കേരള ക്രിക്കറ്റ് അസോസിയേഷന്റെ അത്യാധുനിക നിലവാരത്തിലുള്ള പാലക്കാട് സ്പോർട്സ് ഹബ് പദ്ധതി പുരോഗമിക്കുകയാണ്. മലബാർ മേഖലയിലെ ക്രിക്കറ്റ് രംഗത്തെ തന്നെ പുനർനിർവചിക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതിയാണിത്. ദേശീയ നിലവാരത്തിന് അനുസൃതമായി ഗുണനിലവാരമുള്ള ക്രിക്കറ്റ് അടിസ്ഥാന സൗകര്യങ്ങളിൽ ശക്തമായ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മൾട്ടി-ഡിസിപ്ലിനറി ഹൈ-പെർഫോമൻസ് സൗകര്യമാണ് പാലക്കാട് സ്പോർട്സ് ഹബ്ബിൽ ഒരുങ്ങുക.

മലബാർ ദേവസ്വത്തിന് കീഴിലുള്ള അകത്തേത്തറ ശ്രീ ചാത്തൻകുളങ്ങര ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള 21 ഏക്കർ ഭൂമിയിലാണ് സ്പോർട്സ് ഹബ് ഒരുങ്ങുന്നത്. 30 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ രണ്ട് ക്രിക്കറ്റ് ഗ്രൗണ്ടുകൾ, ഫ്ലഡ് ലൈറ്റ് സൗകര്യം, ക്ലബ് ഹൗസ്, നീന്തൽക്കുളം, ബാസ്‌കറ്റ് ബോൾ – ഫുട്‌ബോൾ മൈതാനങ്ങൾ എന്നിവയുൾപ്പെടെ വിപുലമായ സൗകര്യങ്ങളാണ് ഒരുങ്ങുന്നത്. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന രണ്ട് പൂർണ്ണ വലിപ്പത്തിലുള്ള ക്രിക്കറ്റ് ഗ്രൗണ്ടുകളാണ് പാലക്കാട് സ്പോർട്സ് ഹബ്ബിൽ ഉൾപ്പെടുന്നത്. അതുകൊണ്ടുതന്നെ വടക്കൻ കേരളത്തിലെ ക്രിക്കറ്റ് വികസനത്തിനുള്ള ദീർഘകാല നീക്കമായി പദ്ധതി മാറുമെന്നാണ് വിലയിരുത്തൽ.
ലീസ് എഗ്രിമെന്റ് അടിസ്ഥാനത്തിൽ 33 വർഷത്തേക്കാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ ഭൂമി ഏറ്റെടുക്കുന്നത്. ഇതുവഴി ക്ഷേത്രത്തിന് വാർഷിക വരുമാനമായി 21,35,000 രൂപ ലഭിക്കും. കൂടാതെ 10 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായും കെസിഎ നൽകും. സ്പോർട്സ് ഹബ്ബ് യാഥാർഥ്യമാകുന്നതോടെ പ്രദേശവാസികൾക്ക് തൊഴിൽ മേഖലയിൽ മുൻഗണന നൽകാനും വ്യവസ്ഥയുണ്ട്. ഗ്രൗണ്ട്, പവലിയൻ, സ്പ്രിംഗ്‌ളർ സിസ്റ്റം എന്നിവ ഉൾപ്പെടുന്ന ആദ്യഘട്ട നിർമാണം ഈ വർഷം പൂർത്തിയാക്കാനാണ് തീരുമാനമെന്ന് കെസിഎ പ്രസിഡന്റ് ശ്രീജിത്ത് വി.നായർ പറഞ്ഞു. സ്പോർട്സ് ഹബ് കേരളത്തിന്റെ കായിക പശ്ചാത്തല സൗകര്യ വികസനത്തിൽ നാഴികക്കല്ലാകുമെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ്. കുമാർ അഭിപ്രായപ്പെട്ടു.
The Kerala Cricket Association (KCA) is developing a state-of-the-art ₹30 crore sports hub in Palakkad. Built on 21 acres in Akathethara, the facility features international-standard grounds, floodlights, and a multi-disciplinary sports complex.
