റഷ്യയുടെ എസ്-400 വ്യോമപ്രതിരോധ മിസൈൽ സംവിധാനം (S-400 air defence system) കൂടുതൽ സംഭരിക്കാനൊരുങ്ങി ഇന്ത്യ. അഞ്ച് അധിക സ്ക്വാഡ്രണുകൾ സംഭരിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായി പാക് ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ എസ്-400 സംവിധാനം കാഴ്ചവെച്ച മികച്ച പ്രകടനമാണ് ഈ നീക്കത്തിലേക്കു നയിച്ചത്. യുഎസ്, ഇസ്രായേൽ-ഇറാൻ ആക്രമണവും തുടർന്ന് പശ്ചിമേഷ്യ സംഘർഷഭരിതമായതുമായ സാഹചര്യത്തിലാണ് നീക്കമെന്നതും ശ്രദ്ധേയമാണ്.

സുദർശൻ ചക്ര എന്നും അറിയപ്പെടുന്ന എസ്-400ൻ്റെ അഞ്ച് സ്ക്വാഡ്രണുകൾ കൂടി വാങ്ങാനുള്ള നിർദേശം ഉടൻ അംഗീകാരത്തിനായി പരിഗണിക്കുമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. കിഴക്കൻ, പടിഞ്ഞാറൻ അതിർത്തികളിൽ രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി ഈ അധിക യൂണിറ്റുകൾ വിന്യസിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. നിലവിൽ ഇന്ത്യ മൂന്ന് എസ്-400 സംവിധാനങ്ങളാണ് പ്രവർത്തിപ്പിക്കുന്നത്. 2018ൽ റഷ്യയുമായുള്ള കരാറിൻ്റെ ഭാഗമായാണ് അഞ്ച് സ്ക്വാഡ്രണുകൾ കൂടി സ്ഥാപിക്കാൻ നിശ്ചയിച്ചിരിക്കുന്നത്.
Following its success in Operation Sindhu, India plans to acquire five additional S-400 Triumf (Sudarshan Chakra) missile squadrons from Russia to strengthen air defense along the Eastern and Western borders.
