ലോകത്തിലെ ആദ്യത്തെ സ്വയംനിയന്ത്രിത കപ്പൽ നിർമ്മാണ കേന്ദ്രം (Autonomous Maritime Shipbuilding Centre) ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിലുള്ള ജുവ്വലദിന്നിൽ വരുന്നു. ആന്ധ്ര സർക്കാരിന്റെ പിന്തുണയോടെ ‘സാഗർ ഡിഫൻസ് എഞ്ചിനീയറിംഗ്’ ആണ് ഈ അത്യാധുനിക കേന്ദ്രം സ്ഥാപിക്കുന്നത്. കടലിൽ മനുഷ്യസഹായമില്ലാതെ പ്രവർത്തിക്കുന്ന കപ്പലുകളും ഡ്രോണുകളും നിർമ്മിക്കുന്നതിനും പരീക്ഷിക്കുന്നതിനുമുള്ള ലോകത്തിലെ തന്നെ ആദ്യത്തെ സമഗ്ര കേന്ദ്രമായിരിക്കും ഇതെന്ന് അധികൃതർ അറിയിച്ചു. മനുഷ്യരില്ലാത്ത യുദ്ധക്കപ്പലുകൾ (USVs), അന്തർവാഹിനികൾ (AUVs) എന്നിവയുടെ നിർമ്മാണവും പരീക്ഷണവുമാണ് കേന്ദ്രത്തിന്റെ പ്രധാന സവിശേഷത.

പ്രതിരോധ മേഖലയ്ക്കും സമുദ്ര സുരക്ഷയ്ക്കും ഈ കേന്ദ്രം വലിയ കരുത്ത് നൽകുമെന്നാണ് വിലയിരുത്തൽ. കടൽ സുരക്ഷാ നിരീക്ഷണം, ദുരന്ത നിവാരണം, ചരക്ക് നീക്കം എന്നിവയ്ക്കായുള്ള അത്യാധുനിക സംവിധാനങ്ങൾ ഇവിടെ വികസിപ്പിക്കും. കൂടാതെ, മത്സ്യത്തൊഴിലാളികൾക്ക് തത്സമയ ഫിഷ് ലൊക്കേഷൻ മാപ്പുകൾ, ഉപഗ്രഹ കാലാവസ്ഥാ അറിയിപ്പുകൾ എന്നിവയിലൂടെ കടലിലെ കാലാവസ്ഥാ വിവരങ്ങളും മീനുകളുടെ ലഭ്യതയും തത്സമയം അറിയാനുള്ള സാങ്കേതിക വിദ്യകളും ഇവിടെ ഒരുക്കും. ഏകദേശം 300ൽ അധികം പേർക്ക് നേരിട്ട് തൊഴിൽ നൽകുന്നതിലൂടെ പ്രാദേശിക സാമ്പത്തിക വളർച്ചയ്ക്കും ഈ പദ്ധതി വലിയ മുതൽക്കൂട്ടാകും.
നോർവേ പോലുള്ള രാജ്യങ്ങളിൽ സ്വയംനിയന്ത്രിത കപ്പലുകൾ (ഉദാഹരണത്തിന് Yara Birkeland) ഉണ്ടെങ്കിലും, അവയുടെ നിർമ്മാണവും പരീക്ഷണവും ഗവേഷണവും ഒരേ കേന്ദ്രത്തിൽ നടത്തുന്ന ഇത്തരമൊരു ‘ഇന്റഗ്രേറ്റഡ് ഹബ്ബ്’ ആഗോളതലത്തിൽ ഇതാദ്യമാണെന്നാണ് റിപ്പോർട്ട്. സാഗർ ഡിഫൻസ് എഞ്ചിനീയറിംഗും ആന്ധ്ര സർക്കാരും അവകാശപ്പെടുന്നത് പോലെ, മോഡുലാർ ഷിപ്പ് ബിൽഡിംഗ്, എഐ അധിഷ്ഠിത പരിശോധനകൾ (Testing), എംആർഓ (Maintenance), പരിശീലനം എന്നിവ ഒരൊറ്റ ക്യാമ്പസിനുള്ളിൽ സംയോജിപ്പിച്ച ആദ്യത്തെ സമഗ്ര സ്വയംനിയന്ത്രിത കേന്ദ്രമായിരിക്കും ഇതെന്ന് സാഗർ ഡിഫൻസ് എഞ്ചിനീയറിംഗും ആന്ധ്ര സർക്കാരും അവകാശപ്പെടുന്നു.
Andhra Pradesh to host the world’s first integrated autonomous maritime shipbuilding centre. Developed by Sagar Defence Engineering, it will build AI-driven unmanned ships and submarines.
