പുതിയ ചെമ്മീൻ കണ്ടെത്തി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (CUSAT) ഗവേഷകർ. സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസിലെ ഗവേഷകരാണ് ആൽഫിഡെ കുടുംബത്തിൽ പെടുന്ന പുതിയ തോക്ക് ചെമ്മീൻ അഥവാ സ്നാപ്പിംഗ് ചെമ്മീൻ (Pistol shrimp or snapping shrimp) ഇനത്തെ കണ്ടെത്തിയത്. പുതിയ ചെമ്മീന് ‘ആൽഫിയസ് മധുസൂദനൈ’ എന്ന പേര് നൽകി. കേരള ഫിഷറീസ് സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലറും മത്സ്യ ശാസ്ത്ര വിദഗ്ധനുമായ ഡോ. മധുസൂദന കുറുപ്പിന്റെ ബഹുമാനാർത്ഥമാണ് നാമകരണം.

ഇത്തരം ചെമ്മീൻ ഇനങ്ങൾക്ക് പാരിസ്ഥിതികവും സാമ്പത്തികവുമായ പ്രാധാന്യമുണ്ടെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. 2006 മുതൽ നടത്തിയ പഠനത്തിനൊടുവിലാണ് ഈ ചെമ്മീനെ കണ്ടെത്തിയത്. തോക്ക് ചെമ്മീന്റെ പ്രത്യേകതയും അപൂർവ ഇനമെന്ന സ്ഥിരീകരണവും ആർതർ ആംഗർ എന്ന വിദേശ ശാസ്ത്രജ്ഞനാണ് നിർവഹിച്ചത്. കൊച്ചി കായലിലെ വൈപ്പിൻ ഭാഗത്തു നിന്നാണ് മത്സ്യത്തെ കണ്ടെത്തിയത്. അഞ്ച് ജോഡി കാലുകളാണ് ഇവയ്ക്കുള്ളത്. ശരീരത്തിൽ തലയും നെഞ്ചും ചേർന്ന ഭാഗത്ത് വരുന്ന കാലുകൾ ശക്തമാണ്. ജോഡി കാലുകളിൽ ഒരെണ്ണം വലുതും പരന്നതുമാണ്. ഇവ ഭക്ഷ്യയോഗ്യമല്ല. അലങ്കാര മത്സ്യമായാണ് കൂടുതലും ഉപയോഗിക്കുന്നത്. കണ്ടൽ വനങ്ങളുള്ള കായൽ പ്രദേശങ്ങളിലും പവിഴപ്പുറ്റുകൾ നിറഞ്ഞ സമുദ്ര പ്രദേശങ്ങളിലുമാണ് അധിവസിക്കുന്നത്.
പുതിയ കണ്ടെത്തലിനെ സംബന്ധിച്ച ഗവേഷണ ലേഖനം ജേർണൽ ഓഫ് മറൈൻ ബയോളജിക്കൽ അസോസിയേഷൻ യുകെ എന്ന ശാസ്ത്ര പ്രസിദ്ധീകരണത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇൻഡസ്ട്രിയൽ ഫിഷറീസ് വിഭാഗത്തിലെ ഗവേഷക വിദ്യാർഥികളായ കെ.പി. വിഷ്ണു, യു. അഭയ് കൃഷ്ണ, പോസ്റ്റ് ഡോക്ടറൽ ഫെലോ ഡോ. ബി. നിധിൻ, സീനിയർ പ്രഫസർ ഡോ. എം. ഹരികൃഷ്ണൻ എന്നിവരാണ് ഗവേഷണ സംഘത്തിലുള്ളത്.
Researchers from CUSAT have discovered a new species of snapping shrimp, ‘Alpheus madhusudanai’, in the Kochi backwaters. Named after Dr. Madhusoodana Kurup, this rare find highlights the ecological richness of Kerala’s estuaries.
