുന്നത്. കരാർ പ്രകാരം ഇന്ത്യക്ക് പുതിയ വിപണികൾ ലഭിക്കും. യുഎസ് ഏർപ്പെടുത്തിയ വലിയ ഉപരോധം നിലനിൽക്കുമ്പോഴാണ് ഇന്ത്യ യൂറോപ്യൻ യൂണിയൻ വഴി ലോകത്തെ 27ഓളം രാജ്യങ്ങളിലെ കമ്പോളങ്ങൾ ഇന്ത്യയ്ക്ക് ലഭിക്കുന്നത്.
കരാറോടെ എണ്ണ ശുദ്ധീകരണ രംഗത്ത് ഇന്ത്യ വൻ ശക്തിയായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏകദേശം 20 വർഷത്തെ ചർച്ചകൾക്ക് ശേഷമുള്ള പ്രധാന വഴിത്തിരിവാണ് കരാറിലൂടെ യാഥാർത്ഥ്യമാകുക. 2007 മുതൽ വ്യാപാര കരാർ സംബന്ധിച്ച് ഇന്ത്യയും യൂറോപ്യൻ രാജ്യങ്ങളും ചർച്ച നടത്തുന്നുണ്ട്. എന്നാൽ വ്യാപാര കരാറിലേക്ക് എത്താനായിരുന്നില്ല. യൂറോപ്യൻ കമ്മീഷൻ പ്രസിഡൻറ് ഉർസുല വോൻ ഡെയർ, യൂറോപ്യൻ കൗൺസിൽ പ്രസിഡൻറ് അൻറോണിയോ കോസ്റ്റ എന്നിവർ പങ്കെടുത്ത ഇന്നത്തെ ഉച്ചകോടിയിൽ കരാർ സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തുകയായിരുന്നു. തുടർന്ന് ഏറെക്കാലമായി കാത്തിരുന്ന സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ വിജയകരമായി അവസാനിച്ചതായി ഇന്ത്യ പ്രഖ്യാപിക്കുകയായിരുന്നു. കരാർ നിയമപരമായി പ്രാബല്യത്തിൽ വരാൻ അംഗീകാര നടപടികൾ ഉൾപ്പെടെയുള്ളവ പൂർത്തിയാക്കേണ്ടതുണ്ടെന്ന് അധികൃതർ അറിയിച്ചു.
PM Modi announces the historic India-EU trade pact, slashing tariffs on 96.6% of goods. Covering 25% of global GDP, this ‘Mother of all Deals’ transforms textiles, cars, and defense sectors.
