2026–27ലെ സർക്കാരിന്റെ 12.2 ലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപം (Capex) പ്രധാനമായും കപ്പൽ നിർമാണം , ദേശീയ പാതകൾ , റെയിൽവേ , മെട്രോ റെയിൽ പദ്ധതികൾ എന്നിവയ്ക്കായിരിക്കും നീക്കിവയ്ക്കുകയെന്ന് എക്സ്പൻഡിച്ചർ സെക്രട്ടറി വി. വുവൽനം വ്യക്തമാക്കി. കേന്ദ്ര ബജറ്റിനു ശേഷം പിടിഐയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കപ്പൽ നിർമാണം പുതിയ ശ്രദ്ധാ മേഖലയായി ഉയർന്നിട്ടുണ്ട്. ഇപ്പോൾ ഇത് അടിസ്ഥാന സൗകര്യ മേഖലയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. വരും വർഷങ്ങളിൽ കൂടുതൽ പങ്ക് വഹിക്കും. ഇതിലൂടെ ഇന്ത്യയുടെ കപ്പൽ മാർക്കറ്റ് പങ്ക് വർധിപ്പിക്കുകയും വിദേശ കപ്പൽ ചിലവുകൾ കുറയ്ക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ പിന്തുണയ്ക്കായി കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ സെപ്റ്റംബറിൽ 69,725 കോടി രൂപയുടെ പാക്കേജ് അംഗീകരിച്ചതായും രാജ്യാന്തര-അന്താരാഷ്ട്ര നിലവാരത്തിലുള്ള കപ്പൽ നിർമാണം വികസിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വലിയതും പുതിയതുമായ അടിസ്ഥാന സൗകര്യ പദ്ധതികളുള്ള മേഖലകൾ – പ്രത്യേകിച്ച് ഹൈവേകൾ, റെയിൽവേ, മെട്രോ നെറ്റ്വർക്കുകൾ ഉൾപ്പെടെയുള്ള നഗര ഗതാഗതം – അടുത്ത സാമ്പത്തിക വർഷത്തിൽ പൊതു മൂലധന ചിലവിൽ ആധിപത്യം പുലർത്തുന്നത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു. 2026–27ലെ മൊത്തം ചിലവ് 53.47 ലക്ഷം കോടി രൂപയിലധികം വരും. മൂലധന ചിലവ് 12.22 ലക്ഷം കോടി രൂപയായി സർക്കാർ ബജറ്റ് ചെയ്തിട്ടുണ്ട്. ഭൗതിക അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനും ദീർഘകാല വളർച്ച വർധിപ്പിക്കുന്നതിനും ഈ ചിലവ് ലക്ഷ്യമിടുന്നു-അദ്ദേഹം പറഞ്ഞു.
നേരത്തേ 2027 സാമ്പത്തിക വർഷത്തേയ്ക്ക് 12.2 ലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപമാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചത്. ഇതോടെ കേന്ദ്രം വളർച്ചോന്മുഖമായ നടപടികൾ തുടരുമെന്ന് ഉറപ്പായി. അതേസമയം ബജറ്റ് കമ്മി ലക്ഷ്യം കൈവരിക്കാനും സാമ്പത്തിക ഏകീകരണ പദ്ധതി പൂർത്തിയാക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്. 2026 സാമ്പത്തികവർഷത്തിൽ വകയിരുത്തിയ 11.21 ലക്ഷം മൂലധന ചിലവിനേക്കാൾ 9 ശതമാനം കൂടുതലാണ് നിലവിലത്തേത്.
പൊതു അടിസ്ഥാന സൗകര്യങ്ങളുടെ വലിയ തോതിലുള്ള മെച്ചപ്പെടുത്തലിനായി ഗവൺമെന്റ് നിരവധി സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. അതേസമയം, വളർച്ചാ കേന്ദ്രങ്ങളായി വികസിച്ചിരിക്കുന്ന 5 ലക്ഷത്തിലധികം ജനസംഖ്യയുള്ള (ടയർ II, ടയർ III) നഗരങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ ഗവൺമെന്റ് തുടർന്നും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ബജറ്റ് അവതരണ വേളയിൽ ധനമന്ത്രി വ്യക്തമാക്കിയിരുന്നു.
റോഡുകൾ, റെയിൽവേകൾ, തുറമുഖങ്ങൾ, പ്രതിരോധ അടിസ്ഥാന സൗകര്യങ്ങൾ, നഗര സൗകര്യങ്ങൾ തുടങ്ങിയ ദീർഘകാല ആസ്തികൾ നിർമിക്കുന്നതിനും ഏറ്റെടുക്കുന്നതിനും നവീകരിക്കുന്നതിനുമുള്ള സർക്കാർ ചിലവുകളാണ് മൂലധന ചിലവ് അഥവാ കാപക്സ് എന്നറിയപ്പെടുന്നത്. ഇത് സമ്പദ് വ്യവസ്ഥയിൽ ബഹുമുഖ പ്രഭാവം നിലനിർത്തുന്നു. സർക്കാർ മൂലധനം വർധിക്കുന്നതിനനുസരിച്ച് സ്വകാര്യ നിക്ഷേപങ്ങൾ കൂടുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ഉത്പാദന ശേഷി വർദ്ധിക്കുകയും ചെയ്യും. ചരക്ക് നീക്കം സുഗമമാകുന്നത് വ്യാവസായിക വളർച്ചയ്ക്കും കാരണമാകും.
കേന്ദ്രസർക്കാറിന്റെ വളർച്ചാ തന്ത്രത്തിന്റെ കേന്ദ്രബിന്ദുവായി മൂലധന ചിലവ് മാറിയിട്ടുണ്ട്. 2014–15ൽ ഏകദേശം 2 ലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപം 2026–27 സാമ്പത്തിക വർഷത്തിൽ 12.2 ലക്ഷം കോടി രൂപയായി ഉയർന്നു. ഫലപ്രദമായ മൂലധന ചിലവ് കഴിഞ്ഞ ദശകത്തിൽ നാലിരട്ടിയിലധികമാണ് വർധിച്ചിരിക്കുന്നത്.
Government earmarks ₹12.20 lakh crore for capital expenditure in FY27. Discover how investments in shipbuilding, highways, and railways will drive India’s long-term growth.
