ചായക്ക് 10 രൂപ, 20 രൂപയുണ്ടെങ്കിൽ നല്ല ചൂടൻ സമൂസയും വടയും കാപ്പിയും കിട്ടും. വിമാനത്തിലേക്ക് കയറാൻ ബോർഡിങ് പാസ് എടുക്കുന്നതിനു മുമ്പ് ഒന്ന് വിശപ്പടക്കാം. ഇത് തിരുവനന്തപുരം നഗരത്തിനുള്ളിലെ തട്ടുകടയൊന്നുമല്ല. സാക്ഷാൽ തിരുവനന്തപുരം വിമാനത്താവളമാണ്. വിശ്വസിക്കാനാകുന്നില്ല അല്ലെ. അതെ, കേരളത്തിലുമെത്തി ഈ സംവിധാനം. വിമാനയാത്രികർക്ക് 10 രൂപയ്ക്ക് ചായ ലഭിക്കുന്ന ഉഡാൻ യാത്രി കഫെ തിരുവനന്തപുരം വിമാനത്താവളത്തിൽ കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി റാം മോഹൻ നായിഡു ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഇത്തരത്തിലെ ആദ്യ ഉഡാൻ കഫെ ആണിത്. തിരുവനന്തപുരം വിമാനത്താവളത്തിലെ ഡിജി യാത്ര സേവനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

തിരുവനന്തപുരത്തിനൊപ്പം അദാനി എയർപോർട്ട്സിന് കീഴിലുള്ള മംഗളൂരു, മുംബൈ, നവി മുംബൈ വിമാനത്താവളങ്ങളിലും ഉഡാൻ കഫെ തുടങ്ങി.
ശംഖുമുഖത്തെ ആഭ്യന്തര ടെർമിനലിലും ചാക്കയിലെ രാജ്യാന്തര ടെർമിനലിലും 2 കഫേകളാണ് ഇന്ന് തുറന്നത്. 10 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് സ്നാക്സും ലഭിക്കും. നിലവിൽ വിമാനത്താവളത്തിന്റെ ചെക്ക് ഇൻ ഏരിയയിലാണ് ഇത്തരം ബജറ്റ് ഫ്രണ്ട്ലി കൗണ്ടറുകൾ ആരംഭിച്ചിരിക്കുന്നത്. എന്നാൽ സെക്യൂരിറ്റി ചെക്കിന് ശേഷം അകത്തുള്ള ബോർഡിങ് ഗേറ്റ് പരിസരത്തും ഇത്തരം കുറഞ്ഞ നിരക്കിലുള്ള കൗണ്ടറുകൾ വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
ഡിജി യാത്ര സേവനങ്ങളുടെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന ആഭ്യന്തര യാത്രക്കാർക്ക് ഡിജിയാത്രക്കായി 4 ഗേറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്. ട്രയൽ ഓപ്പറേഷൻ കാലയളവിൽ ഏതാണ്ട് 21% യാത്രക്കാർ ഈ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.
പുണെ, ചെന്നൈ, കൊൽക്കത്ത, അഹമ്മദാബാദ്, ഭുവനേശ്വർ വിമാനത്താവളങ്ങളിലും ഇപ്പോൾ ഇത്തരം ബജറ്റ് ഫ്രണ്ട്ലി കൗണ്ടറുകൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
Union Minister Ram Mohan Naidu inaugurates the Udan Yatree Cafe at Trivandrum Airport, offering tea for ₹10 and snacks for ₹20. DigiYatra services also officially launched for seamless travel.
