ഇലോൺ മസ്ക് നേതൃത്വം നൽകുന്ന ടെസ്ലയിൽ 13 വർഷം സേവനമനുഷ്ഠിച്ച ഇന്ത്യൻ വംശജനായ വൈസ് പ്രസിഡന്റ് രാജ് ജഗന്നാഥൻ രാജിവെച്ചിരിക്കുകയാണ്. ലിങ്ക്ഡ്ഇന്നിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം കമ്പനിയിൽനിന്നും പടിയിറങ്ങുന്നതായി അറിയിച്ചത്.

ടെസ്‌ലയിലെ തന്റെ യാത്രയെ “തുടർച്ചയായ പരിണാമത്തിന്റെ അനുഭവം” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. രാജി വെയ്ക്കുന്നതിന് മുമ്പ്, ഐടി, എഐ ഇൻഫ്രാസ്ട്രക്ചർ, ബിസിനസ് ആപ്ലിക്കേഷനുകൾ, ഇൻഫർമേഷൻ സെക്യൂരിറ്റി തുടങ്ങിയ പ്രധാന വിഭാഗങ്ങളുടെ ചുമതല അദ്ദേഹത്തിനായിരുന്നു. കൂടാതെ, നോർത്ത് അമേരിക്കൻ സെയിൽസ് മേധാവിയെ നീക്കിയതിന് ശേഷം ടെസ്ലയുടെ വിൽപന പ്രവർത്തനങ്ങളുടെ മേൽനോട്ടവും അദ്ദേഹത്തിനായിരുന്നു.
2012ൽ ക്ലൗഡ് സെക്യൂരിറ്റിയിലും ഐടിയിലും സാങ്കേതിക വിദഗ്ധനായി ടെസ്‌ലയിൽ ചേർന്ന രാജ് ജഗന്നാഥൻ പിന്നീട് വൈസ് പ്രസിഡന്റ് പദവിയിലേക്ക് ഉയർന്നു. ഐഐടിയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് എംബിഎയും നേടിയ അദ്ദേഹം, ഇൻഫോസിസിൽ നിന്നാണ് കരിയർ ആരംഭിച്ചത്. വിൽപന ഇടിവും ബ്രാൻഡ് പ്രതിച്ഛായയെ ബാധിക്കുന്ന വെല്ലുവിളികളും നേരിടുന്ന ഘട്ടത്തിലാണ് ടെസ്‌ലയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ. 2025ൽ ടെസ്‌ല ചരിത്രത്തിലെ ആദ്യ വരുമാന ഇടിവ് രേഖപ്പെടുത്തിയതോടൊപ്പം, നിരവധി മുതിർന്ന ഉദ്യോഗസ്ഥർ കൂടി കമ്പനി വിട്ടത് കമ്പനി നേരിടുന്ന പ്രതിസന്ധി കൂടുതൽ വെളിവാക്കുന്നതായി വിലയിരുത്തപ്പെടുന്നു.
Tesla Vice President Raj Jegannathan has resigned after a 13-year tenure. From leading AI infrastructure to managing North American sales, learn about the veteran executive’s journey and why his exit marks a significant shift for Elon Musk’s Tesla