വ്യവസായ മേഖലയ്ക്ക് വൻ പ്രാധാന്യം നൽകി 2026–27 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റ്. വ്യവസായ മേഖലയ്ക്കായി ആകെ 1,417.26 കോടി രൂപയാണ് ബജറ്റിൽ നീക്കിവെച്ചിരിക്കുന്നത്. ഇത് മുൻവർഷത്തേക്കാൾ 122.54 കോടി രൂപ കൂടുതലാണ്. വ്യവസായ–ഖനന മേഖലക്ക് ആകെ 1,973.51 കോടി രൂപയാണ് വകയിരുത്തിയത്. മുൻവർഷത്തേക്കാൾ 154.15 കോടി രൂപയുടെ വർധനയാണിത്.

സംസ്ഥാനത്ത് വ്യവസായ വളർച്ച ഉറപ്പാക്കുന്നതിന് പാർക്ക് അധിഷ്ഠിത വികസന മാതൃകയാണ് സർക്കാർ പിന്തുടരുന്നത്. പുതിയ വ്യവസായ പാർക്കുകൾക്കായി ഭൂമി ഏറ്റെടുക്കൽ, നിലവിലുള്ള പാർക്കുകളുടെ സൗകര്യ വികസനം എന്നിവയ്ക്ക് മുൻഗണന നൽകും. കേറ്റ് സയൻസ് പാർക്ക് (രണ്ടാം ഘട്ടം), മെഡിക്കൽ ഡിവൈസസ് പാർക്ക്, പെട്രോകെമിക്കൽ പാർക്ക് എന്നിവയുടെ പൂർത്തീകരണമാണ് പ്രധാന ലക്ഷ്യം. സംയോജിത ഐടി–വ്യവസായ പാർക്കുകളുടെയും ടെക്നോളജി പാർക്കുകളുടെയും വികസനത്തിനും അധിക തുക അനുവദിച്ചിട്ടുണ്ട്.
വൻകിട വ്യവസായങ്ങൾക്കും കിൻഫ്രയ്ക്കും ബജറ്റ് ഊന്നൽ നൽകുന്നു.
പുതിയ പാർക്കുകളും അടിസ്ഥാന സൗകര്യങ്ങളും ബജറ്റ് പ്രഖ്യാപനത്തിലുണ്ട്. കിൻഫ്ര മുഖേന ഇടുക്കിയിൽ മിനി ഭക്ഷ്യ പാർക്ക് സ്ഥാപിക്കുന്നതിന് 4 കോടി രൂപയും എറണാകുളത്ത് മിനി ഭക്ഷ്യ പാർക്കിനായി 8 കോടി രൂപയും വകയിരുത്തി. കൊട്ടാരക്കരയിൽ Integrated IT cum Industrial പാർക്കിനായി 10 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. കൊല്ലം വ്യവസായ പാർക്ക് വിപുലീകരണത്തിന് 10 കോടി, കണ്ണൂരിൽ മൾട്ടി സെക്ടർ ലോജിസ്റ്റിക്സ് സൗകര്യത്തിന് 2.5 കോടി, കണ്ണൂർ, കാസർഗോഡ്, എറണാകുളം ജില്ലകളിൽ പുതിയ വ്യവസായ പാർക്കുകളുടെ അടിസ്ഥാന സൗകര്യങ്ങൾക്ക് 9.5 കോടി എന്നിങ്ങനെയും ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്.
FM KN Balagopal allocates ₹1,417.26 Cr for Kerala’s industrial sector. Highlights include new industrial parks, Petrochemical Park commissioning, and ₹310 Cr for MSMEs.
