ആഗോള തലത്തിൽതന്നെ വലിയ വെല്ലുവിളിയായ ഡയപ്പർ, സാനിറ്ററി നാപ്കിൻ മാലിന്യ പ്രശ്നത്തിന് ശാസ്ത്രീയ പരിഹാരമൊരുക്കി ശ്രദ്ധനേടുകയാണ് മലയാളി കമ്പനി. കൊല്ലം ചടയമംഗലത്തെ പോരേടം ആസ്ഥാനമായുള്ള ഹൈജീൻ ലാബോറട്ടറീസാണ് (Hygiene Laboratories) ‘ഡയപ്പർ ഡിസോൾവർ’ എന്ന പുതിയ ഉത്പന്നത്തിലൂടെ ശ്രദ്ധ നേടുന്നത്. ഉപയോഗിച്ച ഡയപ്പറും നാപ്കിനും ലയിപ്പിക്കാൻ കഴിയുന്ന ലോകത്തിലെ ആദ്യ പേറ്റന്റ് ഉൽപ്പന്നമാണിതെന്ന് കമ്പനി അവകാശപ്പെടുന്നു.

ഡയപ്പറുകളിലും നാപ്കിനുകളിലും ഉള്ള ജെൽ ഘടകമായ ‘സോഡിയം പോളി അക്ക്രിലേറ്റ്’ എന്ന രാസവസ്തു വെള്ളം തട്ടുമ്പോൾ വീർത്ത് ഡ്രെയിനുകൾ മൂടുകയും വെള്ളക്കെട്ട് ഉണ്ടാക്കുകയും ചെയ്യും. മണ്ണിലും ജലാശയങ്ങളിലും വർഷങ്ങളോളം ഈ മാലിന്യം നിലനിൽക്കും. പല പാളികളുള്ള പ്ലാസ്റ്റിക് ഘടനയും ജെൽ കോറും ഉള്ളതിനാൽ ഇത് എളുപ്പത്തിൽ നശിക്കില്ല. ഈ വീർക്കുന്ന ജെൽ ആണ് ഡയപ്പറുകളിലെ പ്രധാന പ്രശ്നം. ജെൽ പൂർണമായി ലയിപ്പിക്കുകയാണ് ഡയപ്പർ ഡിസോൾവർ എന്ന ഉൽപ്പന്നം ചെയ്യുന്നതെന്ന് ഹൈജീൻ ലാബോറട്ടറീസ് സ്ഥാപകൻ ഇമാം ഹസ്സൻ പറഞ്ഞു.
പരിസ്ഥിതി സൗഹൃദപരമായ ‘ഡയപ്പർ ഡിസോൾവർ’ പൊടിയായാണ് ലഭിക്കുക. വെള്ളത്തിൽ കലക്കി ഉപയോഗിക്കാം. ഉപയോഗിച്ച ഡയപ്പർ അല്ലെങ്കിൽ നാപ്കിൻ മുപ്പത് മിനിറ്റ് ഇതിൽ മുക്കിയാൽ ജെൽ ഭാഗം പൂർണ്ണമായി ലയിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ശേഷിക്കുന്ന പ്ലാസ്റ്റിക് ഭാഗങ്ങൾ വേർതിരിച്ച് ശാസ്ത്രീയമായി സംസ്കരിക്കാമെന്നും വീട്ടുപയോഗത്തിനും ആശുപത്രികൾക്കും, മാലിന്യ സംസ്കരണ സ്ഥാപനങ്ങൾക്കും അനുയോജ്യമായ രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും ഹസ്സൻ വ്യക്തമാക്കി
Kollam-based Hygiene Laboratories introduces ‘Diaper Dissolver,’ a patented product that liquefies the absorbent gel in diapers and napkins, offering a scientific solution to non-biodegradable waste.
