ലോകത്തെ അതിസമ്പന്നരായ വ്യക്തികളുടെ വിവരങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കുന്ന ‘ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് 2026’ൽ വീണ്ടും ഇടംപിടിച്ച് ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ. റിപ്പോർട്ട് പ്രകാരം 1.3 ബില്യൺ ഡോളറാണ് (ഏകദേശം 10,800 കോടി രൂപ) ഷാരൂഖിന്റെ ആസ്തി. ലോകപ്രശസ്ത സെലിബ്രിറ്റികളായ റിയാന, ടെയ്ലർ സ്വിഫ്റ്റ്, ജെയ്-സി തുടങ്ങിയവർക്കൊപ്പമാണ് ഷാരൂഖും പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്.

അതേസമയം, റിപ്പോർട്ട് പ്രകാരം ഷാരൂഖിന്റെ ആസ്തിയിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. 2025ൽ 1.4 ബില്യൺ ഡോളർ (12,490 കോടി രൂപ) ആയിരുന്ന ആസ്തിയാണ് ഇപ്പോൾ 1.3 ബില്യൺ ഡോളറായിരിക്കുന്നത്. പ്രമുഖ നിർമാതാവ് നമിത് മൽഹോത്രയാണ് പട്ടികയിൽ ഇടം നേടിയ സിനിമാരംഗത്തുനിന്നുള്ള മറ്റൊരു ഇന്ത്യൻ പ്രമുഖൻ. ഒരു ബില്യൺ ഡോളറാണ് (9,204 കോടി രൂപ) അദ്ദേഹത്തിന്റെ ആസ്തി. 3.6 ബില്യൺ ഡോളർ ആസ്തിയുമായി മൈക്കിൾ ജോർദാൻ, 2.8 ബില്യൺ ഡോളറുമായി ജെയ്-സി, 1.9 ബില്യൺ ഡോളർ ആസ്തിയുമായി ടൈഗർ വുഡ്സ്, 1.6 ബില്യൺ ഡോളർ ആസ്തിയോടെ ടെയ്ലർ സ്വിഫ്റ്റ് എന്നിങ്ങനെ പോകുന്നു പട്ടികയിൽ ഇടംപിടിച്ച വിനോദ-കായിക രംഗത്തു നിന്നുള്ളവരുടെ പേരുകൾ.
ജനുവരി 15 വരെയുള്ള കണക്കുകൾ പരിശോധിച്ചാണ് ഹുറൂൺ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പട്ടിക തയ്യാറാക്കിയത്. വിവിധ മേഖലകളിലെ പ്രമുഖരുടെ ആസ്തിയും സ്വാധീനവും വിലയിരുത്തിയാണ് ഈ ആഗോള പട്ടിക വർഷം തോറും പുറത്തിറക്കുന്നത്.
Bollywood superstar Shah Rukh Khan joins Taylor Swift and Jay-Z in the Hurun Global Rich List 2026. With a net worth of ₹10,800 crore ($1.3B), King Khan remains one of the world’s wealthiest celebrities
