അടുത്ത അഞ്ച് വർഷത്തേക്ക് രാജ്യത്തെ ഗ്രീൻഫീൽഡ് ഇൻഫ്രാസ്ട്രക്ചർ മേഖലയിൽ വൻ നിക്ഷേപത്തിന് പദ്ധതിയിട്ട് അദാനി ഗ്രൂപ്പ് (Adani Group). പ്രതിവർഷം 2 ലക്ഷം കോടി രൂപ വീതം ആകെ 10 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്ന് ഇന്ത്യ ടുഡേ കോൺക്ലേവിൽ സംസാരിക്കവേ അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ (APSEZ) മാനേജിംഗ് ഡയറക്ടർ കരൺ അദാനി (Karan Adani) പറഞ്ഞു. ആഗോള വിതരണ ശൃംഖല നേരിടുന്ന വെല്ലുവിളികൾക്കിടയിൽ ഇന്ത്യയെ സ്വയംപര്യാപ്തമാക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. പുനരുപയോഗ ഊർജ്ജം, വൈദ്യുതി പ്രസരണം, വിമാനത്താവളങ്ങൾ, ലോജിസ്റ്റിക്സ്, ഡാറ്റാ സെന്ററുകൾ എന്നീ മേഖലകളിൽ പുതിയ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനാണ് കമ്പനി മുൻഗണന നൽകുന്നത്.

ലോജിസ്റ്റിക്സ് ചിലവ് കുറയ്ക്കുന്നതിലൂടെ വിതരണ ശൃംഖലയുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. 2030ഓടെ വിമാനത്താവളങ്ങളിലെ യാത്രാശേഷി 20 കോടിയായും, തുറമുഖ ശേഷി 1,200 എംഎംടിയായും ഉയർത്താൻ പദ്ധതിയുണ്ട്. കൂടാതെ പുനരുപയോഗ ഊർജ്ജ ശേഷി 18 ജിഗാവാട്ടിൽ നിന്ന് 50 ജിഗാവാട്ടായി വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വലിയ വളർച്ച ലക്ഷ്യമിടുന്ന സാഹചര്യത്തിൽ കമ്പനിയുടെ പ്രവർത്തനശൈലിയിൽ മാറ്റം വരുത്തുമെന്നും, പങ്കാളിത്ത മാതൃകകൾ (Partnership models) കൂടുതൽ ഫലപ്രദമായി ഉപയോഗിക്കുമെന്നും കരൺ അദാനി വ്യക്തമാക്കി. രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയും വ്യാപാര വളർച്ചയും ഉറപ്പാക്കുന്ന ദേശീയ ആസ്തികളായിരിക്കും അദാനി ഗ്രൂപ്പ് കെട്ടിപ്പടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Adani Group announces a massive ₹2 lakh crore annual investment in India’s greenfield infrastructure. APSEZ MD Karan Adani outlines plans for renewable energy, airports, and logistics to boost India’s self-reliance and energy security by 2030.
