ഇന്ത്യയിലെ ഡിജിറ്റൽ വായ്പാ രംഗത്ത് വമ്പൻ ചുവടുവെപ്പുമായി ഭാരതി എയർടെൽ. ഇതര ധനകാര്യ സ്ഥാപനമായ എയർടെൽ മണി ലിമിറ്റഡിൽ 20,000 കോടി രൂപ നിക്ഷേപിക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. വരും വർഷങ്ങളിൽ നിക്ഷേപിക്കുന്ന തുകയിൽ 70 ശതമാനം എയർടെല്ലും ബാക്കി 30 ശതമാനം പ്രൊമോട്ടർ ഗ്രൂപ്പായ ഭാരതി എന്റർപ്രൈസസ് ലിമിറ്റഡും നൽകും.

ഇക്കഴിഞ്ഞ ഫെബ്രുവരി 13ന് എയർടെൽ മണിക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് എൻബിഎഫ്സി ലൈസൻസ് ലഭിച്ചിരുന്നു. കമ്പനിയുടെ ശക്തമായ ഡിജിറ്റൽ സംവിധാനങ്ങൾ, 500ൽ അധികം ഡാറ്റാ സയന്റിസ്റ്റുകൾ ഉൾപ്പെടുന്ന ഡാറ്റാ അനലിറ്റിക്സ് ടീം, പ്രവർത്തന വൈദഗ്ധ്യം എന്നിവ ഉപയോഗിച്ച് ഇന്ത്യയിലുടനീളം ലളിതവും സുരക്ഷിതവുമായ ഡിജിറ്റൽ സാമ്പത്തിക സേവനങ്ങൾ അതിവേഗം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ രണ്ടു വർഷത്തിനിടെ എയർടെൽ മികച്ച ക്രെഡിറ്റ് സംവിധാനം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. കമ്പനിയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയുള്ള വായ്പാ സേവനം ഇന്ത്യയിലെ ഏറ്റവും മികച്ച ലെൻഡിംഗ് സർവീസ് പ്രൊവൈഡർ മാതൃകകളിലൊന്നായി മാറിയിട്ടുണ്ട്. ഈ പ്ലാറ്റ്ഫോം വഴി ഇതിനകം 9,000 കോടിയിലധികം രൂപയുടെ വായ്പകൾ വിതരണം ചെയ്തു. മികച്ച തിരിച്ചടവ് നിരക്കും കൃത്യമായ വിലയിരുത്തലുകളും തത്സമയ റിസ്ക് നിരീക്ഷണവും ഇതിന്റെ പ്രത്യേകതകളാണെന്നും കമ്പനി കൂട്ടിച്ചേർത്തു.
Bharti Airtel and Bharti Enterprises to invest ₹20,000 crore in Airtel Money. Following an RBI NBFC license, Airtel aims to scale its digital loan services across India.
