പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ, കഴിഞ്ഞ ദിവസം മാത്രം പത്ത് മിസൈലുകളും 26 ഡ്രോണുകളും തങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾ തകർത്തതായി യുഎഇ അറിയിച്ചു. മേഖലയിൽ യുദ്ധം കനത്തതോടെ സമാന ആക്രമണങ്ങൾ സൗദി അറേബ്യ, ബഹ്റൈൻ എന്നിവിടങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ദുബായിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിന് സമീപം കഴിഞ്ഞ ദിവസം രണ്ട് ഡ്രോണുകൾ വീഴുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. യുഎഇ തീരത്തിന് സമീപമുള്ള കണ്ടെയ്നർ കപ്പലിന് നേരെയും ഒമാനിലെ സലാല തുറമുഖത്തിന് നേരെയും ഇറാൻ ആക്രമണം നടത്തി. ആഗോള എണ്ണ വിപണിയെയും വ്യാപാര പാതകളെയും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറാൻ ഊർജ്ജ കേന്ദ്രങ്ങളെയും തുറമുഖങ്ങളെയും ലക്ഷ്യമിടുന്നത്. വിമാനത്താവളത്തിന് സമീപം ആക്രമണം ഉണ്ടായെങ്കിലും വ്യോമഗതാഗതം സാധാരണ നിലയിൽ തുടരുന്നതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
അതേസമയം, ഇറാന്റെ പുതിയ പരമോന്നത നേതാവായി ചുമതലയേറ്റ മുജ്തബ ഖമനയി തന്റെ ആദ്യ ഔദ്യോഗിക പ്രസ്താവന പുറത്തുവിട്ടു. യുഎസ്, ഇസ്രായേൽ സേനകളുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ടവർക്കായി പകരം വീട്ടുമെന്ന് സ്റ്റേറ്റ് ടിവിയിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ ഖമനയി വ്യക്തമാക്കി. പ്രതികാരം ഇറാന്റെ പ്രഥമ പരിഗണനയാണെന്നും ശത്രുക്കളിൽ നിന്ന് ഇതിനുള്ള നഷ്ടപരിഹാരം ഈടാക്കുമെന്നും ഖമനയി പറഞ്ഞു. ശത്രുക്കൾ ഇതിന് തയ്യാറായില്ലെങ്കിൽ പകരം സ്വത്ത് പിടിച്ചെടുക്കുമെന്നും, അതിന് സാധിച്ചില്ലെങ്കിൽ അത്രയും മൂല്യമുള്ള സ്വത്തുക്കൾ നശിപ്പിക്കുമെന്നും ഖമനയി മുന്നറിയിപ്പ് നൽകി. സംഘർഷത്തെ തുടർന്ന് ഇറാനിൽ ഇതുവരെ 1,200 പേർ കൊല്ലപ്പെടുകയും 10,000-ത്തിലധികം സാധാരണക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
UAE air defense thwarts massive missile and drone attack amid rising West Asia tensions. Explosions reported near Dubai Airport; Iran’s new leader issues threats.
