എയർ ടാക്സികളിലൂടെ യാത്രാനുഭവത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ആഗോള റൈഡ് ഹെയ്ലിംഗ് പ്ലാറ്റ്ഫോമായ ഊബർ (Uber). പതിവ് ഗതാഗത സംവിധാനങ്ങൾക്കൊപ്പം ഇലക്ട്രിക് എയർ ടാക്സിയിലുള്ള ആകാശ യാത്രകളുമാണ് ഊബർ ആപ്പിൽ ലഭ്യമാക്കാൻ ഒരുങ്ങുന്നത്. ജോബി ഏവിയേഷന്റെ (Joby Aviation) ഇലക്ട്രിക് വിമാനങ്ങളാണ് ഊബർ ആപ്പിൽ അവതരിപ്പിക്കുക. ജോബി-ഊബർ പങ്കാളിത്തം ഈ വർഷം അവസാനത്തോടെ ആദ്യ യാത്ര ആരംഭിക്കും. ലോകമെമ്പാടുമുള്ള നിരവധി നഗരങ്ങളിൽ ഊബർ ഈ മൾട്ടി-മോഡൽ ഗതാഗതം ആരംഭിക്കും. എയർ ടാക്സികൾ ആദ്യം അവതരിപ്പിക്കുക ദുബായിയായിരിക്കും. യുഎസ്സിലെ ന്യൂയോർക്ക്, ലോസ് ഏഞ്ചൽസ് തുടങ്ങിയ നഗരങ്ങളിലും യുണൈറ്റഡ് കിംഗ്ഡം, ജപ്പാൻ എന്നീ രാജ്യങ്ങളിലും പദ്ധതി പ്രാവർത്തികമാക്കും.

ദുബായിലെ എയർ ടാക്സി സർവീസിന്റെ വിശദാംശങ്ങൾ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. യാത്രക്കാർക്ക് അവരുടെ ആപ്പിലെ സെർച്ച് ബാറിൽ ലക്ഷ്യസ്ഥാനം നൽകിയാൽ നിലവിലുള്ള റൈഡ് ചോയ്സുകൾക്കൊപ്പം എയർ ടാക്സി ഓപ്ഷൻ ദൃശ്യമാകും. ഒരൊറ്റ ടാപ്പിലൂടെ, പ്രീമിയം കാർ പിക്കപ്പ്, ഫ്ലൈറ്റ്, അവസാന ഡ്രോപ്പ്-ഓഫ് എന്നിവയുൾപ്പെടെ യാത്രയുടെ എല്ലാ സാദ്ധ്യതകളും ഇതിൽ കാണാനാകും. ഇതുവഴി എയർ ടാക്സി ബുക്ക് ചെയ്യാം. നാല് യാത്രക്കാർക്ക് വരെ സഞ്ചരിക്കാൻ കഴിയുന്ന തരത്തിലുളഅള ഇലക്ട്രിക് എയർ ടാക്സികൾ സർട്ടിഫൈഡ് കൊമേഴ്സ്യൽ പൈലറ്റായിരിക്കും പറത്തുക. മണിക്കൂറിൽ 200 മൈൽ വരെ വേഗതയിൽ സഞ്ചരിക്കാൻ എയർ ടാക്സിക്ക് കഴിയും.
Uber and Joby Aviation have integrated air taxi bookings into the Uber app. Launching first in Dubai in late 2026, the all-electric eVTOL service aims to slash travel times with 200 mph flights above city traffic
