വിപുലമായ സൈനികാക്രമണങ്ങൾക്ക് പിന്നാലെ ഇസ്രായേലും യുഎസ്സും ഇറാനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങൾ പശ്ചിമേഷ്യയിൽ തുറന്ന യുദ്ധാവസ്ഥയ്ക്ക് വഴിവെച്ചിരിക്കുകയാണ്. ലോകം ആശങ്കയോടെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നു. സംഘർഷം രൂക്ഷമാകുന്നതിനിടെ Strait of Hormuz വഴിയുള്ള കപ്പൽ ഗതാഗതം ഗുരുതരമായി ബാധിക്കപ്പെടാനുള്ള സാഹചര്യം രൂപപ്പെട്ടു. സുരക്ഷാ ആശങ്കയെ തുടർന്ന് Hapag-Lloyd ഉൾപ്പെടെ ചില ഷിപ്പിങ് കമ്പനികൾ സർവീസുകൾ നിർത്തുകയോ പുനഃപരിശോധിക്കുകയോ ചെയ്യുന്നു. ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെയാണെങ്കിലും യുദ്ധത്തിന്റെ ആഘാതം ഇന്ത്യക്കാരെയും ബാധിക്കും — പ്രധാനമായും എണ്ണവില, വിമാന സർവീസുകൾ, ഓഹരി വിപണി, മിഡിൽ ഈസ്റ്റിലെ ഇന്ത്യൻ പ്രവാസികൾ എന്നിവയാണ് ബാധിക്കാവുന്ന മേഖലകൾ.

ദൈനംദിന ജീവിതത്തിന്റെ ഭൂരിഭാഗത്തെയും സ്വാധീനിക്കുന്നതിനാൽ എണ്ണവിലയിലെ മാറ്റം സമ്പദ്വ്യവസ്ഥ മുഴുവൻ ബാധിക്കും. ഇറാൻ പ്രതിദിനം ഏകദേശം 3.3 ദശലക്ഷം ബാരൽ എണ്ണ ഉൽപാദിപ്പിക്കുന്നു — ആഗോള ഉൽപാദനത്തിന്റെ ഏകദേശം 3%. OPEC അംഗരാജ്യങ്ങളിൽ പ്രധാന ഉൽപാദകരിൽ ഒന്നായ ഇറാൻ, ലോകത്തിലെ ഏകദേശം 20% അസംസ്കൃത എണ്ണ കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവും പങ്കിടുന്നു. സൗദി അറേബ്യ, ഇറാഖ്, യുഎഇ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള ഇന്ത്യയുടെ പ്രധാന എണ്ണവിതരണവും ഈ വഴിയിലൂടെയാണ്. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ വലിയൊരു വിഹിതവും ഇതുവഴിയാണ് എത്തുന്നത്; ഇന്ത്യ പ്രതിദിനം ഏകദേശം 2.6 ദശലക്ഷം ബാരൽ എണ്ണ ഈ മാർഗത്തിലൂടെ കൊണ്ടുവരുകയും ശുദ്ധീകരിച്ച ഇന്ധനം കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. ഇന്ത്യയ്ക്ക് ആവശ്യമായ എണ്ണയുടെ 85%ത്തിലധികം ഇറക്കുമതി ചെയ്യുന്നതിനാൽ ആഗോള വിലവർധന നേരിട്ട് ആഭ്യന്തര സമ്പദ്വ്യവസ്ഥയെ ബാധിക്കും. ഇറാനിലെ ഉൽപാദനം തടസപ്പെടുകയോ ഹോർമുസ് കടലിടുക്ക് ഗതാഗതം ബാധിക്കുകയോ ചെയ്താൽ ക്രൂഡ് ഓയിൽ വില ഗണ്യമായി ഉയരുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
ഇന്ധനവില ഉയർന്നാൽ ഗതാഗതച്ചെലവ് കൂടുകയും അതിലൂടെ പച്ചക്കറികൾ മുതൽ മരുന്നുകൾ വരെയുള്ള അവശ്യസാധനങ്ങളുടെ വില വർധിക്കുകയും ചെയ്യും. പണപ്പെരുപ്പം ഉയരും, കൂടുതൽ ഡോളർ ആവശ്യമായതിനാൽ രൂപ ദുർബലമാകും. സർക്കാർ നികുതി കുറയ്ക്കുകയോ സബ്സിഡി വർധിപ്പിക്കുകയോ ചെയ്യേണ്ടി വരാം, ഇതോടെ സാമ്പത്തിക സമ്മർദ്ദം കൂടും. ഓഹരി വിപണി ബലഹീനമാകാനും വിദേശ നിക്ഷേപങ്ങൾ പിൻവാങ്ങാനും സാധ്യതയുണ്ട്; വില ഉയർന്ന നിലയിൽ തുടർന്നാൽ വ്യാപാരക്കുറവും പേയ്മെന്റ് ബാലൻസും ബാധിക്കും. സുരക്ഷാ കാരണങ്ങളാൽ മിഡിൽ ഈസ്റ്റിലെ ചില വ്യോമാതിർത്തികൾ അടച്ചതോടെ Air India, IndiGo ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ സർവീസുകൾ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്യുന്നു. ഇതോടെ യാത്രാസമവുൂം ടിക്കറ്റ് നിരക്കും ഉയരുന്നു. ഗൾഫ് രാജ്യങ്ങളിൽ ഏകദേശം 85 മുതൽ 90 ലക്ഷം വരെ ഇന്ത്യക്കാരാണ് ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്നത്. യുദ്ധം രൂക്ഷമായാൽ വിമാന സർവീസുകൾ റദ്ദാകൽ, സുരക്ഷാ ഭീഷണി, ജോലി നഷ്ടപ്പെടൽ, അടിയന്തര ഒഴിപ്പിക്കൽ, കൂടാതെ ഇന്ത്യയിലേക്കുള്ള പണം അയക്കുന്നതിൽ തടസ്സം എന്നിവയിലൂടെ ഇവരെയും കുടുംബങ്ങളേയും ഇത് നേരിട്ട് ബാധിക്കും.
The escalating Iran-Israel war threatens India’s economy through rising fuel costs, stock market dips, and risks to 9 million expats. Explore how the Strait of Hormuz crisis impacts your daily life
