ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന പയർവർഗങ്ങളിൽ ഒന്നാണ് കിഡ്നി ബീൻസ് അഥവാ രാജ്മ. നമ്മൾ പതിവായി ഉപയോഗിക്കുന്ന ചുവന്ന പയറിനേക്കാൾ വലുപ്പമുള്ള രാജ്മ ഉത്തരേന്ത്യക്കാരുടെ പ്രിയപ്പെട്ട പയർവർഗങ്ങളിൽ ഒന്നാണ്. കറികൾക്കു പുറമേ സൂപ്പുകൾ, സലാഡുകൾ തുടങ്ങി നിരവധി വിഭവങ്ങളിൽ ഇവ ഉപയോഗിക്കുന്നു. പ്രോട്ടീൻ, ഫൈബർ, മഗ്നീഷ്യം എന്നിവയുൾപ്പെടെ നിരവധി പോഷകങ്ങൾ കൊണ്ട് സമൃദ്ധമായ രാജ്മ അതുകൊണ്ടുതന്നെ വെജിറ്റേറിയൻ ഭക്ഷണത്തിൽ പ്രധാന സ്ഥാനം വഹിക്കുന്നു. ലോകത്ത് പല രാജ്യങ്ങളും കിഡ്നി ബീൻസ് വ്യാപകമായി കൃഷി ചെയ്യുന്നുണ്ടെങ്കിലും ആകെ ഉൽപ്പാദനത്തിൽ ഇന്ത്യയാണ് മുന്നിലുള്ളത്.

വിശാലമായ കൃഷിഭൂമി, പയർവിളകളുടെ പരമ്പരാഗത പ്രാധാന്യം, ഉയർന്ന ആഭ്യന്തര ആവശ്യകത എന്നിവയാണ് ഇന്ത്യയെ രാജ്മ കൃഷിയിൽ മുന്നിലെത്തിക്കുന്ന പ്രധാന ഘടകങ്ങൾ. ജമ്മു-കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളാണ് ഇന്ത്യയിലെ പ്രധാന രാജ്മ ഉൽപ്പാദന കേന്ദ്രങ്ങൾ. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്നതും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതുമാണ് രാജ്മയുടെ പ്രധാന ആരോഗ്യഗുണങ്ങൾ. പയർവർഗമായതിനാൽ മണ്ണിലെ നൈട്രജൻ വർധിപ്പിക്കുന്ന ഗുണവും ഇതിനുണ്ട്. അതുകൊണ്ടുതന്നെ രാജ്മ കൃഷി രാസവളങ്ങളുടെ ആവശ്യം കുറയ്ക്കുകയും സുസ്ഥിര കൃഷിക്ക് പിന്തുണ നൽകുകയും ചെയ്യുന്നു.
ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് മദ്ധ്യ-ദക്ഷിണ അമേരിക്കയിലാണ് രാജ്മ ആദ്യം കൃഷി ചെയ്യപ്പെട്ടത്; പിന്നീട് വ്യാപാരത്തിലൂടെയും പര്യവേഷണങ്ങളിലൂടെയും ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും വ്യാപിച്ച് ഇന്ന് ആഗോള ഭക്ഷണക്രമത്തിലെ പ്രധാന ഘടകങ്ങളിലൊന്നായി കിഡ്നി ബീൻസ് മാറിയിരിക്കുന്നു.
Discover why India leads the world in Rajma (Kidney Beans) production. Learn about its nutritional benefits, major farming states like Jammu & Kashmir, and its journey from South America to Indian kitchens.
