വാണിജ്യ എൽപിജി സിലിണ്ടറുകളുടെ കടുത്ത ക്ഷാമത്തെത്തുടർന്ന് കൊച്ചിയിലെ ഹോട്ടൽ മേഖല പ്രതിസന്ധിയിലായതോടെ, പരിഹാരവുമായി രണ്ട് യുവ സോഫ്റ്റ്വെയർ എൻജിനീയർമാർ. വൈശാഖ് സുരേഷ്, വിശ്വനാഥ കർത്ത എന്നീ രണ്ട് യുവ എഞ്ചീനീയർമാർ ചേർന്നാണ് നഗരത്തിൽ ഏതൊക്കെ റെസ്റ്റോറന്റുകൾ തുറന്നിട്ടുണ്ടെന്നും അവിടെ എന്തൊക്കെ ഭക്ഷണങ്ങൾ ലഭ്യമാണെന്നും തത്സമയം അറിയാൻ സഹായിക്കുന്ന ‘ഗ്യാസ് ഉണ്ടോ’ (GasUndo) എന്ന ആപ്പ് വികസിപ്പിച്ച് ശ്രദ്ധ നേടുന്നത്.

30 പേരടങ്ങുന്ന സംഘത്തോടൊപ്പം ടീം ഡിന്നറിന് പോയി ഗ്യാസ് ഇല്ലാത്തതിനാൽ ഇഷ്ടപ്പെട്ട ഭക്ഷണം ലഭിക്കാതെ വന്നതാണ് ‘ഗ്യാസ് ഉണ്ടോ’യുടെ ഉദ്ഭവത്തിലേക്ക് നയിച്ചത്. കൊച്ചി നഗരത്തിലെ ഏതൊക്കെ ഹോട്ടലുകൾ തുറന്നിട്ടുണ്ടെന്നും എവിടെയൊക്കെ പരിമിതമായ മെനു ലഭ്യമാകുമെന്നും അറിയാനാകുന്ന ലൈവ് ആപ്പാണിത്. ഗ്യാസ് ഇല്ലാത്തതിനാൽ ഇൻഡക്ഷൻ കുക്കറിലേക്കും വിറകടുപ്പിലേക്കും മാറിയ ഹോട്ടലുകളുടെ വിവരങ്ങളും ഇതിൽ ചേർക്കാം.
ജനങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തത്തോടെയാണ് മാപ്പ് പ്രവർത്തിക്കുക. ഹോട്ടലിൽ എത്തുന്ന വ്യക്തിക്ക് അവിടെ ഭക്ഷണം ലഭ്യമാണോ എന്ന് മാപ്പിൽ രേഖപ്പെടുത്താം. ഭക്ഷണം തേടി നഗരത്തിലുടനീളം വാഹനമോടിച്ച് ഇന്ധനവും സമയവും പാഴാക്കുന്നത് ഒഴിവാക്കലാണ് മാപ്പിന്റെ ലക്ഷ്യം. കൊച്ചിയിലുള്ള 2488 റസ്റ്റോറൻ്റുകളാണ് മാപ്പിൽ നൽകിയിരിക്കുന്നത്. ‘GasUndo’ https://www.gasundo. live/ സൈറ്റ് സൗജന്യമായാണ് പ്രവർത്തിക്കുന്നത്. നിലവിൽ കൊച്ചി കേന്ദ്രീകരിച്ചാണ് പ്രവർത്തനമെങ്കിലും വരും ദിവസങ്ങളിൽ മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട്.
Two Kochi engineers launch ‘GasUndo,’ a live map app to help users find open restaurants and available menus during the city’s severe commercial LPG cylinder shortage.
