ഇന്ത്യയിൽ ജനിച്ച് ലോകത്തിലെതന്നെ പ്രമുഖ ടെക് നേതാക്കളിൽ ഒരാളായി വളർന്ന വ്യക്തിയാണ് ശന്തനു നാരായൻ (Shantanu Narayen). ഏകദേശം രണ്ട് ദശാബ്ദമായി സോഫ്റ്റ്വെയർ കമ്പനി അഡോബെയെ (Adobe) നയിക്കുന്ന അദ്ദേഹം ബോക്സ് സോഫ്റ്റ്വെയർ വിൽപ്പനയിൽ നിന്നു ക്ലൗഡ് അടിസ്ഥാനത്തിലുള്ള സബ്സ്ക്രിപ്ഷൻ മോഡലിലേക്ക് കമ്പനിയെ മാറ്റി നിർണായക വഴിത്തിരിവ് സൃഷ്ടിച്ചു. 2007ൽ ഏകദേശം 3 ബില്യൺ ഡോളർ ആയിരുന്ന കമ്പനിയുടെ വാർഷിക വരുമാനം 2024ഓടെ 21 ബില്യൺ ഡോളറിന് മുകളിലെത്തിയത് ഈ തന്ത്രപരമായ മാറ്റത്തിന്റെ ഫലമാണ്.

1963 മെയ് 27ന് ഹൈദരാബാദിൽ ജനിച്ച അദ്ദേഹം ഹൈദരാബാദ് പബ്ലിക് സ്കൂളിലെ പഠനശേഷം ഒസ്മാനിയ സർവകലാശാലയിൽനിന്ന് എഞ്ചിനീയറിംഗ് ബിരുദം നേടി. തുടർന്ന് അമേരിക്കയിൽ ബൗളിംഗ് ഗ്രീൻ സ്റ്റേറ്റ് സർവകലാശാലയിൽ കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റേഴ്സ് നേടിയ ശന്തനു പിന്നീട് കാലിഫോർണിയ സർവകലാശാലയിൽ നിന്ന് എംബിഎയും നേടി. ആപ്പിൾ ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികളിലൂടെ കരിയർ വളർത്തിയെടുത്ത അദ്ദേഹം 1998ലാണ് അഡോബെയിൽ ചേർന്നത്. 2007ൽ കമ്പനി സിഇഒയായ ശന്തനു, 2017ൽ ചെയർമാനുമായി. ക്ലൗഡ് സബ്സ്ക്രിപ്ഷൻ മോഡലായ ക്രിയേറ്റീവ് ക്ലൗഡ് അവതരിപ്പിച്ച അദ്ദേഹത്തിന്റെ തീരുമാനം ആദ്യം വിവാദമായെങ്കിലും പിന്നീട് കമ്പനിയുടെ പ്രധാന വരുമാനസ്രോതസായി മാറി. അഡോബെയ്ക്ക് പുറമെ അദ്ദേഹം ഫൈസർ ഡയറക്ടർ ബോർഡ് അംഗം കൂടിയാണ്. ഇതിനുപുറമേ ശന്തനു യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറം വൈസ് ചെയർമാനായും പ്രവർത്തിക്കുന്നു. 2019ൽ പത്മശ്രീ നൽകി ഇന്ത്യ സർക്കാർ അദ്ദേഹത്തെ ആദരിച്ചു.
2024–25 സാമ്പത്തിക വർഷത്തിൽ ഏകദേശം 52 മില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ മൊത്തം പ്രതിഫലം. വിവിധ റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 4600 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. പാലോ ആൽട്ടോയിൽ ഭാര്യ റെനി നാരായനിനും മക്കളായ ശ്രാവൺ, അർജുൻ എന്നിവരോടൊപ്പം താമസിക്കുന്ന അദ്ദേഹം അടുത്തിടെ ഡൽഹിയിൽ നടന്ന AI ഇംപാക്ട് സമ്മേളനത്തിൽ ശ്രദ്ധേയ സാന്നിദ്ധ്യമായി. ഇന്ത്യയിൽ എഐ ഉപയോഗം വേഗത്തിൽ വർധിക്കുമ്പോൾ ഡാറ്റ, സ്വകാര്യത, സുരക്ഷ, വിശ്വാസം എന്നിവയിൽ ശക്തമായ നയരൂപീകരണം നിർണായകമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Explore the inspiring journey of Shantanu Narayen, the Indian-origin CEO who transformed Adobe into a $21 billion cloud giant.
