ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെന്റ് വിപ്ലവമായ UPI-യെ പ്രശംസകൊണ്ട് മൂടി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഡൽഹിയിൽ നടന്ന ‘ഇന്ത്യ AI ഇംപാക്ട് സമിറ്റ് 2026’-ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റൊരു രാജ്യത്തിനും കെട്ടിപ്പടുക്കാൻ കഴിയാത്ത ഒന്നാണ് ഇന്ത്യ നിർമ്മിച്ചിരിക്കുന്നത്—140 കോടി ജനങ്ങൾക്കായി ഒരു ഡിജിറ്റൽ ഐഡന്റിറ്റി,” മാക്രോണിന്റെ ഈ വാക്കുകൾ സദസ്സിൽ വലിയ കൈയടിയോടെയാണ് സ്വീകരിച്ചത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഭാവി രൂപപ്പെടുത്തുന്ന വേദിയാണ് ഈ ഉച്ചകോടിയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. തന്നെ ക്ഷണിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്തു. 2024-ൽ ഇന്ത്യ സന്ദർശിച്ചപ്പോൾ ജയ്പൂരിലെ ഹവാ മഹലിന് സമീപമുള്ള ഒരു കടയിൽ നിന്ന് പ്രധാനമന്ത്രി മോദിക്കൊപ്പം അദ്ദേഹം ചായ കുടിച്ചിരുന്നു. അന്ന് കുൽഹാഡിലെ (മൺപാത്രം) ചായയ്ക്ക് മോദി തന്റെ ഫോണിലൂടെ യുപിഐ വഴി പണം നൽകിയത് മാക്രോണിനെ അത്ഭുതപ്പെടുത്തിയിരുന്നു. യുപിഐയുടെ വേഗതയും ലാളിത്യവും നേരിട്ട് കണ്ടറിഞ്ഞ മാക്രോൺ അന്ന് മുതൽ ഇതിന്റെ വലിയ ആരാധകനാണ്.

ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ (DPI) ലോകത്തിന് തന്നെ മാതൃകയാവുകയാണെന്ന് തെളിയിച്ച് ഫ്രാൻസിലും യുപിഐ സേവനങ്ങൾ സജീവമാകുന്നുണ്ട്. 2024 ഫെബ്രുവരിയിൽ ഫ്രാൻസ് ഔദ്യോഗികമായി യുപിഐ സ്വീകരിച്ചതോടെ, ഈ സംവിധാനം നടപ്പിലാക്കുന്ന ആദ്യ യൂറോപ്യൻ രാജ്യമായി ഫ്രാൻസ് മാറി. 2023 ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസ് സന്ദർശിച്ചപ്പോഴാണ് ഇന്ത്യൻ സഞ്ചാരികൾക്ക് അവിടെ യുപിഐ ഉപയോഗിക്കാമെന്ന പ്രഖ്യാപനം നടത്തിയത്. 2024 ഫെബ്രുവരിയിൽ ഇത് യാഥാർത്ഥ്യമായി. ഇന്ത്യയുടെ ‘എൻപിസിഐ ഇന്റർനാഷണൽ പേയ്മെന്റ് ലിമിറ്റഡും’ (NIPL) ഫ്രാൻസിലെ ‘ലൈറയും’ (Lyra) തമ്മിലുള്ള കരാറിലൂടെയാണ് ഫ്രാൻസിലെ വ്യാപാര സ്ഥാപനങ്ങളിൽ യുപിഐ സ്വീകരിച്ചു തുടങ്ങിയത്. ഫ്രാൻസിലെത്തുന്ന ഇന്ത്യൻ വിനോദസഞ്ചാരികൾക്കും അവിടെ പഠിക്കുന്ന വിദ്യാർത്ഥികൾക്കും തങ്ങളുടെ ഫോണിലുള്ള യുപിഐ ആപ്പുപയോഗിച്ച് ഉപയോഗിച്ച് തന്നെ ഇനി പണമിടപാടുകൾ നടത്താം. കറൻസി മാറുന്നതിനോ കാർഡുകൾ ഉപയോഗിക്കുന്നതിനോ ഉള്ള ബുദ്ധിമുട്ട് ഇതിലൂടെ ഒഴിവായി. ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളെ ഒരൊറ്റ മൊബൈൽ ആപ്പുമായി ബന്ധിപ്പിക്കാൻ യുപിഐ (Unified Payments Interface) സഹായിക്കുന്നു. തൽക്ഷണ പണമിടപാടുകൾക്കും കടകളിൽ പണം നൽകുന്നതിനും ഇത് ഏറെ ലളിതമാണ്.
French President Emmanuel Macron hails India’s UPI and Digital Public Infrastructure at the AI Impact Summit 2026. Learn how the India-France tech partnership is making UPI a global standard.
