ഒട്ടകങ്ങൾക്കായി ഫോട്ടോ പതിച്ച പ്രത്യേക പാസ്പോർട്ടുകൾ അനുവദിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ച് സൗദി അറേബ്യ. സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയമാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. സൗദി അറേബ്യയുടെ സാംസ്കാരിക അടയാളമായ ഒട്ടകങ്ങളെ ലോകോത്തര നിലവാരത്തിൽ തിരിച്ചറിയാൻ ഈ നീക്കം സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു. സൗദിയിലെ ഒട്ടക വളർത്തൽ മേഖലയെ ആധുനികവത്കരിക്കുന്നതിലെ സുപ്രധാന നീക്കമായാണ് പദ്ധതി വിലയിരുത്തപ്പെടുന്നത്.

സൗദി വിഷൻ 2030ന്റെ ഭാഗമായി ഒട്ടക വളർത്തൽ മേഖലയെ കൂടുതൽ കാര്യക്ഷമവും വ്യവസ്ഥാപിതവുമാക്കാനും ആഗോള വിപണിയിൽ വിശ്വാസ്യത വർധിപ്പിക്കാനും ഈ നീക്കം സഹായിക്കും. മനുഷ്യരുടെ പാസ്പോർട്ടിന് സമാനമായി ഒട്ടകങ്ങളുടെ ഫോട്ടോകൾ ഉൾപ്പെടുത്തിയ തിരിച്ചറിയൽ രേഖയാണ് പദ്ധതിയിലൂടെ നടപ്പാക്കുക. തിരിച്ചറിയൽ കാർഡ് എന്നതിനപ്പുറം ഒട്ടകങ്ങളുടെ സമഗ്രമായ ഡിജിറ്റൽ വിവരങ്ങളാണ് പാസ്പോർട്ടിൽ ഉൾക്കൊള്ളിക്കുക. മൈക്രോചിപ്പ് നമ്പർ, പാസ്പോർട്ട് നമ്പർ, പേര്, ജനന തീയതി, ഇനം, ലിംഗം, നിറം, ജനിച്ച സ്ഥലം തുടങ്ങിയ വിവരങ്ങളും രേഖപ്പെടുത്തും. ഇതിനുപുറമേ മൃഗ ഡോക്ടറുടെ ഒപ്പും സ്റ്റാമ്പും അടങ്ങിയ വാക്സിനേഷൻ ഷെഡ്യൂളും പാസ്പോർട്ടിലുണ്ടാകും. ഒട്ടകങ്ങളുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നതിനും പകർച്ചവ്യാധികൾ തടയുന്നതിനുമെല്ലാം ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ഒട്ടകങ്ങളുടെ ഉടമസ്ഥാവകാശം തെളിയിക്കുക, വിൽപനയും ഗതാഗതവും സുതാര്യമാക്കുക തുടങ്ങിയവയ്ക്ക് ഈ രേഖ നിർബന്ധമാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ഒട്ടകങ്ങളുടെ ജനിതക ഗുണനിലവാരം വിശകലനം ചെയ്യാനും മികച്ച ഇനങ്ങളെ സംരക്ഷിക്കാനും ഇതിലൂടെ സാധിക്കും. ഇതുവഴി ഉടമസ്ഥാവകാശ തർക്കങ്ങൾ ഒഴിവാക്കാനും വിപണിയിൽ ഇടപാടുകാരുടെ വിശ്വാസം വർധിക്കാനും കഴിയും. കൃത്യമായ ഡാറ്റാബേസ് തയ്യാറാക്കുന്നതിലൂടെ രാജ്യത്തെ മൃഗസമ്പത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ.
Saudi Arabia launches a revolutionary passport system for camels. Featuring microchips and digital IDs, the move aims to modernize the sector under Vision 2030
