ഇന്ത്യയിൽ വമ്പൻ നിക്ഷേപങ്ങൾ പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്. ആന്ധ്രാപ്രദേശിലും ഗുജറാത്തിലും പുതിയ ഷോപ്പിംഗ് മാളുകളും ലോജിസ്റ്റിക്സ് കേന്ദ്രങ്ങളുമാണ് ലുലു പദ്ധതിയിടുന്നത്. ഇതിനുപുറമേ തമിഴ്നാട്, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ ഹൈപ്പർമാർക്കറ്റുകൾ തുറക്കാനും ഗ്രൂപ്പ് പദ്ധതിയിടുന്നു. ഈ നിക്ഷേപങ്ങളിലൂടെ ഇന്ത്യയിലുടനീളമുള്ള സാന്നിധ്യം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും സംസ്ഥാനത്തെ പുതിയ പദ്ധതികൾക്കായി കരാറിൽ ഒപ്പിട്ടിരുന്നു. വിശാഖപട്ടണത്ത് മെഗാ ഷോപ്പിംഗ് മാൾ, വിജയവാഡയിൽ ഭക്ഷ്യ സംഭരണ-കയറ്റുമതി കേന്ദ്രം, റായലസീമയിൽ ഭക്ഷ്യ സംസ്കരണ ലോജിസ്റ്റിക്സ്-കയറ്റുമതി ഹബ് എന്നിങ്ങനെയുള്ള പദ്ധതികളാണ് നടപ്പാക്കുക. കഴിഞ്ഞ നവംബറിൽ വിശാഖപട്ടണത്ത് നടന്ന സിഐഐ പാർട്ണർഷിപ്പ് ഉച്ചകോടിയിലാണ് ധാരണാപത്രം ഒപ്പുവെച്ചത്. വിശാഖപട്ടണം ലുലു മാളിന്റെ നിർമാണം ഉടൻ ആരംഭിക്കുമെന്നും ഇത് ആന്ധ്രയിലെ വലിയ റീട്ടെയിൽ പദ്ധതിയാകുമെന്നും യൂസഫലി പറഞ്ഞു. മൂന്ന് വർഷത്തിനുള്ളിൽ തുറക്കുന്ന മാൾ 5,000 പേർക്ക് നേരിട്ടും 12,000 പരോക്ഷമായും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഭക്ഷ്യ സംസ്കരണ, കയറ്റുമതി ശേഷി വർധിപ്പിക്കാൻ വിജയവാഡയിൽ പ്രത്യേക കേന്ദ്രവും ലുലു സ്ഥാപിക്കും. നിക്ഷേപങ്ങളെ സ്വാഗതം ചെയ്ത മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, ലുലുവിന്റെ പദ്ധതികൾ സംസ്ഥാന വികസനത്തിന് നിർണായക സംഭാവന നൽകുമെന്നും വ്യക്തമാക്കി. വിശാഖപട്ടണത്തെ മാളിനെ ഇന്ത്യയിലെ ലുലു പദ്ധതികളിലെ ‘നവരത്ന’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
അതേസമയം, ഗുജറാത്തിൽലെ ഗാന്ധിനഗറിൽ ഒരു ഷോപ്പിംഗ് മാളിന് ലുലു സ്ഥലം കണ്ടെത്തിയിട്ടുണ്ട്. തമിഴ്നാട്ടിൽ, ചെന്നൈയിൽ രണ്ട് ലുലു ഹൈപ്പർമാർക്കറ്റുകൾ 2026 പകുതിയോടെ തുറക്കാൻ സാധ്യതയുണ്ട്. ബെംഗളൂരു, ലഖ്നൗ, നോയിഡ, ഗുരുഗ്രാം എന്നിവിടങ്ങളിലും പുതിയ ഹൈപ്പർമാർക്കറ്റുകളും എക്സ്പ്രസ് സ്റ്റോറുകളും അന്തിമഘട്ടത്തിലാണ്.
LuLu Group announces massive investments in India! From a mega mall in Visakhapatnam to food processing hubs in Gujarat and AP, M.A. Yusuff Ali’s group is set to create thousands of jobs.
