ഇന്ത്യയിൽ വോട്ട് മോഷ്ടിക്കുന്നതിന് പുറമെ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുടെ പണം കവരുന്ന ‘നോട്ടുചോരി’ കൂടി നടത്തുകയാണെന്ന് ബജറ്റ് പ്രസംഗത്തിനിടെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആരോപിച്ചു. കേരളത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളെ സിഎജി പ്രശംസിച്ച റിപ്പോർട്ട് നിലനിൽക്കെയാണ് കേന്ദ്രം സംസ്ഥാനത്തെ അവഗണിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

സാമ്പത്തിക വർഷാവസാനം ചിലവുകൾ ഏറ്റവും കൂടുതൽ വരുന്ന സമയത്ത്, അംഗീകരിച്ച കടപരിധിയിൽ നിന്ന് 5944 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചത് കേരളത്തിനുള്ള ഇരട്ട പ്രഹരമാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തോടുള്ള ഈ കൊടിയ സാമ്പത്തിക അവഗണനയ്ക്കെതിരെയുള്ള പ്രതിഷേധം കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ബജറ്റ് പ്രസംഗത്തിലൂടെ താൻ രേഖപ്പെടുത്തുന്നതായും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളെ വെറും ഉപഗ്രഹങ്ങളെപ്പോലെയോ അല്ലെങ്കിൽ വിഹിതത്തിനായി കാത്തുനിൽക്കുന്ന ‘ഏറാൻ മൂളികളെ’പ്പോലെയോ കാണുകയാണെന്ന് മന്ത്രി വിമർശിച്ചു. ഈ നടപടിയിൽ പ്രതിഷേധം അറിയിക്കാൻ ഡൽഹിയിൽ പോയി കേന്ദ്ര ധനമന്ത്രിയെ നേരിൽ കണ്ടിട്ടും ഫലമുണ്ടായില്ല. ഇത്തരം നടപടികൾ ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തെ തകർക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നത് കേരളത്തിന്റെ ആകെ റെവന്യൂ വരുമാനത്തിന്റെ വെറും 25 ശതമാനം മാത്രമാണ്. ബാക്കി 75 ശതമാനവും സംസ്ഥാനം സ്വന്തം നിലയ്ക്കാണ് കണ്ടെത്തുന്നത്. രാജ്യത്തെ ശരാശരി എടുത്താൽ മറ്റ് സംസ്ഥാനങ്ങൾക്ക് 50 ശതമാനത്തിന് മുകളിൽ കേന്ദ്ര വിഹിതം ലഭിക്കുന്നുണ്ട്. അപ്പോളാണ് കേരളത്തോടുള്ള കടുത്ത അവഗനയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സാമ്പത്തിക വർഷാവസാനം അംഗീകരിച്ച കടപരിധിയിൽ നിന്ന് 5944 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചത് കേരളത്തിനുള്ള ഇരട്ട പ്രഹരമാണ്. ഈ വർഷം മാത്രം കേരളത്തിന് അർഹതപ്പെട്ട വരുമാനത്തിൽ നിന്ന് 17,000 കോടി രൂപയാണ് അപ്രതീക്ഷിതമായി നഷ്ടപ്പെട്ടത്. കൂടാതെ, വരാനിരിക്കുന്ന ജിഎസ്ടി നിരക്ക് പരിഷ്കരണം മൂലം പ്രതിവർഷം 8000 കോടി രൂപയുടെ നഷ്ടം വേറെയും ഉണ്ടാകാൻ സാധ്യതയുണ്ട്.
സംസ്ഥാനങ്ങളുടെ സാമ്പത്തിക അവകാശങ്ങൾക്ക് മേലുള്ള കേന്ദ്രത്തിന്റെ കടന്നുകയറ്റമാണ് വരും കാലത്ത് രാജ്യം നേരിടാൻ പോകുന്ന ഏറ്റവും വലിയ പ്രശ്നമെന്ന് ധനമന്ത്രി മുന്നറിയിപ്പ് നൽകി.